Home rss business malayalam ‘എന്നെ കാണാതെ ധനുഷിന് ഇപ്പോൾ ഉറക്കം വരില്ല’; കൊച്ചിയിൽ ചിരിപടർത്തി മമ്മൂട്ടിയുടെ മറുപടി

‘എന്നെ കാണാതെ ധനുഷിന് ഇപ്പോൾ ഉറക്കം വരില്ല’; കൊച്ചിയിൽ ചിരിപടർത്തി മമ്മൂട്ടിയുടെ മറുപടി

6
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് താരം ധനുഷും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘ഓം’ സിനിമയുടെ കൊച്ചി പ്രമോഷൻ വേദിയിൽ ചിരിയും കൈയടിയും നിറച്ച് മമ്മൂട്ടിയുടെ രസകരമായ പ്രസംഗം. തൊട്ടുമുമ്പ് സംസാരിച്ച ധനുഷ് മമ്മൂട്ടിയുടെ അഭിനയശൈലിയെയും വ്യക്തിത്വത്തെയും പ്രശംസിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ നർമ്മം കലർന്ന മറുപടി.

തന്നെക്കുറിച്ച് താൻ പോലും കേട്ടിട്ടില്ലാത്ത കാര്യങ്ങളാണ് ധനുഷ് വേദിയിൽ പറഞ്ഞതെന്ന് മമ്മൂട്ടി തമാശയായി പറഞ്ഞു. ധനുഷിന് ആദ്യമൊക്കെ തന്നോട് ചെറിയ അകൽച്ചയുണ്ടായിരുന്നെന്നും എന്നാൽ ചേർത്തുപിടിച്ച് ആ ശത്രുതയെ സൗഹൃദമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇപ്പോൾ എന്നെ കാണാതെ അവന് ഉറക്കം വരില്ല, ആ കണ്ടീഷനാക്കിയിട്ടുണ്ട്” എന്ന മമ്മൂട്ടിയുടെ വാക്കുകൾ സദസ്സിൽ ചിരിയും കൈയടിയും നിറച്ചു. തമിഴ് ചിത്രമാണെങ്കിലും മലയാളികൾ നൽകുന്ന സ്നേഹവും ആവേശവും കാണുമ്പോൾ സ്വന്തം നാട്ടിലെ സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിലേക്ക് ക്ഷണിച്ച സമയത്ത് അഭിനയിക്കാൻ അനുയോജ്യമായ അവസ്ഥയിലായിരുന്നില്ല താനെന്ന് മമ്മൂട്ടി വെളിപ്പെടുത്തി. എന്നാൽ സംവിധായകന്റെ ആത്മാർഥത കണ്ടാണ് അഞ്ചെട്ട് മാസം കഴിഞ്ഞ് ഡേറ്റ് നൽകിയത്. രാവും പകലും നീണ്ട ഷൂട്ടിങ്ങും യാത്രകളും ഉണ്ടായിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവരുടെ സ്നേഹം കാരണം വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകന്റെ ക്ഷമയെയും സിനിമയോടുള്ള സമർപ്പണത്തെയും മമ്മൂട്ടി പ്രത്യേകം പ്രശംസിച്ചു. ഷൂട്ടിങ്ങിനിടെ തടസ്സങ്ങളുണ്ടാകുമ്പോഴും സംവിധായകൻ അവയെ കൈകാര്യം ചെയ്യുന്ന രീതി എടുത്തുപറഞ്ഞ അദ്ദേഹം, ക്ഷീണവും വിഷമവും തോന്നുന്ന ഘട്ടങ്ങളിൽ പോലും സംവിധായകന്റെ സ്നേഹം കണ്ട് വീണ്ടും അഭിനയിക്കാൻ തയ്യാറാകുമായിരുന്നുവെന്നും വ്യക്തമാക്കി.

ചിത്രത്തിൽ ശക്തമായ പൊലീസ് ഇൻസ്പെക്ടറുടെ വേഷത്തിലെത്തുന്ന സായ് പല്ലവിയെയും മമ്മൂട്ടി അഭിനന്ദിച്ചു. പേടിപ്പിക്കലും സംഘട്ടനവും ഉൾപ്പെടുന്ന ആക്ഷൻ രംഗങ്ങൾ താരത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘രാമായണം’ സിനിമ വന്നില്ലായിരുന്നെങ്കിൽ സായ് പല്ലവിയുടെ ആദ്യ ആക്ഷൻ ചിത്രമാകുമായിരുന്നു ‘ഓം’ എന്നും വിജയശാന്തിക്ക് ശേഷം അത്തരമൊരു ആക്ഷൻ നായികയായി സായ് പല്ലവിയെ കാണാമെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജയുടെ അഭിനയത്തെയും മമ്മൂട്ടി പ്രശംസിച്ചു. ‘ഹബീബി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു. ‘ഓം’ സിനിമയിൽ താൻ നായകനാണോ വില്ലനാണോ എന്നുപോലും ഇതുവരെ വ്യക്തമായിട്ടില്ലെന്നും ചിത്രം തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർക്ക് അത് മനസിലാകുമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിലായി തിരുപ്പതിക്കും തിരുവണ്ണാമലയ്ക്കുമിടയിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥയാണ് ‘ഓം’ പറയുന്നത്. രക്തചന്ദന മരം മുറിക്കുന്നവരുടെ ജീവിതവും വനമേഖലയുടെ പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രൻസിന്റെ ശ്രദ്ധേയമായ പ്രകടനവും ചിത്രത്തിലുണ്ടെന്ന് മമ്മൂട്ടി സൂചിപ്പിച്ചു. ഷൂട്ടിങ് അനുഭവങ്ങളും ലൊക്കേഷനിലെ സൗഹൃദാന്തരീക്ഷവും പങ്കുവെച്ചാണ് താരം പ്രസംഗം അവസാനിപ്പിച്ചത്.