Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇന്ത്യൻ ക്രിക്കറ്റിലെ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ ഭാവി കരിയറിനെക്കുറിച്ച് നിർണായക നിരീക്ഷണങ്ങളുമായി മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ്. 15-കാരനായ സൂര്യവംശിക്ക് മികച്ച പ്രതിഭയുണ്ടെന്നും എന്നാൽ പ്രശസ്തിയും പണവും ശ്രദ്ധ തിരിക്കാതെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
അഭിഷേക് ശർമയും സഞ്ജു സാംസണും ടീമിലുള്ളതിനാൽ ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സൂര്യവംശിക്ക് അവസരം ലഭിച്ചത്. ഈ സാഹചര്യത്തിൽ താരത്തിന് കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടിവരുമെന്നും കപിൽ ദേവ് ചൂണ്ടിക്കാട്ടി.
“ഇപ്പോൾ അവന് 15 വയസ്സാണ്. ക്രിക്കറ്റിനെക്കുറിച്ച് മാത്രമാണ് അവൻ ചിന്തിക്കുന്നത്. എന്നാൽ 18-19 വയസ്സാകുമ്പോൾ പാർട്ടികളും മറ്റ് ആകർഷണങ്ങളും ജീവിതത്തിലേക്ക് കടന്നുവരും. അവൻ സച്ചിൻ ടെൻഡുൽക്കറെപ്പോലെയാകുമോ അതോ വിനോദ് കാംബ്ലിയെപ്പോലെയാകുമോ എന്ന് ഇപ്പോൾ പ്രവചിക്കുക പ്രയാസമാണ്,” കപിൽ ദേവ് പറഞ്ഞു.
സച്ചിനേക്കാൾ കഴിവുള്ള താരമെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന വിനോദ് കാംബ്ലിയുടെ കരിയർ ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം പ്രതീക്ഷിച്ച ഉയരത്തിലെത്തിയില്ലെന്നും അതേസമയം സച്ചിൻ ക്രിക്കറ്റ് ഇതിഹാസമായി വളർന്നെന്നും ഓർമിപ്പിച്ചായിരുന്നു കപിലിന്റെ പരാമർശം.
സൂര്യവംശിയുടെ ആക്രമണാത്മക ബാറ്റിങ് ആരാധകർക്ക് ഏറെ ഇഷ്ടമാണെന്നും ഫോറുകളും സിക്സറുകളും അനായാസം നേടാനുള്ള കഴിവ് താരത്തിനുണ്ടെന്നും കപിൽ കൂട്ടിച്ചേർത്തു. എന്നാൽ പ്രതിഭയ്ക്കൊപ്പം അച്ചടക്കവും സ്ഥിരതയും നിലനിർത്തിയാൽ മാത്രമേ കരിയറിൽ വലിയ ഉയരങ്ങളിലെത്താൻ കഴിയൂവെന്നും അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

