Source :- SIRAJLIVE NEWS
അബൂദബി | കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതിനും ജനങ്ങളുടെ ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമായി പുതിയ ദേശീയ പദ്ധതി പ്രഖ്യാപിച്ച് യു ഇ എ ആരോഗ്യ-പ്രതിരോധ മന്ത്രാലയം. 2026 മുതല്‍ 2031 വരെയുള്ള കാലയളവിലേക്ക് നടപ്പാക്കുന്ന ആരോഗ്യ മേഖലാ കാലാവസ്ഥാ അനുരൂപണ പദ്ധതിയിലൂടെ രോഗങ്ങള്‍ ഉണ്ടായ ശേഷം ചികിത്സിക്കുന്നതിനു പകരം അപകട സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അബൂദബി ഫ്യൂച്ചര്‍ ഹെല്‍ത്ത് ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രഖ്യാപനം.
വര്‍ധിക്കുന്ന താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പവും ഉഷ്ണക്ഷീണം, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതോടൊപ്പം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ ബാധിക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പൊടിക്കാറ്റും മോശം വായുഗുണനിലവാരവും ആസ്ത്മ ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ വഷളാക്കാം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ചില സാംക്രമിക രോഗങ്ങളുടെ വ്യാപനത്തിനും ഇടയാക്കിയേക്കാം. അതിതീവ്ര കാലാവസ്ഥ ആശുപത്രികളുടെ പ്രവര്‍ത്തനം, മരുന്നുകളുടെ ലഭ്യത, ചികിത്സ തേടാനുള്ള സൗകര്യം എന്നിവയെ തടസ്സപ്പെടുത്താനും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ആരോഗ്യ-പരിസ്ഥിതി വകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി ഈ വെല്ലുവിളികള്‍ നേരിടുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആരോഗ്യ മേഖലയിലെ കാലാവസ്ഥാ അപകട സാധ്യതകളെക്കുറിച്ചുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആറ് പ്രധാന മേഖലകള്‍ക്കാണ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ഉഷ്ണക്ഷീണം, സൂര്യാഘാതം തുടങ്ങിയ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പൊടിയും വായുമലിനീകരണവും മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍, കൊതുകുകള്‍ പോലുള്ള ജീവികളിലൂടെ പകരുന്ന രോഗങ്ങള്‍, വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍, അതിതീവ്ര കാലാവസ്ഥ മൂലമുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ വികസിപ്പിക്കുക, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആരോഗ്യസ്ഥാപനങ്ങളെ സജ്ജമാക്കുക എന്നിവക്കും പ്രാധാന്യം നല്‍കിയിട്ടുണ്ട്.
Content Highlights:The UAE Ministry of Health and Prevention launched the Health Sector Climate Adaptation Plan 2026-2031 to tackle environmental risks. The strategy targets key health challenges including extreme heat, air quality, and disease monitoring. It aims to strengthen healthcare resilience across the nation.



