Source :- SIRAJLIVE NEWS
കൊച്ചി | 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ചിരുന്ന അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന് വീണ്ടും ജാമ്യം. കൊച്ചി ചേരാനല്ലൂരില്‍ ഉണ്ടായഅപകടകത്തില് ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ 17കാരന് സ്റ്റേഷനില്‍ നിന്നു ജാമ്യം നല്കി വിട്ടയച്ചതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ നിന്ന് പ്രതിക്ക് ജാമ്യം ലഭിച്ചത്.
അപകടം സൃഷ്ടിച്ച ബെന്‍സ് കാറിന്റെ ആര് സി ഓണര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി റെനോ ഫെര്‍ണാണ്ടസിനെതിരെ കേസെടുക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. കാരണക്കാരനായ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ച നടപടിയില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ മക്കള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ ജയബാലകൃഷ്ണന്റെ മകള്‍ കുഴഞ്ഞുവീണിരുന്നു.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് ചേരാനല്ലൂര്‍ മാനാപ്പുറം അമ്പലത്തിന് സമീപം അപകടമുണ്ടായത്. മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണനാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാര്‍ ജയബാലകൃഷ്ണന്റെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറോടിച്ച കുട്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജിയുടെ മകനായതിനാല്‍ കേസിന്റെ തുടക്കം മുതല്‍ നിയമപരമായ പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും ലഭിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നു.
അപകടത്തിന് പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ദുര്‍ബലമായ വകുപ്പുകള്‍ മാത്രമാണ് പോലീസ് ചുമത്തിയത്. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താന്‍ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് കുട്ടി പോലീസിന് നല്കിയ മൊഴി. ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ലെന്നും സ്കൂട്ടര്‍ ശ്രദ്ധയില്പെട്ടില്ലെന്നുമായിരുന്നു മൊഴി. കുട്ടിയുടെ രക്തം പരിശോധിച്ചതില്‍ മദ്യം ഉപയോഗിച്ചിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: A 17-year-old minor son of an Additional District Judge got bail from the Juvenile Justice Board after a fatal car crash in Kochi. The Benz car hit 56-year-old eatery owner Jayabalakrishnan, who died on the spot. Police are now moving to file a case against the judge, who is the vehicle RC owner.




