Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

തിരുവനന്തപുരം കാര്യവട്ടത്തുനിന്ന് കാണാതായ പതിനേഴുകാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇൻസ്റ്റഗ്രാമിൽ പ്രതിയുടെ പെൺസുഹൃത്തുമായി അഭിരാം ചാറ്റ് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങപ്പാറ സംഗീത നഗർ സ്വദേശി അഭിരാമാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് 17 വയസ്സുള്ള പെൺകുട്ടിയെയും ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ള പെൺകുട്ടിയുമായി അഭിരാം ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ആൺകുട്ടി പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് അവളുടെ ശബ്ദത്തിൽ അഭിരാമുമായി ചാറ്റ് ചെയ്തെന്നാണ് വിവരം. തുടർന്ന് പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിനുശേഷം മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിൽനിന്ന് ഇറങ്ങിയ അഭിരാമിനെ കാണാതാവുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തതോടെ പിതാവ് ശ്രീകാര്യം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ പറമ്പിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

