Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

നടൻ നസ്ലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകിയ അനുഭവമാണെന്ന് നടി ഹൻസിക കൃഷ്ണ. നസ്ലിന്റെ വലിയ ആരാധികയാണ് താനെന്നും ആദ്യമായി നേരിൽ കണ്ടപ്പോഴുണ്ടായ സന്തോഷവും സിനിമയുടെ ആദ്യദിന ചിത്രീകരണ അനുഭവങ്ങളും താരം പങ്കുവെച്ചു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹൻസിക ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
കോളേജിൽ എത്തിയശേഷം സുഹൃത്തുക്കൾക്കൊപ്പം തിയേറ്ററിൽ പോയി ആദ്യമായി കണ്ട സിനിമയാണ് നസ്ലിൻ നായകനായ ‘പ്രേമലു’വെന്ന് ഹൻസിക പറഞ്ഞു. സിനിമയിലെ ഓരോ രംഗവും പൊട്ടിച്ചിരിച്ചാണ് കണ്ടത്. തനിക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ഇഷ്ടപ്പെട്ട ചിത്രമായിരുന്നു അതെന്നും നസ്ലിൻ ഏറെ ഇഷ്ടമുള്ള നടനാണെന്നും താരം വ്യക്തമാക്കി.
സിനിമയുടെ ആദ്യദിവസം ചിത്രീകരണത്തിനെത്തിയപ്പോൾ തന്നെ നസ്ലിനൊപ്പമായിരുന്നു ആദ്യ സീനെന്നും ഹൻസിക ഓർത്തെടുത്തു. അതിനുമുൻപ് നസ്ലിനെ നേരിട്ട് കണ്ടിരുന്നില്ല. ആദ്യമായി കണ്ടപ്പോൾ അദ്ദേഹം ഷേക്ക് ഹാൻഡ് നൽകിയത് വലിയ സന്തോഷമുണ്ടാക്കി. വളരെ നല്ല വ്യക്തിയും സൗമ്യനുമാണ് നസ്ലിനെന്നും താരം പറഞ്ഞു. സ്ക്രീനിൽ മാത്രം കണ്ടുപരിചയമുള്ള നടനെ നേരിൽ കാണാനും ഒപ്പം അഭിനയിക്കാനും കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമായിരുന്നുവെന്നും ഹൻസിക കൂട്ടിച്ചേർത്തു.
ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ ചെറിയ പേടിയുണ്ടായിരുന്നെങ്കിലും അതിനേക്കാൾ കൂടുതൽ കൗതുകമായിരുന്നു മനസിലെന്നും താരം വെളിപ്പെടുത്തി. ആദ്യ ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ്ങിന് തലേദിവസം രാത്രി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പിറ്റേന്ന് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ഒന്നും തെറ്റരുതെന്ന പ്രാർത്ഥനയായിരുന്നു മനസിലുണ്ടായിരുന്നതെന്നും ഹൻസിക പറഞ്ഞു.

