Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഇടത് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് വാങ്ങിക്കഴിഞ്ഞെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള് പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും എന്‍ ഷംസൂദ്ദീന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. അതിന്റെ പേരിലുള്ള ഫണ്ടും വാങ്ങി. ഇനിയുള്ള തുടര്‍ നടപടികള്‍ എന്താണ് എന്നാണ് ആലോചിക്കേണ്ടത്. ധാരണാപത്രം ഒപ്പിട്ടത് വിവാദമായതിന് പിന്നാലെ തത്കാലം നിര്‍ത്തിവയ്ക്കുന്നതായി പറയുകയായിരുന്നു. എന്നാല്‍ ഒപ്പിട്ട കരാറില്‍ നിന്ന് ഒരുകക്ഷിക്ക് പിന്മാറാന് സാധിക്കുമോ എന്നുള്ളത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഷംസൂദ്ദീന്‍ പറഞ്ഞു.
പിഎം ശ്രീ പദ്ധതിയില്‍ അംഗമായതിന്റെ നിയമവശം ചര്‍ച്ച ചെയ്യുന്നതായി നേരത്തെ മുഖ്യമന്ത്രി വിഡി സതീശനും വ്യക്തമാക്കിയിരുന്നു.







