Home rss national malayalam പുതിയ വാർത്ത സമസ്ത സെന്റിനറി സമാപനം; നാടും നഗരവും സമ്മേളന ജ്വരത്തിലേക്ക്

സമസ്ത സെന്റിനറി സമാപനം; നാടും നഗരവും സമ്മേളന ജ്വരത്തിലേക്ക്

5
0

Source :- SIRAJLIVE NEWS

തിരൂരങ്ങാടി | നാടും നഗരവും സമസ്ത സെന്റിനറി സമ്മേളന ജ്വരത്തിലേക്ക് നീങ്ങുന്നു. മത, ധാർമിക, വൈജ്ഞാനിക, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെല്ലാം മലയാളികൾക്ക് പ്രബുദ്ധത സമ്മാനിച്ച് നൂറ് വർഷം പൂർത്തീകരിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ സെന്റിനറി സമാപന മഹാസമ്മേളനം 2027 ജനുവരി 28 മുതൽ 31 വരെ മലപ്പുറം ജില്ലയിലെ കൊളപ്പുറം കൂരിയാട് വാദി ഹറമൈനിയിലാണ് നടക്കുന്നത്.

“100 പ്രകാശ വർഷങ്ങൾ’ എന്ന പ്രമേയത്തിൽ 2024 ഡിസംബർ 30ന് കാസർകോട് നടന്ന പണ്ഡിത-ബഹുജന സമ്മേളനത്തിലാണ് മൂന്ന് വർഷം നീണ്ട സെന്റിനറി കർമപദ്ധതികൾ പ്രഖ്യാപിച്ചത്. തുടർന്ന് 2024ൽ “ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയമുയർത്തി കീഴ്ഘടകമായ എസ് വൈ എസിന്റെ പ്ലാറ്റിനം ഇയർ നമസ്തസെന്റിനറിയുടെ ഭാഗമായി സംഘടിപ്പിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് നടത്തിയ മാനവസഞ്ചാരം, 2024 ഡിസംബർ അവസാന വാരം തൃശൂരിൽ നടന്ന കേരള യുവജന സമ്മേളനം ഉൾപ്പെടെവൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. 2025ൽ “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കർമസാമയികം കർമപദ്ധതികൾ നടന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിച്ച കേരളയാത്ര ഉൾപ്പെടെ ഒട്ടേറെ കർമപരിപാടികൾ ഇതിന്റെ ഭാഗമായും നടന്നു. അനുബന്ധമായി പ്രഖ്യാപിച്ച, പ്രസ്ഥാനത്തിന്റെ പ്രവാസ മുഖമായ ഐ സി എഫിന്റെ സഹകരണത്തോടെ ഓട്ടിസം ബാധിച്ച തിരഞ്ഞെടുക്കപ്പെട്ട 1,000 കുഞ്ഞുങ്ങൾക്ക് വർഷത്തിൽ 30,000 രൂപ വീതം ചികിത്സാ സഹായം നൽകുന്ന പദ്ധതി തുടർന്നുവരുന്നു. ഈ വർഷം സമസ്തയുടെ കീഴ്ഘടകങ്ങളും പോഷക സംഘടനകളും എല്ലാം ചേർന്ന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ നടത്തിവരുന്നു. 135 പ്രമേയ സമ്മേളനങ്ങൾ, ജനപങ്കാളിത്തത്തോടെ പൂർത്തീകരിച്ച സെന്റിനറി നിധി, 560 ആദർശ സമ്മേളനങ്ങൾ, 1,000 തസ്‌കിയ സമ്മേളനങ്ങൾ, വിദ്യാർഥികളുടെ ആശയ സഞ്ചാരം,100 മുഅല്ലിം സമ്മേളനങ്ങൾ, ദാഇറതുൽ മസ്അല/കർമശാസ്ത്ര സംവാദം, മിഹ്റാബ് കോൺഫറൻസ്, മദ്റസാ മാനേജ്മെന്റ് സമ്മേളനം, കാന്തപുരം ഉസ്താദ് രചിച്ച ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരുന്ന, അഞ്ച് ലക്ഷത്തിലേറെ പഠിതാക്കളുള്ള നാട്ടുദർസ് തുടങ്ങിയവ പ്രധാനമാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ 5,000 മഹല്ല് സമ്മേളനങ്ങൾ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പ്രാദേശിക തലങ്ങളിൽ നടന്നുവരുന്നു. ഒപ്പം എല്ലാവരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണ പരിപാടികളും നാടൊട്ടുക്കും അരങ്ങേറും.

സെന്റിനറി സമാപന മഹാസമ്മേളനത്തിനുള്ള പ്രാദേശിക ഒരുക്കങ്ങൾ നടന്നുവരുന്നു. എല്ലാവരെയും നേരിൽക്കണ്ട് ആശയവിനിമയം നടത്തുകയാണ് പ്രഥമ ഘട്ടം. കോഴിക്കോട് സമസ്ത സെന്റർ കേന്ദ്രീകരിച്ച് മാസങ്ങളായി സമ്മേളന ആസൂത്രണങ്ങൾ നടക്കുന്നു. കഴിഞ്ഞ മാസം 12ന് ചെമ്മാട് നടന്ന സമ്മേളനത്തിൽ വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചാണ് പ്രവർത്തനം. വിദ്യാർഥി സമ്മേളനം, യുവജന സമ്മേളനം, ബഹുജന സമ്മേളനം, ദേശീയ സമ്മേളനം, പ്രവാസി സമ്മേളനം, പ്രൊഫഷനൽ സമ്മേളനം, കർഷക സമ്മേളനം തുടങ്ങി, ഓൺലൈൻ വഴി രജിസ്‌ട്രേഷൻ പൂർത്തീകരിച്ച 25,000 പണ്ഡിതർ പങ്കെടുക്കുന്ന ഉലമാ കോൺഫറൻസ് ഉൾപ്പെടെ പത്തിലേറെ വ്യത്യസ്ത സമ്മേളനങ്ങൾ വിവിധ വേദികളിലായി നടക്കും. അനുബന്ധമായി പുതുമയാർന്ന പദ്ധതികളും പരിപാടികളുമുണ്ടാകും.

1926 ജൂൺ 26ന് കോഴിക്കോട് ടൗൺ ഹാളിൽ രൂപവത്കൃതമായ സമസ്ത: പണ്ഡിതസഭക്ക് കഴിഞ്ഞ ജൂൺ 25ന് ഒരു നൂറ്റാണ്ട് പൂർത്തിയായി. ചടുലമായ കാൽവെപ്പോടുകൂടിയാണ് രണ്ടാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചത്. പിന്നിട്ട നൂറ് വർഷത്തെ സേവനങ്ങളെ അനാവരണം ചെയ്തും അടുത്ത നൂറ്റാണ്ടിലേക്ക് വഴിതുറന്നും ടൗൺ ഹാളിൽ പ്രൗഢമായ പണ്ഡിതസമ്മേളനം നടത്തിയാണ് 101ാം സ്ഥാപക ദിനം ആചരിച്ചത്. സേവനരംഗത്ത് അടുത്ത നൂറ്റാണ്ടിലേക്കുള്ള പ്രയാണം സാർഥകമാക്കുകയാണ് സെന്റിനറിയുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി സ്വാഗതസംഘം മീഡിയാ വിഭാഗം കൊളപ്പുറത്ത് പ്രസ്സ് ടേബിൾ സംഘടിപ്പിച്ചു. തിരൂരങ്ങാടിയിലേയും വേങ്ങരയിലേയും മാധ്യമ പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ നേതൃത്വം നൽകി. ജമാൽ കരുളായി, ഇ മുഹമ്മദലി സഖാഫി സംബന്ധിച്ചു.

Content Highlights: Samastha Kerala Jem-iyyathul Ulama is gearing up for its grand centenary finale conference scheduled from January 28 to 31, 2027, at Kolappuram Kooriyad, Malappuram. Marking 100 years of service, the event features diverse programs including a massive Ulama conference and social welfare initiatives. Preparations and localized Mahal conferences are currently underway across the state.