Home rss national malayalam പുതിയ വാർത്ത നെതന്യാഹുവിന് കനത്ത തിരിച്ചടി; ഐസന്‍കോട്ടിന്റെ അനുയായി മത്താന്‍ കഹാന ഇസ്‌റാഈല്‍ പാര്‍ലിമെന്റ് സ്പീക്കര്‍

നെതന്യാഹുവിന് കനത്ത തിരിച്ചടി; ഐസന്‍കോട്ടിന്റെ അനുയായി മത്താന്‍ കഹാന ഇസ്‌റാഈല്‍ പാര്‍ലിമെന്റ് സ്പീക്കര്‍

4
0

Source :- SIRAJLIVE NEWS

ജറുസലേം | ഇസ്‌റാഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കനത്ത തിരിച്ചടി. പ്രതിപക്ഷ കക്ഷിയായ യഷര്‍ പാര്‍ട്ടിയുടെ നേതാവ് മത്താന്‍ കഹാന ഇസ്‌റാഈല്‍ പാര്‍ലിമെന്റി (നെസെറ്റ്) ന്റെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 120 അംഗങ്ങളുള്ള പാര്‍ലിമെന്റില്‍ 66 വോട്ടുകള്‍ നേടിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്ത് അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന ഗാഡി ഐസന്‍കോട്ടിന്റെ അടുത്ത അനുയായിയാണ് കഹാന. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ഒഫിര്‍ കാറ്റ്സിന് 52 വോട്ട് ലഭിച്ചു.

ഏഴ് മണിക്കൂറോളം നീണ്ടുനിന്ന, വാദപ്രതിവാദങ്ങള്‍ നിറഞ്ഞ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കഹാന സ്പീക്കര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്‌റാഈലില്‍ പാര്‍ലിമെന്റ് സ്പീക്കര്‍ പദവി വളരെ പ്രധാനപ്പെട്ടതാണ്. പാര്‍ലിമെന്ററി നടപടികളുടെ സമയക്രമം നിശ്ചയിക്കുന്നത് സ്പീക്കറാണ്. അതിനാല്‍, നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ വോട്ടെടുപ്പുകളോ വേഗത്തിലാക്കാനോ വൈകിപ്പിക്കാനോ സ്പീക്കര്‍ക്ക് സാധിക്കും.

‘വംശമോ മതമോ ലിംഗഭേദമോ പരിഗണിക്കാതെ, എല്ലാവര്‍ക്കും വേണ്ടിയുള്ള നെസെറ്റ് സ്പീക്കറായി ഞാന്‍ പ്രവര്‍ത്തിക്കും.’- വോട്ടെടുപ്പിന് തൊട്ടുപിന്നാലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കഹാന പറഞ്ഞു. 54കാരനും സ്‌പെഷ്യല്‍ ഫോഴ്സ് മുന്‍ സൈനികനുമായ കഹാന, ബുധനാഴ്ചയോടെ തന്നെ നെതന്യാഹുവിന്റെ ആഭ്യന്തര നയങ്ങളില്‍ പലതും, പ്രത്യേകിച്ച് വിവാദപരമായ ജുഡീഷ്യല്‍ പരിഷ്‌കാരങ്ങള്‍, റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഒക്ടോബര്‍ 27-ന് നടന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് ശേഷമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പില്‍ ഐസന്‍കോട്ടോ നെതന്യാഹുവോ നെസെറ്റില്‍ ഭൂരിപക്ഷം നേടിയിരുന്നില്ല. അതിനുശേഷം ഇരുപക്ഷവും പരസ്പരം രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചുവരുന്നത്. ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യം 48 സീറ്റ് നേടിയപ്പോള്‍, നെതന്യാഹുവിന്റെ പക്ഷം 53 എണ്ണം നേടി. നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സര്‍ക്കാരിനോടുള്ള രോഷം കാരണം, അറബ് ഭൂരിപക്ഷമുള്ള രണ്ട് സഖ്യങ്ങള്‍ മുമ്പൊന്നുമില്ലാത്തവിധം 19 സീറ്റ് സ്വന്തമാക്കി.

ഒരു ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നെതന്യാഹുവിന്റെയും ഐസന്‍കോട്ടിന്റെയും പാര്‍ട്ടികള്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, താനാണ് പ്രധാനമന്ത്രിയാകേണ്ടതെന്ന് ഇരുവരും വാദിച്ചതോടെ, അത് ഔപചാരികത മാത്രമായി ഒതുങ്ങി. മൂന്ന് പതിറ്റാണ്ടായി പലതവണ അധികാരത്തില്‍ വരികയും പോകുകയും ചെയ്ത നെതന്യാഹു, ഇസ്‌റാഈലില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ്.

Content Highlights: Matan Kahana, an ally of Gadi Eisenkot, has been elected as the new Speaker of the Israeli Parliament. This outcome marks a significant political setback for Prime Minister Benjamin Netanyahu. The Knesset vote highlights shifting political dynamics within the Israeli legislature.