Source :- SIRAJLIVE NEWS

തിരുവനന്തപുരം | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐക്ക് വിടും. ഇതുസംബന്ധിച്ച വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് വിവരം.

സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.

അധികാരമേറ്റ ശേഷം യു ഡി എഫ് സര്‍ക്കാര്‍ സി ബി ഐക്ക് വിടുന്ന ആദ്യ കേസാവുമിത്.
13 സാക്ഷികളെ പുതുതായി ചേര്‍ത്ത് തുടരന്വേഷണ റിപോര്‍ട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി, തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മേയ് 16 ന് ഹരജിയില്‍ പറഞ്ഞ നാല് കാര്യങ്ങളില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു.