Source :- SIRAJLIVE NEWS
റിയാദ് | താന്‍സാനിയന്‍ ഇരട്ടകളായ ലെയ്റ്റിയന്സിനെയും ലവ്നെസിനെയും സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. സഊദി ഭരണാധികാരി സല്മാന് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് റിയാദില്‍ ശസ്ത്രക്രിയ നടന്നത്.
രണ്ട് വയസ്സും രണ്ട് മാസവും പ്രായമുള്ള പെണ്‍കുട്ടികളെ വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയയാണ് റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രശസ്ത പീഡിയാട്രിക് സര്‍ജനും കെ എസ് റിലീഫ് (KSrelief) മേധാവിയുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ റബീയയുടെ നേതൃത്വത്തില്‍ അനസ്തേഷ്യ, പീഡിയാട്രിക് സര്‍ജറി, പീഡിയാട്രിക് ന്യൂറോസര്‍ജറി, യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ വിഭാഗങ്ങളിലെ 44 കണ്‍സള്‍ട്ടന്റുമാരും വിദഗ്ധരും അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഏകദേശം 15 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയ ഒമ്പത് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കിയത്.
2026 ജനുവരി 27-ന് സഊദി അറേബ്യയില്‍ എത്തിച്ച കുട്ടികള്‍ ഇടുപ്പ്, നട്ടെല്ല്, കുടലിന്റെ താഴത്തെ ഭാഗം, സുഷുമ്നാ നാഡി എന്നിവ പങ്കിടുന്ന അവസ്ഥയിലായിരുന്നു. ശസ്ത്രക്രിയ സുഗമമാക്കുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങളായി കുഞ്ഞുങ്ങളില്‍ ‘സ്കിന്‍ എക്സ്പാന്ഷന്’ (ചര്‍മം വികസിപ്പിക്കുന്ന പ്രക്രിയ) നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ സമഗ്രമായ പരിശോധനകള്‍ക്കും മെഡിക്കല്‍ ബോര്‍ഡ് മീറ്റിംഗുകള്‍ക്കും ശേഷമാണ് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ നടത്തിയത്.
താന്‍സാനിയയില്‍ നിന്ന് ഇരട്ടകളെ വേര്‍പെടുത്തുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. സഊദി കോണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാമിന്’ കീഴില്‍ നടക്കുന്ന 75-ാമത്തെ ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ കൂടിയാണിത്.
Content Highlights: Saudi Arabia has successfully separated Tanzanian conjoined twins through a complex surgical procedure in Riyadh. The operation was conducted under directives from the Saudi leadership as part of its humanitarian initiatives. Both children are currently recovering under medical supervision.




