Home rss national malayalam പുതിയ വാർത്ത അന്താരാഷ്ട്ര അറബ് റീഡിംഗ് ചലഞ്ചില്‍ ഇന്ത്യക്ക് അഭിമാനനേട്ടം; മഅദിന്‍ വിദ്യാര്‍ഥിക്ക് മൂന്നാം സ്ഥാനം

അന്താരാഷ്ട്ര അറബ് റീഡിംഗ് ചലഞ്ചില്‍ ഇന്ത്യക്ക് അഭിമാനനേട്ടം; മഅദിന്‍ വിദ്യാര്‍ഥിക്ക് മൂന്നാം സ്ഥാനം

4
0

Source :- SIRAJLIVE NEWS

ദുബായ്| ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരങ്ങളിലൊന്നായ അറബ് റീഡിംഗ് ചലഞ്ചിന്റെ പത്താം സീസണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മഅദിന്‍ അക്കാദമി വിദ്യാര്‍ഥി മുഹമ്മദ് ഷഹന്‍ഷാ ലോകതലത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  റീഡിംഗ് ചലഞ്ചിലാണ് സ്വപ്നതുല്യമായ ഈ നേട്ടം കൈവരിച്ചത്.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്.  എട്ടു ലക്ഷം രൂപയുടെ സമ്മാനത്തുകയും പുരസ്‌കാരവും ഷഹന്‍ഷായ്ക്ക് ലഭിക്കും. 60 രാജ്യങ്ങളില്‍ നിന്നായി 1,38,426 വിദ്യാലയങ്ങളിലെ നാലു കോടിയിലധികം (40, 286, 428) വിദ്യാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഷഹന്‍ഷാ.

ഫോട്ടോ: ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര അറബ് റീഡ് ചലഞ്ചില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മഅദിന്‍ അക്കാദമി വിദ്യാര്‍ഥി ഷഹന്‍ഷാ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിനോടൊപ്പം

25 കോടി രൂപയുടെ പുരസ്‌കാരങ്ങള്‍ നല്‍കപ്പെടുന്ന മത്സരത്തിലേക്ക് ദേശീയതലത്തിലെ പ്രാഥമിക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് മഅദിന്‍ അക്കാദമിയിയിലെ മൂന്ന്‌ വിദ്യാര്‍ഥികള്‍ യോഗ്യത നേടിയത്. നൂറുകണക്കിന് അറബി ഗ്രന്ഥങ്ങള്‍ വായിച്ച് അവയുടെ ആശയങ്ങളും ഉള്ളടക്കവും ആഴത്തില്‍ വിശകലനം ചെയ്ത് അന്താരാഷ്ട്ര ജൂറിയുടെ മുന്നില്‍ അവതരിപ്പിച്ച മികവാണ് മഅദിന്‍ വിദ്യാര്‍ഥി ഷഹന്‍ഷയെ നേട്ടത്തിലേക്ക് നയിച്ചത്.

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ നടപ്പിലാക്കിവരുന്ന നൂതനവും വ്യവസ്ഥാപിതവുമായ അറബി ഭാഷാ പഠനരീതികള്‍ തന്റെ നേട്ടത്തിന് വലിയ പിന്തുണയായെന്ന് മുഹമ്മദ് ഷഹന്‍ഷാ പറഞ്ഞു. ഭാഷാപഠനത്തോടൊപ്പം വായനാശീലവും വിശകലനശേഷിയും വളര്‍ത്തുന്നതില്‍ മഅദിന്‍ നല്‍കുന്ന പ്രാധാന്യം അന്താരാഷ്ട്ര വേദിയില്‍ ശ്രദ്ധേയമായ നേട്ടമായി മാറി.
അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര വിഭാഗത്തില്‍ ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ച സുഹൈബ് മജ്ദ് മുഹമ്മദ് ഒന്നാം സ്ഥാനവും മലേഷ്യയില്‍നിന്നുള്ള ഹാല ഉസാമ രണ്ടാം സ്ഥാനവും നേടി. ഇവര്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഷഹന്‍ഷായുടെ നേട്ടം കേരളത്തിനും മഅദിന്‍ അക്കാദമിക്കും അഭിമാനമായി.

അറബി ഭാഷയിലും വായനയിലും മികവ് തെളിയിച്ച ഷഹന്‍ഷായുടെ നേട്ടം രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കഴിവും സാധ്യതകളും അടയാളപ്പെടുത്തുന്നതാണ്. ഭാഷാപഠനത്തിന്റെയും വായനയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്കും ഈ നേട്ടം പുതിയ പ്രചോദനമാകുന്നു.

ആഗോള തലത്തില്‍ അഭിമാന നേട്ടം കൈവരിച്ച ഷഹന്‍ഷായെ മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

രാജ്യാന്തര നേട്ടം കൈവരിച്ച് തിരിച്ചെത്തുന്ന ഷഹന്‍ഷാക്കും സംഘത്തിനും നാളെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കും.

Content Highlights: Ma’din Academy student Muhammad Shahansha won third place globally in the non-Arabic native category at the 10th Arab Reading Challenge in Dubai. Competing against millions of students from 60 countries, he bagged a cash prize and international recognition. A grand reception is arranged at the Karipur airport upon his return.