Source :- SIRAJLIVE NEWS
“ചെമ്പോത്തുകൾ മുട്ടയിടുന്നൊരിടവും തേടി നടന്നു.
തല വെന്തൊരു
തെങ്ങിൻ കുറ്റികൾ
യക്ഷിയൊഴിഞ്ഞ വിഷാദം മുറ്റി-
യുണങ്ങിപ്പോയ കരിമ്പന കണ്ടു.
കാറ്റുകളോരിയിടുന്ന
നടുപ്പാതിരയിൽ,
ഈറ്റു പിടച്ചലിലലയും ചെമ്പോത്തിനെ
സ്വപ്നം കണ്ടു,
നീലപ്പൊന്മകളിണ ചേരുന്നൊരിടവും തേടി നടന്നു”
(പൊറുതി -റഫീഖ് അഹ്മദ് )
പറവകൾക്ക് ആകാശവും പാമ്പുകൾക്ക് മാളവും വിശാലമായിട്ടുണ്ടായിരുന്ന, മനുഷ്യ പുത്രന്മാർ സ്വന്തം തല ചായ്ക്കാനായി മണ്ണിൽ ഒരു ചാണിടം തേടി അലഞ്ഞ കാലമെങ്ങോ അകന്നു പോയി. കുന്നും മലയുമിടിച്ചു, തോടും മേടും നികത്തി, പാടവും പുഴയുമൂറ്റി മാനം മുട്ടുന്ന മണിസൗധങ്ങൾ ഉയർന്നു പൊങ്ങിയപ്പോൾ, ചേക്കേറാൻ ചില്ലകളില്ലാതായത് പറവകൾക്കാണ്.
പടം പൊഴിച്ചു ചുരുണ്ടു കൂടാൻ മാളങ്ങളില്ലാതായത്,
ഉരഗങ്ങൾക്കാണ്.
ബാക്കിയായതോ,
മനുഷ്യപുത്രന്മാർക്ക് മാത്രം അന്തിയുറങ്ങാവുന്ന
കൊട്ടാരക്കെട്ടുകൾ.!
“തേൻ കുരുവികളുടെ,
പൂമ്പാറ്റകളുടെ
വീട് തിരഞ്ഞു നടന്നു.
മലയണ്ണാന്
പഴം കരുതുന്നൊരു മരവും തേടി,
ഇലകളൊഴിഞ്ഞ
മുരുക്കിൻ കൊമ്പുകൾ
നിലവിളികളോടെ വിറച്ചുലയുന്നത്
സ്വപ്നം കണ്ടു.”
ഉറക്കം കെടുത്തിയ സ്വപ്നങ്ങൾ നിരന്തരം വേട്ടയാടിയപ്പോൾ, അതൊരു കവിതക്കുള്ള കേവലം വരികൾ മാത്രമല്ലെന്ന്, പാമ്പുകൾക്കും പക്ഷികൾക്കും ഓന്തിനും അരണയ്ക്കും ചെമ്പോത്തിനും കൂടു കൂട്ടാൻ ഒരിടം ഒരുക്കണമെന്ന് കവി റഫീഖ് അഹ്മദിന് തോന്നിത്തുടങ്ങിയത് എവിടെ വെച്ചാണ്. എവിടെയായിരുന്നാലും, എങ്ങനെയായിരുന്നാലും അത് കാലം കരുതി വെച്ചൊരു നിയോഗമായിരിക്കണം.
“ചെമ്പോത്തുകൾ മുട്ടയിടുന്നൊരിടവും തേടി നടന്നു.
തല വെന്തൊരു
തെങ്ങിൻ കുറ്റികൾ
യക്ഷിയൊഴിഞ്ഞ വിഷാദം മുറ്റി-
യുണങ്ങിപ്പോയ കരിമ്പന കണ്ടു ”
കാറ്റുകൾ ഓരിയിടുന്ന നട്ടപ്പാതിരയിൽ ഈറ്റു പിടച്ചലിലലയുന്ന ചെമ്പോത്തുകൾ സ്വന്തം രാത്രികളെ നിദ്രാവിഹീനങ്ങളാക്കിയപ്പോൾ, ചെമ്പോത്തിനു മുട്ടയിട്ടു അടയിരിക്കാൻ, നീലപ്പൊന്മകൾക്ക് ഇണ ചേരാൻ ഒരിടം വേണമെന്ന് കവിതക്കുമപ്പുറം ഒരു അസ്വസ്ഥത പകർന്ന, തീയാളിയ ഒരു ചിന്തയായി പടർന്നപ്പോൾ, പങ്കു വെച്ച വേദനകൾക്ക് തുല്യം പകർന്ന ചങ്ങാതിക്കൂട്ടങ്ങൾ കൂടെ നിൽക്കാമെന്നായപ്പോൾ, ഒരു ചെറു സംഘം യാത്ര സമാരംഭിക്കുകയായിരുന്നു.
ആരൊരാൾ കേട്ടാലും കിറുക്കെന്ന് പറയുമെന്ന് തീർച്ചയുള്ള ഭ്രാന്തൻ സ്വപ്നത്തിന്ന് പിറകെയുള്ള, മുപ്പത്തിനാല് പേരടങ്ങിയ ആ സംഘത്തിന്റെ യാത്ര ചെന്നവസാനിച്ചത്, സ്വന്തം വീടിന്റെ കേവലം നാഴികകൾക്കപ്പുറമുള്ള,
കാടു പിടിച്ചിരുൾ പടർന്ന മുപ്പത്തഞ്ച് സെന്റോളം വരുന്ന ഭൂമിയിലാണ്. കവിയും എഴുത്തുകാരനുമായ റഫീഖ് അഹ്മദ് , ഓങ്ങല്ലൂർക്കാരനായ പരിസ്ഥിതി പ്രവർത്തകൻ പ്രമോദ്, ചലച്ചിത്ര നിരൂപകൻ ഐ ഷണ്മുഖദാസ്, സ്ത്രീ വേദി കോ ഓർഡിനേറ്റർ ആശ, സാമൂഹിക പ്രവർത്തകരായ ഡേവിസ് വളർക്കാവ്, രവീന്ദ്രൻ കെ ഐ, അതിരപ്പിള്ളി സംരക്ഷണ സമിതി പ്രവർത്തകൻ മോഹൻദാസ്, ശിൽപ്പി രാജൻ, മരണപ്പെട്ട വിജയ രാജൻ, ഗിരീഷ്, ദാമോദരൻ തുടങ്ങി മുപ്പത്തിനാല് പേർ ഭൂമി ഏറ്റെടുക്കുന്നതിൽ പങ്കാളികളായി.
ഇരുപത് വർഷം മുമ്പ്, 2006 ആഗസ്റ്റ്. പെരുമ്പിലാവ്, അക്കിക്കാവിലെ നോങ്ങല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുപ്പത്തഞ്ച് സെന്റോളം വരുന്ന ഭൂമി, മിച്ചം വെച്ച സമ്പാദ്യം ഒരുപാടൊന്നുമില്ലാതിരുന്നിട്ടും അന്ന് പൊന്നും വില കൊടുത്തു വാങ്ങുമ്പോൾ, ആ ചെറു സംഘത്തിന്റെ, ഒറ്റമനസ്സിൽ ഒരു വാശി കൂടിയുണ്ടായിരുന്നു. മണ്ണ് മാഫിയകളും, റിയൽ എസ്റ്റേറ്റ് കുബേരൻമാരും വാരിക്കൂട്ടി കൊട്ടാരക്കെട്ടുകൾ പണിയും മുമ്പ്, ആ കാട് സ്വന്തമാക്കി, ഭൂമിയുടെ നേർ അവകാശികൾക്ക് അത് തീറെഴുതി കൊടുക്കണം. ഒറ്റ മനസ്സോടെ ഇറങ്ങിത്തിരിച്ച മുപ്പത്തിനാലു പേർ ഒപ്പു വെച്ചെഴുതി കൊടുത്തു, മനുഷ്യരല്ലാത്ത, ഭൂമിയുടെ സകലമാന അവകാശികൾക്കും, ഒരു തീറാധാരം.
ഇരുപത് വർഷം മുമ്പ് ചെറുങ്ങനെ കൊമ്പും ചില്ലകളും വളർന്നു “കാടു പിടിച്ചു” തുടങ്ങിയിരുന്ന സ്ഥലമിന്ന് മരങ്ങൾ വളർന്നു കൂരിരുൾ പടർന്ന് ഒരു കാടായി മാറിയിരിക്കുന്നു. കവിയുടെ നെഞ്ചിലെ നെരിപ്പോടിൽ നോവായി പടർന്ന് പാട്ടായി തെളിഞ്ഞതെല്ലാം ഇന്നവിടെ നമുക്ക് കാണാൻ പറ്റുന്നുണ്ട്. സൂചി കുത്താനിടമുള്ള ഏതൊരു മണ്ണും ഭൂമിയും സ്വന്തം പേരിലാക്കി അവിടെ ആകാശം തൊടുന്ന ഹൗസിംഗ് വില്ലകളോ, ഫ്ലാറ്റുകളോ ഷോപ്പിംഗ് കോംപ്ലക്സ്കളോ പണിതുയർത്താൻ മനുഷ്യർക്ക് വ്യഗ്രത വല്ലാതെ കൂടിയപ്പോൾ പറവകൾക്കും പാമ്പുകൾക്കും കൂട് നഷ്ടപ്പെടുക മാത്രമല്ല സംഭവിച്ചത്, കാറ്റും കുളിരും പച്ച പടർന്ന വയലേലകളും, തെങ്ങും കവുങ്ങും പ്ലാവും മാവും പൂത്തു നിന്ന വസന്തങ്ങളും താനേ പൊഴിഞ്ഞില്ലാതായത് ലാഭങ്ങളുടെ കണക്കെടുപ്പിന്റെ തിരക്കിൽ മനുഷ്യൻ മറന്നു പോയതാകണം. പക്ഷേ, അതെല്ലാം ഓർത്തു വെച്ചവർക്ക് വേദനിക്കാൻ പിന്നെയുമുണ്ടായിരുന്നു, ഒരുപാട് നഷ്ടങ്ങൾ.
“ഒച്ചുകൾ ഭയമില്ലാതുറങ്ങുന്ന മെത്ത,
ബലിക്കാക്കകളുടെ ക്ഷേത്രം,
ഇയ്യാം പാറ്റകൾ ചിറകുകൾ നെയ്യും തറികൾ,
മിന്നാമിന്നികൾ പകലത്തൊളിയും മൺകുടം,
മുയലുകളുടെ പള്ളിക്കൂടം,
വെള്ളക്കൊറ്റികളുടുപ്പു തിരുമ്പിയക്കുമിടം,
വില്ലൂന്നി പാമ്പുണ്ണിയെ താരാട്ടുന്നൊരിലത്തൊട്ടിൽ,
ചെങ്കീരികളുടെ ചാരു കസേര, മുള്ളൻപന്നികൾ
അമ്പു തൊടുപ്പിൻ
വിദ്യ പഠിക്കും കളരികൾ…”
അങ്ങനെ അങ്ങനെ കാട് നാടായപ്പോൾ ഏറെയായിരുന്നു, നഷ്ടങ്ങൾ. പൂവിനും പൂമ്പാറ്റക്കും തേളിനും പഴുതാരക്കും കീരിക്കും പച്ചിലപ്പാമ്പിനും മണ്ണിലിടമില്ലാതായി. നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുക എന്നത് നടക്കുന്ന കാര്യമല്ലെന്ന് തീർച്ചയാണ്. പക്ഷേ, ചിലതെല്ലാം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട് എന്നത്, മനുഷ്യന്റെയും പ്രകൃതിയുടെയും നിലനിൽപ്പിനാവശ്യമായ തിരിച്ചറിവാണ്. അതുകൊണ്ട് തന്നെയാണ് ഭാവിയിൽ പക്ഷി മൃഗാദികൾക്ക് വേണ്ടി ആ ഭൂമിയിൽ എന്തു ചെയ്യാനാണ് പദ്ധതി എന്ന ചോദ്യത്തിന് ഉത്തരമായി റഫീഖ് അഹ്മദും കൂട്ടരും പറയുന്ന ഉത്തരം നമ്മുടെ ചിന്തകളിലും പ്രഹരമേൽപ്പിക്കുന്നത്.
‘ഒന്നും ചെയ്യാൻ പദ്ധതിയില്ല. ഇപ്പോഴുള്ള രീതിയിൽ അങ്ങനെ തന്നെ, തനതായ ആവാസ വ്യവസ്ഥ നിലനിർത്തുക എന്ന് മാത്രമേ ചിന്തിക്കുന്നുള്ളു. അവിടെ പടരുന്ന വള്ളികൾ പടർന്ന് കൊണ്ടേയിരിക്കും. അവിടെ വീണ വിത്തുകൾ മുളച്ചു പൊന്തും. അവിടെ വളർന്നുപൊങ്ങിയ തെങ്ങും കവുങ്ങും മാവും പ്ലാവും ആൽമരവും ആഞ്ഞിലിയും ആരിയപ്പും പച്ചിലക്കാടുകളും പടർപ്പുമെല്ലാം അങ്ങനെ തന്നെ മുകളിലോട്ട് പൊങ്ങും. ഇരുൾ പടർന്നു തുടങ്ങിയ ആ കൊച്ചു ഭൂമികയിൽ പാമ്പും കീരിയും അങ്ങനെ തന്നെ പോരടിക്കും.
കാക്കയും കുയിലും ഒരു കൂട്ടിൽ തന്നെ മുട്ടയിടും. നായയും പൂച്ചകളും പെറ്റു കൂട്ടും. കാരണം ഈ സ്ഥലം ഞങ്ങൾ സ്വന്തമാക്കിയത് അവർക്കെല്ലാം അവരുടെ ജീവിതം അതിന്റെ തനതായ രീതിയിൽ തന്നെ ജീവിച്ചു തീർക്കാൻ വേണ്ടിയുള്ള ഒരിടം നിലനിർത്താനാണ്. മനുഷ്യന്റെ കരങ്ങൾ പതിഞ്ഞു തുടങ്ങിയാൽ, പിന്നീടത് മറ്റെന്തെല്ലാമോ ആയി മാറുമെന്ന് തീർച്ചയാണ്. എന്തെല്ലാം നന്മ ഉദ്ദേശിച്ചാലും ഒടുവിലൊരു ലാഭക്കണക്കിൽ എല്ലാം തല കീഴായി മറിയും. മരങ്ങൾ വെട്ടിത്തെളിച്ചു, വെളിച്ചം പടരുന്ന ഭൂമി മനുഷ്യനല്ലാത്ത മറ്റു ജീവജാലങ്ങൾക്കെല്ലാം പിന്നെയും അന്യമാകും. തീർച്ച.!
ശരിയല്ലേ, ചുറ്റിലുമൊന്ന് ചുമ്മാ കണ്ണോടിച്ചു നോക്കൂ..
മുമ്പുണ്ടായിരുന്ന കുന്നും മലകളും എവിടെ. തോടും പുഴകളുമെവിടെ. കാറ്റും കാട്ടാറും എവിടെ. തെങ്ങും ആൽമരവും ആഞ്ഞിലിയും ആരിയപ്പും പ്ലാവും മാവും കവുങ്ങും ഒന്നൊന്നായി നമുക്ക് നഷ്ടമാകുന്നുണ്ട്.
ഗിരി ശൃംഖങ്ങൾക്ക് മീതെ ദന്തഗോപുരങ്ങൾ ഉയർന്നപ്പോൾ, കാനന ശീതള ഛായകൾക്ക് മധ്യേ റിസോർട്ടുകൾ പണി തീർത്തപ്പോൾ, നദികൾക്ക് കുറുകെയും, ആഴികൾക്കാഴങ്ങളിലും വികസനത്തിന്റെയും ആനന്ദത്തിന്റെയും അടയാള ഗോപുരങ്ങൾ കൊണ്ട് നിർമാണ നൈപുണ്യങ്ങൾ തെളിയിച്ചപ്പോൾ നഷ്ടമായത് ഒത്തിരി ഒത്തിരി സൗഭാഗ്യങ്ങൾ കൂടിയാണ്. കണ്ണും മനസ്സും കുളിരണിയിക്കുന്ന കാഴ്ചകളും കൂടിയാണ് നമുക്ക് കൈമോശം വന്നത്. മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആവശ്യമായവ തന്നെയാണ്, കണ്മുന്നിൽ ഉയർന്നു വന്നതെങ്കിലും…!
Content Highlights:
Inspired by his poem Poruthi, renowned poet Rafeeq Ahammed along with a 34-member group bought 35 cents of land at Akkikavu near Perumpilavu twenty years ago to preserve it as a natural forest. The land has now grown into a dense forest ecosystem where human intervention is completely prohibited to let wildlife thrive naturally. The initiative stands as a unique model of environmental conservation against the rapid commercial exploitation of nature and real estate mafias. The founders emphasize that they plan to do absolutely nothing to the land, allowing trees, birds, reptiles, and insects to coexist in their authentic habitat.







