Source :- SIRAJLIVE NEWS
മനാമ/ദോഹ | പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ വിതരണ ആധിക്യവും തമ്മിലുള്ള വടംവലിക്കിടെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അന്താരാഷ്ട്ര എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. വ്യാപാരത്തിന്റെ ആദ്യഘട്ടത്തില്‍ 94.71 ഡോളര്‍ വരെ ഉയര്‍ന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഉച്ചയോടെ 0.87 ശതമാനം കുറഞ്ഞ് ബാരലിന് 93.79 ഡോളറിലെത്തി. രാവിലെ 83.93 ഡോളറായിരുന്ന ഡബ്ല്യു ടി ഐ ക്രൂഡ് ഓയില്‍ വില 0.42 ശതമാനം കുറഞ്ഞ് 83.33 ഡോളറിലുമാണ് വ്യാപാരം തുടരുന്നത്.
സഊദി അറേബ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലക്ക് നേരെയുള്ള ഹൂത്തി ആക്രമണ അവകാശവാദവും ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില ഉയര്‍ത്തിയത്. ബുധനാഴ്ച ബ്രെന്റ് വിലയില്‍ 3.51 ശതമാനത്തിന്റെയും ഡബ്ല്യു ടി ഐ വിലയില്‍ 1.99 ശതമാനത്തിന്റെയും കുതിപ്പുണ്ടായിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സഊദി അറേബ്യ ചില എണ്ണ കയറ്റുമതികള്‍ പടിഞ്ഞാറന്‍ തുറമുഖങ്ങളിലേക്ക് മാറ്റുന്നുണ്ട്.
അമേരിക്കയിലെ വാണിജ്യ ക്രൂഡ് ഓയില്‍ ശേഖരം തുടര്‍ച്ചയായ മൂന്നാം ആഴ്ചയും വര്‍ധിച്ച് 418.9 ദശലക്ഷം ബാരലായി ഉയര്‍ന്നതും 2027-ല്‍ ആഗോള വിപണിയില്‍ എണ്ണ ലഭ്യത കൂടുമെന്ന വിലയിരുത്തലുകളും വിലക്കയറ്റത്തിന് തടയിട്ടു. അമേരിക്കയിലെ താങ്ക്സ് ഗിവിംഗ് അവധി കാരണം വ്യാഴാഴ്ച വ്യാപാര സമയം കുറവായതും നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും ഉച്ചക്ക് ശേഷം വില താഴാന്‍ കാരണമായി. നവംബര്‍ 29 ഞായറാഴ്ച നടക്കുന്ന ഒപെക് മന്ത്രിതല യോഗത്തിലെ ഉത്പാദന നയങ്ങളിലേക്കാണ് ഇപ്പോള്‍ ആഗോള വിപണി ഉറ്റുനോക്കുന്നത്.
Content Highlights: Crude oil prices recorded a slight dip even as tensions in West Asia and shipping concerns in the Strait of Hormuz persist. Expectations of ample supply and upcoming output policy discussions have tempered sharp gains. Traders continue to monitor regional developments and global inventory levels closely.




