Source :- SIRAJLIVE NEWS
ദുബൈ|പുതിയ ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്കായി യു എ ഇയിൽ ഒരു ദശലക്ഷം യു എസ് ഡോളറിന്റെ “100 ഡ്രീംസ്’ പദ്ധതി പ്രഖ്യാപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 മികച്ച സംരംഭകരെ തെരഞ്ഞെടുത്ത് ഓരോരുത്തർക്കും 10,000 ഡോളർ വീതം സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. ഡിജിറ്റൽ മീഡിയ, കണ്ടന്റ്ക്രിയേഷൻ, വീഡിയോ-സിനിമ നിർമാണം, വിനോദം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്കാണ് ഈ അവസരം ലഭിക്കുക.
സാമ്പത്തിക സഹായത്തിന് പുറമെ യു എ ഇയിൽ കമ്പനി രജിസ്റ്റർ ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും ആറാഴ്ചത്തെ സൗജന്യ പരിശീലനവും മെന്റർഷിപ്പും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭ്യമാക്കും. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ഗോൾഡൻ വിസ നേടുന്നതിനുള്ള നടപടികളിലും സഹായം നൽകും.
18 വയസ്സ് തികഞ്ഞ, ലോകത്തിന്റെ ഏത് ഭാഗത്തുമുള്ളവർക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. നവംബർ 20 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുക. അടുത്ത ജനുവരി എട്ട് മുതൽ പത്ത് വരെ ദുബൈയിൽ നടക്കുന്ന “വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടി’യുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Content Highlights: UAE announced the 100 Dreams project offering 1 million USD to support top global entrepreneurs in digital media and technology. Selected startups will receive 10,000 USD funding along with mentorship, company registration guidance, and Golden Visa assistance during Dubai’s summit.




