Home rss national malayalam പുതിയ വാർത്ത വേഗലഹരിയിൽ കൗമാരം

വേഗലഹരിയിൽ കൗമാരം

5
0

Source :- SIRAJLIVE NEWS

അമിതവേഗത്തിലും മദ്യലഹരിയിലും വാഹനമോടിക്കുന്ന ചില കൗമാരക്കാരുടെയും യുവാക്കളുടെയും പ്രവൃത്തികൾ നിരപരാധികളുടെ ജീവൻ അപഹരിക്കുന്നത് നമ്മുടെ സമൂഹത്തെ ആശങ്കപ്പെടുത്തുകയാണ്. അടുത്തിടെ കേരളത്തിലുണ്ടായ ഏതാനും വാഹനാപകടങ്ങൾ നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി. ലൈസൻസില്ലാത്ത കുട്ടികൾ വാഹനമോടിക്കുന്നതും അമിതവേഗത പ്രകടിപ്പിക്കുന്ന സ്പീഡോമീറ്റർ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതും പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

അടുത്തിടെ നടന്ന രണ്ട് പ്രധാന അപകടങ്ങളും പുലർച്ചെയായിരുന്നു. ഒരു സംഭവത്തിൽ മദ്യലഹരിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സംഭവങ്ങളിൽ ഉൾപ്പെട്ടവർ സാമൂഹികമായും സാമ്പത്തികമായും സ്വാധീനമുള്ള കുടുംബങ്ങളിൽനിന്നുള്ളവരാണെന്നതും നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളും പൊതുസമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നു.

ഈ സംഭവങ്ങളെ കേവലം വാഹനാപകടങ്ങളായി മാത്രം കാണാനാകില്ല. കൗമാരക്കാരുടെ മനഃശാസ്ത്രം, മാതാപിതാക്കളുടെ സമീപനം, സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം, നിയമപാലന സംവിധാനങ്ങളുടെ കാര്യക്ഷമത എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചോദ്യങ്ങളാണ് ഇവ ഉയർത്തുന്നത്.

അപകടകരമായ പെരുമാറ്റത്തിന് പിന്നിലെ മനഃശാസ്ത്രം

കൗമാരവും യൗവനത്തിന്റെ ആദ്യഘട്ടവും ശാരീരികവും മാനസികവുമായ വളർച്ചയുടെ നിർണായക കാലഘട്ടമാണ്. സാഹസികതയോടുള്ള താത്പര്യം, പുതിയ അനുഭവങ്ങൾ തേടാനുള്ള ആഗ്രഹം, സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ശ്രമം, കൂട്ടുകാരുടെ അംഗീകാരം നേടാനുള്ള ത്വര എന്നിവ ഈ പ്രായത്തിൽ കൂടുതലായിരിക്കും.
തീരുമാനമെടുക്കൽ, ആവേശനിയന്ത്രണം, പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ വിലയിരുത്തൽ എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്ന തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടക്സുമായി ബന്ധപ്പെട്ട നാഡീവ്യൂഹങ്ങൾ കൗമാരത്തിലും യൗവനത്തിന്റെ ആദ്യവർഷങ്ങളിലും പക്വത പ്രാപിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ആവേശകരമായ അനുഭവങ്ങളോടും പ്രതിഫലങ്ങളോടും ബന്ധപ്പെട്ട മസ്തിഷ്കസംവിധാനങ്ങൾ കൂടുതൽ പ്രതികരണക്ഷമമായിരിക്കാം.

ഇത്തരം സാഹചര്യങ്ങളിൽ തത്ക്ഷണ സന്തോഷത്തിനും അംഗീകാരത്തിനുമുള്ള ആഗ്രഹം അപകടങ്ങളെക്കുറിച്ചുള്ള യുക്തിപൂർവമായ ചിന്തയെ മറികടന്നേക്കാം. ഇതിനെ റിസ്ക് ടേക്കിംഗ് ബിഹേവിയർ അഥവാ അപകടസാധ്യത ഏറ്റെടുക്കുന്ന പെരുമാറ്റം എന്ന് വിശേഷിപ്പിക്കാം.

അമിതവേഗത്തിൽ വാഹനമോടിക്കുമ്പോൾ ചില യുവാക്കൾക്ക് അനുഭവപ്പെടുന്നത് ആവേശവും വിജയബോധവുമായിരിക്കാം. എന്നാൽ അതേ വേഗത്തിൽ അപ്രതീക്ഷിതമായി ഒരു വാഹനം മുന്നിലെത്തിയാൽ സംഭവിക്കാവുന്ന ദുരന്തത്തെക്കുറിച്ച് അവർ വേണ്ടത്ര ചിന്തിക്കണമെന്നില്ല. മറ്റുള്ളവർക്ക് അപകടങ്ങൾ സംഭവിച്ചേക്കാമെങ്കിലും തനിക്ക് ഒന്നും സംഭവിക്കില്ലെന്ന അമിതവിശ്വാസവും ചില കൗമാരക്കാരിൽ കാണാം. മനഃശാസ്ത്രത്തിൽ പേഴ്സണൽ ഫേബിൾ എന്നറിയപ്പെടുന്ന ചിന്താരീതിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. യഥാർഥ ഡ്രൈവിംഗ് പരിചയക്കുറവും അമിത ആത്മവിശ്വാസവും ഒന്നിച്ചുചേരുമ്പോൾ അപകടസാധ്യത വർധിക്കുന്നു.
എന്നാൽ എല്ലാ കൗമാരക്കാരും ഇത്തരത്തിൽ പെരുമാറുന്നവരല്ല. തലച്ചോറിന്റെ വളർച്ച മാത്രം ഇതിന് കാരണവുമല്ല. വ്യക്തിത്വം, കുടുംബാന്തരീക്ഷം, കൂട്ടുകാർ, ശീലങ്ങൾ, സാമൂഹികമൂല്യങ്ങൾ എന്നിവയും നിർണായകമാണ്.

സാമൂഹിക മാധ്യമങ്ങളും പ്രദർശന മനോഭാവവും

ഇന്നത്തെ യുവജനങ്ങളുടെ ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വാഹനത്തിന്റെ സ്പീഡോമീറ്ററിൽ ഉയർന്ന വേഗം രേഖപ്പെടുത്തുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിക്കുന്നത് ചിലർക്ക് അഭിമാനപ്രകടനമാണ്. കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുമ്പോൾ ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാനുള്ള പ്രേരണ വർധിക്കാം.

മനഃശാസ്ത്രത്തിൽ ഇതിനെ സോഷ്യൽ റീഇൻഫോഴ്സ്മെന്റ്എന്ന് വിശേഷിപ്പിക്കുന്നു. കൂട്ടുകാരുടെ മുന്നിൽ ധൈര്യം തെളിയിക്കാനുള്ള ശ്രമവും അഥവാ സമപ്രായക്കാരുടെ സമ്മർദവും അപകടകരമായ തീരുമാനങ്ങൾക്ക് കാരണമാകാം. സുരക്ഷിതമായി വാഹനമോടിക്കുന്നതിനെക്കാൾ അപകടകരമായി ഓടിക്കുന്നതാണ് ശ്രദ്ധ നേടാനുള്ള മാർഗമെന്ന തെറ്റായ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്.

പുലർച്ചെയുള്ള അപകടങ്ങൾ നൽകുന്ന മുന്നറിയിപ്പ്

അടുത്തിടെ നടന്ന അപകടങ്ങളിൽ ചിലത് പുലർച്ചെയാണെന്നത് ശ്രദ്ധേയമാണ്. രാത്രിയിലെ ഉറക്കക്കുറവ് ശ്രദ്ധ, പ്രതികരണവേഗം, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കുന്നു. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ അമിതവേഗത്തിൽ ഓടിച്ചാലും അപകടമുണ്ടാകില്ലെന്ന തെറ്റായ വിശ്വാസവും ഉണ്ടാകാം.
മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അപകടസാധ്യത കൂടുതൽ വർധിക്കുന്നു. ലഹരിയിൽ വിധിനിർണയശേഷി, ശ്രദ്ധ, പ്രതികരണവേഗം എന്നിവ കുറയുകയും അമിത ആത്മവിശ്വാസം വർധിക്കുകയും ചെയ്യാം.

മാതാപിതാക്കൾ എവിടെയാണ് പരാജയപ്പെടുന്നത്?

കുട്ടികൾ വാഹനമോടിക്കുന്നത് ചിലപ്പോൾ മാതാപിതാക്കളുടെ അറിവോടെയും മറ്റുചിലപ്പോൾ അവരുടെ അറിവില്ലാതെയുമാണ്. കുട്ടികൾ ആവശ്യപ്പെടുന്നതെല്ലാം അനുവദിക്കുകയും അവരുടെ പെരുമാറ്റത്തിന് വ്യക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്ന രക്ഷാകർതൃത്വരീതി പ്രശ്നങ്ങൾക്ക് കാരണമാകാം.

കുട്ടികളുടെ എല്ലാ തെറ്റുകളും മാതാപിതാക്കൾ ഇടപെട്ട് പരിഹരിക്കുന്ന സാഹചര്യം തുടർന്നാൽ സ്വന്തം പ്രവൃത്തികളുടെ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാനുള്ള മനോഭാവം വളരണമെന്നില്ല. സാമ്പത്തികശേഷിയോ സാമൂഹികസ്വാധീനമോ ഉപയോഗിച്ച് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാമെന്ന വിശ്വാസം കുട്ടികളിൽ രൂപപ്പെടുന്നത് അപകടകരമാണ്. എന്നാൽ, സമ്പന്ന കുടുംബങ്ങളിലെ കുട്ടികൾക്കുമാത്രം ഇത്തരം പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നതും ശരിയല്ല.

കുട്ടികളെ സ്നേഹിക്കുക എന്നത് അവർ ആവശ്യപ്പെടുന്നതെല്ലാം അനുവദിക്കുക എന്നതല്ല. ആവശ്യമുള്ളപ്പോൾ “ഇല്ല’ എന്ന് പറയാനുള്ള കഴിവും നല്ല രക്ഷാകർതൃത്വത്തിന്റെ ഭാഗമാണ്. ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകരുത്. വാഹനങ്ങളുടെ താക്കോലുകൾ സുരക്ഷിതമായി സൂക്ഷിക്കണം. കുട്ടികളുടെ രാത്രികാല യാത്രകൾ, സുഹൃത്തുക്കളുടെ കൂട്ടായ്മകൾ, ലഹരി ഉപയോഗസാധ്യത, സാമൂഹികമാധ്യമങ്ങളിലെ അപകടകരമായ പ്രകടനങ്ങൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് ധാരണ ഉണ്ടായിരിക്കണം. അതേസമയം, അനാവശ്യമായ സംശയവും അമിതനിയന്ത്രണവും ഒഴിവാക്കണം. സ്നേഹവും വിശ്വാസവും വ്യക്തമായ പെരുമാറ്റപരിധികളും ചേർന്ന സമീപനമാണ് വേണ്ടത്.

എന്തെല്ലാമാണ് പ്രതിരോധ മാർഗങ്ങൾ?

കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നിയമപാലനസംവിധാനങ്ങൾ, സമൂഹം എന്നിവയുടെ കൂട്ടായ ഇടപെടലാണ് ആവശ്യം. ലൈസൻസില്ലാത്ത കുട്ടികൾ വാഹനം ഉപയോഗിക്കുന്നത് കർശനമായി തടയണം. സ്കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ വിദ്യാഭ്യാസവും അപകടകരമായ പെരുമാറ്റത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള ബോധവത്കരണവും ശക്തിപ്പെടുത്തണം.

സാമൂഹികമാധ്യമങ്ങളിലെ അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ദൃശ്യങ്ങളെ സാഹസികതയായി മഹത്ത്വവത്കരിക്കരുത്. ആവർത്തിച്ച് അപകടകരമായി പെരുമാറുന്ന കുട്ടികൾക്ക് ആവശ്യമായ മനഃശാസ്ത്രപരമായ വിലയിരുത്തലും കൗൺസലിംഗും നൽകണം. ആവേശനിയന്ത്രണം, ഉത്തരവാദിത്വബോധം, സഹാനുഭൂതി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ വളർത്തുന്ന പരിശീലനങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.

മദ്യലഹരിയിലുള്ള ഡ്രൈവിംഗിനെതിരായ പരിശോധനകളും നിയമനടപടികളും ശക്തിപ്പെടുത്തണം. പ്രായപരിധിക്ക് താഴെയുള്ളവർക്ക് മദ്യം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകണം. ശിക്ഷയുടെ കാഠിന്യത്തെക്കാൾ നിയമലംഘനം കണ്ടെത്തപ്പെടുകയും നിയമം വിവേചനമില്ലാതെ നടപ്പാക്കപ്പെടുകയും ചെയ്യുമെന്ന ഉറപ്പാണ് ഫലപ്രദമായ പ്രതിരോധത്തിന് പ്രധാനം.

ഒരു വാഹനാപകടത്തിൽ ഒരാൾ മരിക്കുമ്പോൾ നഷ്ടപ്പെടുന്നത് ഒരു ജീവൻ മാത്രമല്ല. ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും സാമ്പത്തികസുരക്ഷയും ഒരുമിച്ചാണ് തകരുന്നത്. ഏതാനും നിമിഷങ്ങളുടെ ആവേശത്തിനുവേണ്ടി മറ്റൊരാളുടെ ജീവിതകാലം മുഴുവൻ കവർന്നെടുക്കാൻ ആർക്കും അവകാശമില്ല. കുട്ടികൾക്ക് വിലകൂടിയ വാഹനങ്ങൾ വാങ്ങിക്കൊടുക്കുന്നതിനെക്കാൾ പ്രധാനമാണ് അവരിൽ സാമൂഹിക ഉത്തരവാദിത്വവും സഹാനുഭൂതിയും നിയമത്തോടുള്ള ബഹുമാനവും വളർത്തുന്നത്.

നമ്മുടെ കുട്ടികൾ വിജയികളും സമ്പന്നരും പ്രശസ്തരുമാകണമെന്ന് ആഗ്രഹിക്കുന്നതുപോലെ നല്ല മനുഷ്യരുമാകണമെന്ന് ആഗ്രഹിക്കാനും മാതാപിതാക്കൾ തയ്യാറാകണം. വാഹനത്തിന്റെ വേഗംനിയന്ത്രിക്കുന്നത് ബ്രേക്കുകളാണ്. എന്നാൽ ആ ബ്രേക്ക് എപ്പോൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് മനസ്സാണ്. ആ മനസ്സിൽ ഉത്തരവാദിത്വബോധവും സഹാനുഭൂതിയും വളർത്താൻ കഴിയുന്നതിലാണ് യഥാർഥ പ്രതിരോധം. നമ്മുടെ റോഡുകൾ ആരുടെയും സാഹസികത പരീക്ഷിക്കാനുള്ള വേദികളല്ല; എല്ലാവർക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള പൊതുഇടങ്ങളാണ്.

Content Highlights: Reckless driving and speeding among teenagers and youth in Kerala have led to tragic accidents, highlighting psychological factors and social media influence. The trend of uploading high-speed videos for online validation and a lack of proper parental control worsen the crisis. Strict enforcement, psychological counseling, and strong parental vigilance are essential to curb these preventable road deaths.