Source :- SIRAJLIVE NEWS
ടെല്‍ അവീവ് | ഡൊണാള്‍ഡ് ട്രംപിന് ശേഷം ഭാവിയില്‍ ഇസ്റാഈലിന് പ്രതികൂല നിലപാട് എടുക്കുന്ന ഒരു യു എസ് ഭരണകൂടത്തെ നേരിടേണ്ടി വന്നേക്കാമെന്നും, ഇത് യു എസുമായുള്ള സൈനിക സഹായത്തെയും തന്ത്രപരമായ ബന്ധങ്ങളെയും ബാധിച്ചേക്കുമെന്നും ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു .ഭാവിയില്‍ നേരിട്ടേക്കാവുന്ന ഇത്തരമൊരു വെല്ലുവിളി മുന്‍നിര്‍ത്തി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ സഖ്യങ്ങള്‍ രൂപവല്‍ക്കരിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.ഒക്ടോബര്‍ 27ന് നടക്കാനിരിക്കുന്ന ഇസ്റാഈല്‍ തിരഞ്ഞെടുപ്പിന് മുമ്പായി, തന്റെ പുതിയ സുരക്ഷാ നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു നെതന്യാഹു.
‘രാജ്യത്തിന്റെ നില മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെയുള്ള പുതിയ അന്താരാഷ്ട്ര സഖ്യങ്ങള്‍ ഇസ്റാഈല്‍ രൂപീകരിക്കണം. രണ്ട് വര്‍ഷത്തിനുള്ളില്‍, പുരുഷനായാലും സ്ത്രീയത്തിയായാലും, ഇസ്റാഈലിനോട് വളരെ ശത്രുതാപുലര്ത്തുന്ന ഒരു പ്രസിഡന്റ് അധികാരത്തില്‍ വന്നേക്കാം. നിങ്ങള്‍ അതിനെ എങ്ങനെ നേരിടും? അമേരിക്കയുമായി ബന്ധപ്പെട്ട് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കും? അതിനപ്പുറം, എന്ത് പരിഹാരങ്ങളാണ് ആവശ്യമായി വരിക?’ -നെതന്യാഹു ചോദിച്ചു.
അമേരിക്കന്‍ നയങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, ട്രംപിന്റെ കാലാവധിയുടെ ശേഷിക്കുന്ന വര്‍ഷങ്ങള്‍ ഇസ്റാഈലിന്റെ നില ഭദ്രമാക്കാന്‍ ഉപയോഗിക്കണം. ഒന്നാമതായി, അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങളിലായാലും ഈ വര്‍ഷങ്ങളില്‍ നമുക്ക് കഴിയുന്നതെല്ലാം ചെയ്യേണ്ടതുണ്ട്.’ -നെതന്യാഹു പറഞ്ഞു.
‘രണ്ടാമത്തെ കാര്യം മറ്റ് സഖ്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ്. അതാണ് ഞാന്‍ ഇപ്പോള്‍ നമ്മുടെ മേഖലയിലെയും അതിന് പുറത്തുമുള്ള നിരവധി രാജ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ ഒരു ചെറിയ രാജ്യവുമല്ല, മറ്റ് നിരവധി രാജ്യങ്ങളുമുണ്ട്,’ ഇസ്റാഈല്‍ പ്രധാനമന്ത്രി പറഞ്ഞു. ഇസ്റാഈലിന്റെ സഖ്യശൃംഖല വിപുലീകരിക്കുന്നതിനുള്ള മറ്റൊരു അവസരമായി ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലോകമെമ്പാടും ഇസ്റാഈല്‍ ഒറ്റപ്പെടുകയാണെന്ന വാദങ്ങളെ പ്രതിരോധിക്കാനും തന്റെ സര്‍ക്കാരിന്റെ നയതന്ത്ര വിജയങ്ങള്‍ കാണിക്കാനും നെതന്യാഹു ഇന്ത്യയുമായുള്ള ബന്ധവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധവും എടുത്തുപറയുന്നത് ഇതാദ്യമല്ല.
യു എസിലെ ഡെമോക്രാറ്റുകള്‍ക്കിടയില്‍ ഇസ്റാഈലിനോടുള്ള എതിര്‍പ്പ് വര്‍ദ്ധിക്കുന്നത് വര്‍ഷങ്ങളായി നെതന്യാഹു എടുത്ത മോശം തീരുമാനങ്ങള്‍ മൂലമാണെന്ന് ഇസ്റാഈലിലെ പല വിശകലന വിദഗ്ധരും കരുതുന്നു.ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്കിയ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോ ബൈഡന് എന്നിവരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പലപ്പോഴും സംഘര്‍ഷഭരിതമായിരുന്നു
Content Highlights: Israeli Prime Minister Benjamin Netanyahu warned that a future US president after Donald Trump might adopt a hostile stance towards Israel. To counter potential challenges to military aid and strategic ties, he urged building new alliances with countries like India and Latin American nations. Netanyahu emphasized these priorities while unveiling his new security document ahead of the upcoming elections in Israel.




