Source :- SIRAJLIVE NEWS

തെഹ്റാന്‍/ ജെറൂസലം | നൂറ് ദിവസം പിന്നിട്ട സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി. താത്കാലിക വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കെ ആക്രമണം ശക്തമാക്കി ഇസ്റാഈലും ഇറാനും. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ നിലവില്‍വന്നതിന് ശേഷം ഇരുരാജ്യങ്ങളും നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണിത്.

പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്റാഈല്‍ വ്യോമാക്രമണം നടത്തിയത്. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ പെട്രോകെമിക്കല്‍ പ്ലാന്റും ആക്രമിച്ചു. തലസ്ഥാനമായ തെഹ്റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇസ്റാഈല്‍ വ്യോമാക്രമണമുണ്ടായതായി ഇറാനിലെ ഔദ്യോഗിക ടി വി റിപോര്‍ട്ട് ചെയ്തു. ഇവിടെ നിന്ന് നിരവധി തവണ സ്ഫോടനശബ്ദം കേട്ടു. മധ്യ നഗരമായ കരാജിലും സ്ഫോടനമുണ്ടായി.

പെട്രോകെമിക്കല്‍ പ്ലാന്റ് ആക്രമിച്ചു
വടക്കന്‍ ഇസ്റാഈലിലെ ഹൈഫയില്‍ പെട്രോകെമിക്കല്‍ പ്ലാന്റ് ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് (ഐ ആര്‍ ജി സി) അറിയിച്ചു. ഇസ്റാഈലിലെ തെല്‍ അവീവിന് നേരെയും ആക്രമണമുണ്ടായി. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനെ ആക്രമിച്ചതിനു മറുപടിയായാണ് ഇറാന്‍ ഇസ്റാഈലിനെ ആക്രമിച്ചത്. ഇറാനെ പിന്തുണക്കുന്ന സായുധ സംഘമായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുള്ള ആക്രമണം നിര്‍ത്താതെ യു എസുമായുള്ള സമാധാന കരാര്‍ യാഥാര്‍ഥ്യമാകില്ലെന്നാണ് ഇറാന്റെ നിലപാട്. ലബനാനിലെ ആക്രമണങ്ങള്‍ക്ക് വേദനാജനകമായ മറുപടി നല്‍കിയതായി
ഇറാന്‍ സൈനിക ആസ്ഥാനം അറിയിച്ചു.

ഞായറാഴ്ച രാത്രി മുതല്‍ 24 ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയതെന്ന് ഇസ്റാഈല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ ഡി എഫ്) സ്ഥിരീകരിച്ചു. ഭൂരിഭാഗവും പ്രതിരോധിച്ചുവെന്നും ചിലത് തുറസ്സായ സ്ഥലങ്ങളില്‍ പതിച്ചുവെന്നും ഐ ഡി എഫ് അറിയിച്ചു. ഇറാനെ പിന്തുണക്കുന്ന യമനിലെ ഹൂതി വിമതരും ഇസ്റാഈല്‍ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തി. ചെങ്കടലില്‍ ഇസ്റാഈല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയതായി ഹൂതികള്‍ അറിയിച്ചു.

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ആക്രമണം നിര്‍ത്തിവെച്ചതായി ഇറാനും ഇസ്റാഈലും അറിയിച്ചു. ഇറാനെതിരായ നടപടി നിര്‍ത്തിവെക്കണമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ട്രംപ് ആവശ്യപ്പെട്ടു. ആക്രമണം തുടരുന്നത് നയതന്ത്രചര്‍ച്ചകളെ ബാധിക്കുമെന്ന് നെതന്യാഹുവിനോട് ട്രംപ് പറഞ്ഞതായി യു എസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുതിച്ച് ക്രൂഡ് വില
സംഘര്‍ഷം തുടര്‍ന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ ബഞ്ച് മാര്‍ക്കായ ബ്രെന്റ് ക്രൂഡ് വില 4.8 ശതമാനം ഉയര്‍ന്ന് ബാരലിന് 97.52 ഡോളറായി. യു എസ് ബഞ്ച് മാര്‍ക്കായ ഡബ്ല്യു ടി ഐ ക്രൂഡിന് ബാരലിന് 94.82 ഡോളറായി.

ഇറാന്‍ വിടണം
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശം. ഇന്ത്യന്‍ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.