Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ സമൂഹമാധ്യമ പോസ്റ്റിലും സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിലും കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും കോടതി നോട്ടീസ്. കോടതി വളപ്പിൽ രാഷ്ട്രീയ പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അഭിഭാഷകർ സമർപ്പിച്ച പൊതുതാൽപ്പര്യ കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള എതിർകക്ഷികളോട് വിഷയത്തിൽ മറുപടി നൽകാൻ കോടതി നിർദേശിച്ചു. അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാംഷ് ബിഷ്ത്, ആശിഷ് ഗോപാൽ ഗാർഗ്, ശ്വേത ഗാർഗ് എന്നിവർ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ഉത്കർഷ് ജയ്സ്വാൾ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് കെപിസിസിക്കെതിരെയും കർശന കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.
ഡൽഹിയിലെ പൊലീസ് നിയന്ത്രണങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ക്രമസമാധാനം തന്റെ ചുമതലയിൽപ്പെടുന്ന വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചതിനു പിന്നാലെയാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ക്രമസമാധാനം ചുമതലയല്ലെങ്കിൽ രാജിവെക്കണമെന്നും പകരം മറ്റൊരാളെ കണ്ടെത്താമെന്നുമുള്ള പരാമർശമാണ് വിമർശനങ്ങൾക്ക് പിന്നാലെ നീക്കം ചെയ്തത്. പോസ്റ്റ് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
ജഡ്ജിയെ സ്ഥാനത്തുനിന്ന് നീക്കുന്നതിന് ഭരണഘടനയിൽ നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ മാത്രമേ പിന്തുടരാനാകൂവെന്നും ചീഫ് ജസ്റ്റിസിനെ സമ്മർദത്തിലാക്കാനുള്ള നീക്കം ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസിന് പകരക്കാരനെ രാഷ്ട്രീയ പാർട്ടി കണ്ടെത്തുമെന്ന തരത്തിലുള്ള പരാമർശങ്ങളും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു.
ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ടുള്ള പരാമർശങ്ങളെ അപലപിച്ച് സുപ്രീംകോടതി ബാർ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ്സ് അസോസിയേഷനും പാസാക്കിയ പ്രമേയങ്ങളും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.

