Source :- SIRAJLIVE NEWS
ഇങ്ങനെയൊക്കെ ജീവിക്കാൻ വലിയ പാടാണ്, മതനിയമത്തിൽ ശ്വാസം മുട്ടി കഴിയാനൊന്നും എന്നെ കൊണ്ടാവില്ല. എന്ന് പറഞ്ഞ ചിലരെയെങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടാവില്ലേ? നോക്കൂ… ലളിതമായ കാര്യത്തെയാണ് അവരിങ്ങനെ അവതരിപ്പിച്ചത്. സ്വസ്ഥമായൊന്ന് ശ്വാസം വിടാനാകുന്നത് ശരിയായ വിശ്വാസത്തിനുള്ളിൽ നിന്നാണെന്ന് അവരറിയാതെ പോകുന്നു. അറിവില്ലായ്മയാണ് അവരെ വിശ്വാസത്തിന്റെ ശത്രുക്കളാക്കിയത്.
‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണിഛിക്കുന്നത്, ഞെരുക്കമിഛിക്കുന്നില്ല.’ എന്ന സൂറ: ബഖറയുടെ സന്ദേശം മതത്തിന്റെ ലാളിത്യത്തെ പ്രകടമാക്കുന്നുണ്ട്. മനുഷ്യന് ധാരാളം ദൗർബല്യങ്ങളുണ്ട്. അവരുടെ പ്രകൃതത്തിനനുസരിച്ചാണ് മതനിയമങ്ങൾ നിർദേശിക്കപ്പെട്ടിട്ടുള്ളത്. ആരാധനകളിലോ ഇടപാടുകളിലോ പെരുമാറ്റങ്ങളിലോ ക്ലിഷ്ടതകളൊന്നുമില്ല. “ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍’ (22 : 78)
“അല്ലാഹു നിങ്ങളുടെ ജീവിതം ക്ലേശകരമാക്കാനുദ്ദേശിക്കുന്നില്ല. പ്രത്യുത, അവന്‍ നിങ്ങളെ ശുദ്ധീകരിക്കുവാനും അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരുവാനുമാണ് ഉദ്ദേശിക്കുന്നത്’ (5 : 6)
“അല്ലാഹു നിങ്ങളുടെ ഭാരങ്ങള്‍ ലഘൂകരിക്കാനിഛിക്കുന്നു. എന്തെന്നാല്‍ മനുഷ്യന്‍ ദുര്‍ബലനായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. (4 : 28) തുടങ്ങിയ ആയത്തുകൾ ആ കാര്യത്തെ അടിവരയിടുന്നുണ്ട്.
നിൽക്കാൻ കഴിവുള്ളവർ നിൽക്കുക, അല്ലെങ്കിൽ ഇരിക്കുക, സാധ്യമല്ലെങ്കിൽ കിടക്കുക, അംഗസ്‌നാനത്തിന് തടസ്സമുള്ളവർ തയമ്മും (മണ്ണ് ഉപയോഗിച്ചുള്ള ശുദ്ധീകരണം) ചെയ്യുക, യാത്രികർക്കുള്ള നിസ്‌കാരത്തിലെ ഇളവുകൾ, രോഗികൾക്കും യാത്രികർക്കുമുള്ള നോമ്പിന്റെ ഇളവുകൾ, സ്‌ത്രീകൾക്കുള്ള ഇളവുകൾ തുടങ്ങി ആരാധനാ കർമങ്ങളിൽ തന്നെ ധാരാളം എളുപ്പങ്ങളുണ്ട്. അപരനെ മുറിവേൽപ്പിക്കാത്ത മനസ്സ്, നോവാത്ത വഞ്ചിക്കാത്ത സമ്പത്തപഹരിക്കാത്ത തെറ്റുകൾക്കും ശാരീരിക മാനസികാപകടങ്ങൾക്കും വഴിതുറക്കാത്ത പെരുമാറ്റ ചട്ടങ്ങളും ആ ലാളിത്യത്തെ തുറന്നുകാട്ടുന്നു.
പരിശുദ്ധ റസൂൽ (സ) വിവിധ സന്ദർഭങ്ങളിൽ മതത്തിന്റെ ലളിത സമീപനം പഠിപ്പിച്ചിട്ടുണ്ട്. നബി(സ) പറയുന്നു : ‘നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്, നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്, നിങ്ങളുടെ ഉത്തമമായ ദീന്‍ ഏറ്റവും ലളിതമായതാണ്.’ നബി(സ) ഒരു കാര്യം ആവര്‍ത്തിച്ചു പറയുന്നത് അതിന്റെ പ്രസക്തിയും പ്രാധാന്യവുമാണ് കുറിക്കുന്നത്. ജനങ്ങളെ കഷ്ടപ്പെടുത്താതെ അവര്‍ക്ക് സന്തോഷവും ആനന്ദവും പകര്‍ന്നു നല്‍കുന്ന ദീനാണ് ഏറ്റവും ഉത്തമം. വിവിധ നാടുകളിലേക്ക് പ്രതിനിധി സംഘങ്ങളെ അയച്ചപ്പോള്‍ അവരോടെല്ലാം നബി(സ) നല്‍കിയിരുന്ന ഉപദേശം ‘നിങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പം നല്‍കുന്നവരാണ്, നിങ്ങൾ അവര്‍ക്ക് ക്ലേശമുണ്ടാക്കരുത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സന്തോഷം പകരണം, അവര്‍ക്ക് വെറുപ്പ് പകരരുത്.’
ജനമനസ്സുകളില്‍ മതത്തോട് വെറുപ്പും വിരക്തിയും ഉണ്ടാക്കേണ്ടവരല്ല നന്മയുടെ സന്ദേശകർ എന്ന് സാരം. മറ്റൊരു ഹദീസ് ദീനില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട് : ‘ഈ ദീന്‍ എളുപ്പമാണ്, ദീനില്‍ കാര്‍ക്കശ്യം കൈക്കൊള്ളുന്നവര്‍ പരാജയപ്പെടും.’ മനസ്സിന് മടുപ്പോ ശരീരത്തിന് ക്ഷീണമോ ഇല്ലാത്തപ്പോഴാണ് നിങ്ങള്‍ ആരാധനകളിലേര്‍പ്പെടേണ്ടത്. മിതമായ വഴിയാണ് എപ്പോഴും നിങ്ങള്‍ സ്വീകരിക്കേണ്ടത്, അതിലൂടെ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം.
തീവ്രവാദ നിലപാടുകള്‍ സമൂഹത്തിന് നാശമാണെന്നും നബി(സ) പഠിപ്പിക്കുന്നു. ‘ദീനിലെ തീവ്രനിലപാടുകളെ നിങ്ങള്‍ സൂക്ഷിക്കണം. മതത്തില്‍ തീവ്രമായ നിലപാടുകള്‍ കൈക്കൊണ്ടത് മൂലമാണ് നിങ്ങള്‍ക്ക് മുമ്പുള്ള സമുദായങ്ങള്‍ നശിച്ചുപോയത് എന്നവിടുന്ന് പഠിപ്പിച്ചു. സംസാരം, പെരുമാറ്റം, ആരാധനാ കര്‍മങ്ങള്‍ തുടങ്ങി ഏത് മേഖലകളിലാണെങ്കിലും സമുദായത്തിനത് ഗുണം ചെയ്യില്ല. ഒരിക്കല്‍ നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ചു പറഞ്ഞു: ‘തീവ്രനിലപാടു സ്വീകരിക്കുന്നവര്‍ നശിച്ചു.’ ഇമാം നവവി (റ) ഈ ഹദീസില്‍ ഉപയോഗിച്ച ‘മുതനത്വിഅ്’ എന്ന പദത്തെ വിശദീകരിക്കുന്നുണ്ട്. മുതനത്വിഅ് എന്നു പറഞ്ഞാല്‍ ഒന്നിന്റെ ആഴങ്ങളിലേക്കിറങ്ങി സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നവര്‍, അതില്‍ തീവ്രമായ സമീപനങ്ങള്‍ കൈക്കൊള്ളുന്നവര്‍, ശരീഅത്തിന്റെ പരിധികള്‍ അതിര്‍ ലംഘിക്കുന്നവര്‍, അത് വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ വിശ്വാസം കൊണ്ടോ ആകാമെന്നാണ്.
സ്ത്രീകളുടെ വേഷവിധാനങ്ങളും യാത്രാ അച്ചടക്കങ്ങളിലുമുള്ള ഇസ്‌ലാമിന്റെ നിർദേശങ്ങൾ അവരുടെ സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ടുള്ളതാണ്. വിലക്കപ്പെട്ട കാര്യങ്ങളേറെയും നമ്മുടെ ശരീരത്തെയോ സമ്പത്തിനെയോ മനസ്സമാധാനത്തെയോ ഇല്ലാതാക്കുന്നതാണെന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും. നിർബന്ധ ബാധ്യതകളിലും ഐച്ഛിക കർമങ്ങളിലും സർവാന്മനായുള്ള നന്മകളെയും നമുക്ക് കാണാനാകും.
ബുദ്ധിമുട്ടിക്കുന്ന യാതൊന്നും മതത്തിലില്ല. പനി പിടിച്ചവർക്ക് മധുരം കയ്പ്പായനുഭവപ്പെടുന്നതും ചെങ്കണ്ണുള്ളവർക്ക് വെളിച്ചത്തിലേക്ക് നോക്കുന്നത് വേദനയാവുന്നതും പോലെയാണ് അവിവേകികൾക്ക് മതം അസ്വസ്ഥമാവുന്നത്. കടുംപിടിത്തത്തിലൂടെ മതപരിവർത്തനം നടത്തുന്ന രീതി ഇസ്്ലാമിലില്ല.
പൂര്‍വസമുദായങ്ങള്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അല്ലാഹുവും അവരോട് കര്‍ക്കശ നിലപാട് സ്വീകരിച്ചെന്ന് നബി(സ) വിവരിക്കുന്നുണ്ട്. ഹലാലായിരുന്ന പലതും അവര്‍ക്ക് ഹറാമാക്കി. തീവ്രമായ നിലപാടുമായി മുന്നോട്ട് പോകുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മുആദ് ബിന്‍ ജബല്‍(റ) ഇമാമായി നമസ്‌കരിക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണം സ്വൽപ്പം ദീർഘമായി. ഇങ്ങനെ ദീര്‍ഘമായി പാരായണം ചെയ്യുന്നത് രോഗികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ജനങ്ങള്‍ നബി(സ)യോട് ആവലാതിപ്പെട്ടു.
ഇത് കേട്ട റസൂലിന്റെ (സ) മുഖം കോപത്താല്‍ ചുവന്നു എന്നാണ് ഹദീസുകള്‍ വിവരിക്കുന്നത്. മുആദിനെ(റ) വിളിച്ചു വരുത്തി നബി(സ) ചോദിച്ചു : ‘അല്ലാഹുവിന്റെ ദീനില്‍ ഫിത്വ്‌നയുണ്ടാക്കുകയാണോ താങ്കള്‍?’
നബി(സ)യുടെ ആരാധനാ കര്‍മങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തി, ഇനി എല്ലാ ദിവസവും നോമ്പെടുക്കുമെന്നും, രാത്രി മുഴുവന്‍ നമസ്‌കരിക്കുമെന്നും, വിവാഹം കഴിക്കാതെ ജീവിക്കുമെന്നും തീരുമാനിച്ച മൂന്ന് യുവാക്കളോട് ‘നിങ്ങളില്‍ ഏറ്റവുമധികം അല്ലാഹുവിനെ സൂക്ഷിക്കുന്നവനും ഭയക്കുന്നവനും ഞാനാണ്’ എന്ന വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഒരു വ്യക്തിക്ക് സ്വന്തത്തോടും തന്റെ കുടുംബത്തോടുമെല്ലാം കടമകളുണ്ട്, ആ അവകാശങ്ങളെല്ലാം വകവെച്ചു കൊടുക്കണമെന്നാണ് നബി(സ) പഠിപ്പിക്കുന്നത്.
ഏത് പ്രയാസ വേളയിലും തണലും കുളിരുമാകുന്ന മതത്തെ അനാവശ്യ സങ്കീർണതകളിലേക്ക് വലിച്ചിഴക്കുന്നത് ഒട്ടും ശരിയല്ല. നല്ല കർമങ്ങളിൽ നിരതരായ വിശ്വാസിക്ക് ന്യായമായ തടസ്സങ്ങളാൽ കർമങ്ങൾ ചെയ്യാൻ സാധിക്കാതെ വന്നാൽ പോലും ചെയ്തതിന്റെ പ്രതിഫലം അല്ലാഹു നൽകിയേക്കുമെന്നതാണ് സത്യം. അല്ലാഹു നമ്മെ സഹായിക്കട്ടെ.
Content Highlights:
The core principles of Islam place heavy emphasis on flexibility, simplicity, and ease rather than hardship or complexity. Quranic verses and prophetic traditions clearly caution against religious extremism and unnecessary strictness that burdens believers. Ritualistic relaxations provided for travelers, the sick, and the weak demonstrate the inherently compassionate nature of religious rulings. True religious adherence promotes mental peace and social harmony by ensuring practical guidelines suitable for human limitations.







