Source :- SIRAJLIVE NEWS
ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് GLP-1 മരുന്നുകൾ. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇൻജക്്ഷനുകൾ എന്ന നിലയിലാണ് പലരും ഇവയെ പരിചയപ്പെടുന്നത്.
എന്താണ് GLP-1 മരുന്നുകൾ?
നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ കുടലിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് Glucagon-Like Peptide-1. ഭക്ഷണശേഷം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും വയർ നിറഞ്ഞതായി തോന്നാനും ഈ ഹോർമോൺ സഹായിക്കുന്നു. ഈ ഹോർമോണിന്റെ പ്രവർത്തനത്തെ അനുകരിക്കുന്ന മരുന്നുകളെയാണ് GLP-1 Receptor Agonists എന്ന് വിളിക്കുന്നത്. സെമാഗ്ലൂറ്റൈഡ്, ലിറാഗ്ളൂറ്റൈഡ്, ഡുലാഗ്ലുറ്റൈഡ് , എക്സിനടൈഡ് എന്നിവ ഉദാഹരണങ്ങളാണ്. ടിർസെപ്പാറ്റിഡ് GLP-1-നൊപ്പം GIP എന്ന മറ്റൊരു ഹോർമോണിന്റെയും പ്രവർത്തനത്തെ അനുകരിക്കുന്ന മരുന്നാണ്.
GLP-1 മരുന്നുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
ഈ മരുന്നുകൾ പ്രധാനമായും തലച്ചോറ്, ആമാശയം, പാൻക്രിയാസ് എന്നിവയെ സ്വാധീനിച്ചാണ് പ്രവർത്തിക്കുന്നത്. തലച്ചോറിലെ വിശപ്പ് നിയന്ത്രിക്കുന്ന കേന്ദ്രങ്ങളിൽ പ്രവർത്തിച്ച് വിശപ്പും ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹവും കുറയ്ക്കുന്നു. ആമാശയം കാലിയാകുന്ന വേഗത കുറയ്ക്കുന്നതിലൂടെ ഭക്ഷണം കഴിച്ചതിനുശേഷം കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നുന്നു.
അതേസമയം, രക്തത്തിലെ പഞ്ചസാര ഉയരുമ്പോൾ പാൻക്രിയാസിൽനിന്ന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. കരളിൽനിന്ന് രക്തത്തിലേക്ക് അധികമായി പഞ്ചസാര എത്തുന്നത് തടയുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിലും അമിതവണ്ണമുള്ളവരിലും ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, ഫാറ്റി ലിവർ, സ്ലീപ് അപ്നിയ എന്നീ ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ഡോക്ടറുടെ വിലയിരുത്തലിനുശേഷം ഈ ചികിത്സ പരിഗണിക്കാം.
ചികിത്സ തുടങ്ങുന്നതിന് മുമ്പുള്ള പരിശോധനകൾ
GLP-1 ചികിത്സ തുടങ്ങുന്നതിന് മുമ്പ് രോഗിയുടെ പൊതുവായ ആരോഗ്യനിലയും പഴയ രോഗവിവരങ്ങളും പരിശോധിക്കേണ്ടത് പ്രധാനമാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ, വെള്ളരക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ, HBA1C, ലിവർ ഫംഗ്ഷൻ ടെസ്റ്റ്, സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിനിൻ, അൾട്രാ സൗണ്ട് സ്കാൻ, പ്രമേഹമുള്ളവരിൽ കണ്ണ് പരിശോധന ആവശ്യമായ സാഹചര്യങ്ങളിൽ ഡോക്ടർ നിർദേശിക്കാം, മുമ്പ് പാൻക്രിയാസിൽ വീക്കം ഉണ്ടായിട്ടുണ്ടോ, കുടുംബത്തിൽ തൈറോയ്ഡ് ക്യാൻസർ ഉണ്ടായിട്ടുണ്ടോ ഇത്തരം വിവരങ്ങൾ രോഗിക്ക് GLP-1 ചികിത്സ അനുയോജ്യമാണോ എന്നും എന്തെല്ലാം മുൻകരുതലുകൾ വേണമെന്നും തീരുമാനിക്കാൻ സഹായിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി, അയൺ തുടങ്ങിയ പരിശോധനകളും ഡോക്ടർ നിർദേശിക്കാം.
ചികിത്സക്കൊപ്പം പോഷകാഹാരം എന്തുകൊണ്ട് പ്രധാനമാണ്?
GLP-1 മരുന്നുകൾ ഉപയോഗിക്കുമ്പോൾ വിശപ്പ് ഗണ്യമായി കുറയാം. കുറച്ച് ഭക്ഷണം കഴിച്ചാൽ തന്നെ വയർ നിറയുക, ഓക്കാനം അനുഭവപ്പെടുക തുടങ്ങിയ കാരണങ്ങളാൽ ചിലർ ഭക്ഷണം ഒഴിവാക്കാനും സാധ്യതയുണ്ട്. ഇതുമൂലം ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ലഭിക്കാതെ വരാം. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയുമ്പോഴും പോഷകഗുണം കുറയരുത്. ചെറിയ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ഓരോ പ്രധാന ഭക്ഷണത്തിലും പ്രോട്ടീൻ ആദ്യം തന്നെ ഉൾപ്പെടുത്തുക, പഴങ്ങളും പച്ചക്കറികളും കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക.
സൂക്ഷ്മപോഷകങ്ങളുടെ പ്രാധാന്യം
ഭക്ഷണത്തിന്റെ അളവും വൈവിധ്യവും കുറയുമ്പോൾ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുണ്ടാകാം. നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ആവശ്യമായ വിറ്റാമിൻ ബി 12 ലഭിക്കാൻ മുട്ട, മീൻ, ചിക്കൻ, പാൽ, തൈര് എന്നിവയും, കാൽസ്യം ലഭിക്കാൻ പാൽ, തൈര്, പനീർ, റാഗി, എള്ള് എന്നിവയും വിറ്റാമിൻ ഡി ലഭിക്കാൻ മുട്ടയുടെ മഞ്ഞ, കൊഴുപ്പുള്ള മീനുകൾ എന്നിവയും, ഹീമോഗ്ലോബിൻ നിർമാണത്തിന് ആവശ്യമായ Iron ലഭിക്കാൻ മാംസം, മീൻ, മുട്ട, പയർവർഗങ്ങൾ, ഇലക്കറികൾ എന്നിവയും കോശങ്ങളുടെ വളർച്ചക്കും രക്താണുക്കളുടെ നിർമാണത്തിനും ആവശ്യമായ ഫോളേറ്റ് ലഭിക്കാൻ ചീര, മറ്റ് ഇലക്കറികൾ, പയർവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം.
പ്രോട്ടീൻ: പേശികളുടെ സംരക്ഷണത്തിന്
ശരീരഭാരം കുറയുമ്പോൾ കൊഴുപ്പിനൊപ്പം പേശികളുടെ അളവും കുറയുന്നു. ഭക്ഷണത്തിന്റെ അളവ് വളരെ കുറയുകയും പ്രോട്ടീൻ ആവശ്യത്തിന് ലഭിക്കാതിരിക്കുകയും ചെയ്താൽ കൂടുതൽ പേശികൾ നഷ്ടപ്പെടാം. മുട്ട, മീൻ, ചിക്കൻ, പാൽ, തൈര്, പനീർ, ചെറുപയർ, കടല, പരിപ്പ്, സോയ എന്നിവ നല്ല പ്രോട്ടീൻ ഉറവിടങ്ങളാണ്. ഇവ പ്രധാന ഭക്ഷണങ്ങളിലായി വിഭജിച്ച് ഉൾപ്പെടുത്താം.
പ്രോട്ടീൻ കഴിക്കുന്നതിനൊപ്പം പേശികളെ ശക്തിപ്പെടുത്തുന്ന വ്യായാമവും ആവശ്യമാണ്. ആരോഗ്യസ്ഥിതി അനുവദിക്കുന്നവർ ആഴ്ചയിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും Resistance Training ചെയ്യുന്നത് നല്ലതാണ്. ഭാരമുയർത്തൽ, Resistance Band വ്യായാമങ്ങൾ എന്നിവ ഉദാഹരണങ്ങളാണ്. തുലാസിലെ ഭാരം മാത്രം ചികിത്സയുടെ വിജയമായി കണക്കാക്കരുത്. ശരീരത്തിലെ കൊഴുപ്പിന്റെയും പേശികളുടെയും അളവും പേശികളുടെ ശക്തിയും വിലയിരുത്തണം. ഇതിനായി Body Composition Analysis, Hand Grip Strength Test എന്നിവ ഉപയോഗിക്കാം.
GLP-1 ചികിത്സയിൽ ഡയറ്റീഷ്യന്റെ പങ്ക്
ഡയറ്റീഷ്യന്റെ പങ്ക് ശരീരഭാരം നിരീക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ചികിത്സക്കിടെ ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും പോഷകക്കുറവ് തടയുകയും ചെയ്യുകയാണ് ഡയറ്റീഷ്യന്റെ പ്രധാന ഉത്തരവാദിത്വം.
Content Highlights: GLP-1 medications like semaglutide and tirzepatide curb appetite, slow stomach emptying, and regulate blood sugar in obesity and type 2 diabetes. Pre-treatment medical screening, sufficient protein, micronutrients, and resistance training are vital to prevent muscle loss and deficiencies. A dietitian helps maintain balanced nutrition during therapy.




