Source :- SIRAJLIVE NEWS
തിരുവനന്തപുരം | ചാര്‍ട്ടേഡ് വിമാനയാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിന് വിരുദ്ധമായി സംസ്ഥാന പോലീസ് മേധാവി (ഡി ജി പി)യുടെ സത്യവാങ്മൂലം. നിലമ്പൂരിലെ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ യാത്രക്കായി ചിപ്സണ്‍ കമ്പനി ഹെലികോപ്റ്റര്‍ നല്‍കിയത് സര്‍ക്കാര്‍ പറഞ്ഞിട്ടാണെന്ന് ഡി ജി പി റവാഡാ ചന്ദ്രശേഖര്‍ ലോകായുക്തയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
എന്നാല്‍, കോപ്റ്ററിന് ആരാണ് പണം നല്‍കിയതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നില്ല. കമ്പനിയുടെ മുന്‍ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് സൗകര്യം പ്രയോജനപ്പെടുത്തിയതെന്ന് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
കെ എം ഷാജഹാന് സമര്‍പ്പിച്ച പരാതിയിലാണ് പോലീസ് മേധാവി ഈ വിവരങ്ങള്‍ വ്യക്തമാക്കിയത്. പരാതിക്കാരന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചവയാണെന്നും പരാതി തള്ളണമെന്നും ഡി ജി പി ആവശ്യപ്പെടുന്നു.
ചിപ്സണുമായുള്ള കരാര്‍ അവസാനിച്ചതാണ്. കരാര്‍ നീട്ടാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. ദുരന്ത നിവാരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കേണ്ടത് കടമയാണ്. യാത്രയില്‍ മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമോ സര്‍ക്കാറിന് നഷ്ടമോ ഉണ്ടായിട്ടില്ല. അഴിമതി നിരോധന നിയമ പ്രകാരം കുറ്റം നിലനില്‍ക്കില്ലെന്നും ഡി ജി പി വ്യക്തമാക്കി.
വിവാദം ഉയര്‍ന്നപ്പോള്‍, വിമാനം സ്പോണ്സര് ചെയ്തതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. സ്പോണ്സര് ആരാണെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയോട് പല തവണ ചോദിച്ചെങ്കിലും അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെ, കെ എം ഷാജഹാന് നല്കിയ ഹരജിയില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയക്കുകയായിരുന്നു. പ്രാഥമികാന്വേഷണ ഭാഗമായാണ് നോട്ടീസ് നല്‍കിയത്.
ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിശദമായി വാദം കേള്‍ക്കാന്‍ ഹരജി ജനുവരി 12ന് വീണ്ടും പരിഗണിക്കും. കേസില്‍ സര്‍ക്കാറിനെ കക്ഷി ചേര്‍ക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.
Content Highlights: The Kerala Police Chief submitted an affidavit contradicting the Chief Minister’s claims regarding the controversial helicopter usage. This revelation has triggered a massive political storm and placed the government on the defense. Further legal and political developments are expected in the state.




