Home rss national malayalam പുതിയ വാർത്ത തിരികെവരാതെ…

തിരികെവരാതെ…

4
0

Source :- SIRAJLIVE NEWS

ഗേറ്റിനപ്പുറത്ത് നിന്നും കുറെ ആളുകൾ അകത്തേക്ക് വരുന്നുണ്ട്. അതേപോലെ പുറത്തേക്കും. സമയം വൈകുന്നേരം ഏകദേശം നാല് മണിയായിട്ടുണ്ട്. ആളുകളുടെ ശബ്ദം ആ വൃദ്ധസദനത്തിൽ മുഴങ്ങിക്കേൾക്കാം. എന്നാൽ ഇതിലൊന്നും പെടാതെ ഒരാൾ ആ ഗേറ്റിനടുത്തെ മരച്ചുവട്ടിൽ ഇരിക്കുകയാണ്. പേര് മാധവൻ. കണ്ണുകൾ ആ ഗേറ്റിനപ്പുറത്താണ്. സൂക്ഷിച്ച് നോക്കിയാൽ അയാൾ ആരെയോ തിരയുന്നുണ്ടെന്ന് ആ കണ്ണുകളിൽ കാണാം. ആരും അയാളെ ശ്രദ്ധിക്കുന്നില്ല. കുറച്ച് സമയത്തിന് ശേഷം ഒരു ചെറുപ്പക്കാരൻ വന്ന് അയാളെ വിളിച്ചു. ചായ കുടിക്കാനുള്ള സമയം ആയിട്ടുണ്ട്. ഒട്ടും താത്്പര്യമില്ലാത്ത പോലെ അയാൾ ആ ചെറുപ്പക്കാരനൊപ്പം നടന്നു. എല്ലാവരും ചായ കുടിച്ചു. സൂര്യൻ അസ്തമിക്കാറായി. കവാടം അടച്ചു. അയാൾ ഒരു നെടുവീർപ്പോടെ തന്റെ മുറിയിലേക്ക് നടന്നു. വലിയ ഒരു മുറിയാണ്. അതിൽ ഓരോരുത്തർക്കും ഓരോ കുഞ്ഞു കട്ടിൽ. 25 കട്ടിലുണ്ട്. ആരോരുമില്ലാത്ത ഒത്തിരി വൃദ്ധരെ അവിടെ കാണാം. വീണ്ടും പല വർത്തമാനങ്ങളും അവിടെ നിറഞ്ഞു.

അയാൾക്ക് ഇതിലൊന്നും താത്പര്യമില്ലാത്ത പോലെ. പലരും വന്ന് കാരണം തിരക്കി. എന്തു പറ്റിയെടോ? ഒന്നുമില്ലെന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറി. പിന്നെ ആരും അങ്ങനെ ചോദിക്കാൻ നിന്നിട്ടില്ല. എന്തോ അയാളെ വല്ലാതെ തളർത്തുന്നുണ്ട്. ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഒത്തിരി കഴിച്ചു. എല്ലാവരും ഉറങ്ങി. മാധവന് ഉറക്കം വരുന്നില്ല. അയാൾ തന്റെ കട്ടിലിനോരം ചാരിയിരുന്നു. അവിടെയുള്ള കലൻഡറിലേക്ക് അയാൾ നോക്കി.കണ്ണുകൾ നിറഞ്ഞുതുളുമ്പി. ജീവിതത്തിലെ മുറിവുകൾ പറ്റിയ ഓർമകൾ അയാളുടെ മനസ്സിലേക്കെത്തി.

അഞ്ച് വർഷം മുന്പാണ് അയാൾ ഇവിടെ എത്തിയത്. അതേ ദിവസം. ഞായർ. സന്തോഷത്തോടെ പുറപ്പെട്ട ഒരു യാത്ര യായിരുന്നു. അതും തന്റെ പ്രിയപ്പെട്ട മകനോടൊപ്പം. കൂടെ കൊച്ചു മകനും. എന്നാൽ ആ സന്തോഷം അധിക നേരമുണ്ടായില്ല. കാറിന്റെ പിൻസീറ്റിൽ നിന്ന് താൻ കടന്നു ചെല്ലുന്ന കവാടത്തിന്റെ മുകളിൽ വലുതാക്കി വൃദ്ധസദനം എന്നെഴുതിയത് കാഴ്ച പാതി മങ്ങിയ കണ്ണുകൾ കൊണ്ട് അയാൾ വായിച്ചെടുത്തു. നമുക്ക് ഒരു സ്ഥലം വരെ പോകണമെന്നും പറഞ്ഞാണ് മകൻ കൂട്ടിയത്. സന്തോഷത്തോടെ അവനോടൊപ്പം വന്നതായിരുന്നു. എന്തിന് വേണ്ടി, എന്തുകൊണ്ട്? അയാളുടെ ഹൃദയം വല്ലാതെ നൊന്തുകൊണ്ടിരുന്നു. മകന്റെ മുഖത്തേക്ക് നോക്കി. ഒരു ഭാവവുമില്ല. അതുകൊണ്ട് തന്നെ ഒന്നും അങ്ങോട്ട് ചോദിക്കാൻ തോന്നിയിരുന്നില്ല. അയാൾ ഒന്നും മിണ്ടിയില്ല.

അവിടെ ആക്കി തിരികെ പോകാനൊരുങ്ങുന്ന തന്റെ പ്രിയപ്പെട്ട മകനോടയാൾ ചോദിച്ചത് ഇനി ഇപ്പോഴാണ് തിരികെ വരിക എന്നാണ്. മകൻ ഒന്നും മിണ്ടിയില്ല. കൊച്ചുമകൻ ഒന്നും അറിയാതെ മാറി മാറി നോക്കുകയാണ്. അയാൾ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. മകൻ വന്ന് അവനെ വിളിച്ചു. ഞാൻ വരും എന്ന് മാത്രം പറഞ്ഞു കൊണ്ട് മകൻ പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി. അന്നുമുതലുള്ള കാത്തിരിപ്പാണ് തന്റെ പ്രിയപ്പെട്ട മകന്റെ വരവ്. മിക്ക ദിവസവും പലരുടെയും മക്കൾ വന്നു നോക്കാറുണ്ട്. പ്രതീക്ഷയെന്നോണം അയാളും കാത്തിരിക്കും ആ കവാടത്തിനടുത്ത്. ആ കാത്തിരിപ്പിന് ഇന്നേക്ക് അഞ്ച് വർഷം. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.

തന്റെ പ്രിയപ്പെട്ട മോനെ ഒരു നോക്കെങ്കിലും കാണാൻ അയാൾ വല്ലാതെ കൊതിക്കുന്നുണ്ട്. പെട്ടെന്ന് അയാൾ എഴുന്നേറ്റു. ഇല്ല ഇനി ഇവിടെ നിൽക്കുന്നത് ശരിയല്ല. ആരും ഇനി തനിക്ക് വേണ്ടി വരില്ല. പിന്നെ എന്തിനിവിടെ നിൽക്കണം. അന്ന് തൊട്ടേ അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ നോക്കിയതാ. എന്നാൽ എപ്പോഴെങ്കിലും അവൻ വന്നാൽ കാണാൻ കഴിയില്ലല്ലോ എന്നോർത്ത് അതിന് നിന്നില്ല. ഇനി മുതൽ വെറുതെ ഇവിടെ കൂടാൻ കഴിയില്ല എന്നയാൾ ഉറപ്പിച്ചു. പതിയെ എഴുന്നേറ്റ് പുറത്തേക്ക് കടന്നു. എല്ലാവരും ഉറക്കത്തിലാണ്. മതിൽ ചാടി കവാടത്തിനപ്പുറത്ത് നിന്നു. തിരികെ നടക്കുമ്പോൾ ആരും വേണ്ടാത്ത തന്നെ ഇത്രയും കാലം സംരക്ഷിച്ച ആ വൃദ്ധസദനത്തിലേക്ക് നോക്കി നിറകണ്ണുകളോടെ അയാൾ യാത്ര പറഞ്ഞു. തിരികെ വരാത്ത മക്കളുടെ നിറഞ്ഞു തുളുമ്പുന്ന ഓർമകൾ അവിടെ ഇറക്കിവെച്ച് അയാൾ ലക്ഷ്യമില്ലാതെ നടന്നകന്നു.

Content Highlights: Madhavan spends five years waiting by the gate of an old age home, hoping his son will return to take him back. Overwhelmed by grief and realization, he finally decides to leave the shelter behind. This emotional narrative highlights the painful reality of elderly parents abandoned by their children.