Home rss national malayalam പുതിയ വാർത്ത കുത്തരിക്കഞ്ഞി

കുത്തരിക്കഞ്ഞി

4
0

Source :- SIRAJLIVE NEWS

വിശപ്പിന്റെ
രാഷ്ട്രീയം പറയുമ്പോൾ
കുത്തരിക്കഞ്ഞി
ആദ്യം കൈ പൊക്കും.

ഇഷ്ടഭോജ്യങ്ങളുടെ
പട്ടികയിൽ പക്ഷേ,
ഞാൻ പിന്നിലാണ്
ഇയാളെയിരുത്തിയത്.

പറഞ്ഞിട്ടെന്താ
വയറുനിറയാത്ത
പഴംപുരാണങ്ങളിൽ
ആൾ പ്രൗഢിയോടെ
തലയുയർത്തും.

എന്നിട്ടും “ഞ്ഞിയൊരു
കഞ്ഞിയാടേ’ യെന്ന്
പറയുന്നവരിലേക്ക്
നാണക്കേട് ഞാൻ
കനപ്പിച്ചുചീറ്റുന്നത്
മുറിവേറ്റൊരു സിംഹത്തെപ്പോലെ!

ദീനത്തിന്റെയുന്മാദത്തിൽ
പുതപ്പിനുള്ളിലൊരു
സാമ്രാജ്യം സൃഷ്ടിക്കുമ്പോൾ
മറ്റു പ്രിയരുചികൾ
എന്റെ നാക്കിൽ
ഓച്ചാനിച്ചുനിൽക്കും

കുത്തരിക്കഞ്ഞിയുടെ
പിഞ്ഞാണക്കോപ്പയെ
ഞാൻ ചേർത്തുനിർത്തി
ഏറ്റവും മുഹബ്ബത്തോടെ
മൊത്തിവലിക്കുമ്പോൾ
ആൾ ഗാഢമായെന്നിൽ അലിഞ്ഞുചേരും

അത്രമേൽ
മുന്തിയതാമൊരു രുചി,
ആ സുരഭിലനിമിഷത്തിൽ,
ഈ സുന്ദരമലയാളത്തിൽ
ഇല്ലതന്നെയെന്ന് കുത്തരിക്കഞ്ഞിയുമായി
ഞാൻ സന്ധിയാകും!

Content Highlights: A poetic tribute to kutharikanji (red rice porridge), exploring its emotional connection, nostalgia, and unmatched comfort during sickness and everyday life in Kerala culture.