Home rss national malayalam പുതിയ വാർത്ത കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ വന്ദേമാതരം ദേശീയ സെമിനാര്‍ നിര്‍ത്തിവെച്ചു

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ വന്ദേമാതരം ദേശീയ സെമിനാര്‍ നിര്‍ത്തിവെച്ചു

6
0

Source :- SIRAJLIVE NEWS

കാസര്‍കോട് | പെരിയയിലെ കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരത്തിന്റെ നൂറ്റിയമ്പതാം വാര്‍ഷികത്തിന്റെ പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ രണ്ടാം ദിവസവും വിദ്യാര്‍ഥി പ്രതിഷേധത്തില്‍ തടസപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സെഷന്‍ വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഇടക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നു

ഉച്ചയ്ക്ക് 12.15 മുതല്‍ 1.30 വരെയുള്ള സെഷനാണ് പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ക്ക് നിര്‍ത്തിവെക്കേണ്ടി വന്നത്. സര്‍വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗം പ്രൊഫസറും പ്രോക്ടറുമായ പി ശ്രീകുമാര്‍ പ്രബന്ധം അവതരിപ്പിക്കാന്‍ ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധവുമായി എത്തുകയായിരുന്നു. ‘ആര്‍എസ്എസ് ഗോ ബാക്ക്’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികള്‍, വേദിക്ക് മുന്നില്‍ ഷൂ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ സംഘപരിവാര്‍ അജണ്ടകളും കാവിവല്‍ക്കരണവും നടപ്പാക്കുന്നത് ശ്രീകുമാറിന്റെ നേതൃത്വത്തിലാണെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍ സംഘടിപ്പിച്ച ദേശീയ സെമിനാറിനെ സംഘപരിവാര്‍ പരിപാടിയാക്കി മാറ്റിയത് ശ്രീകുമാറിന്റെ ഇടപെടലാണെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രോക്ടര്‍ പദവിയില്‍ തുടരാന്‍ അര്‍ഹനല്ലാത്ത ശ്രീകുമാര്‍ ഉടന്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ തടഞ്ഞ് എബിവിപി പ്രവര്‍ത്തകരെ മാത്രം സെമിനാര്‍ ഹാളിലേക്ക് പ്രവേശിപ്പിച്ചതിലും വിദ്യാര്‍ഥികള്‍ അമര്‍ഷത്തിലാണ്. പരിപാടിയുടെ ആദ്യ ദിനമായ ചൊവ്വാഴ്ച ആര്‍എസ്എസ് നേതാവ് കെ നന്ദകുമാര്‍ മുഖ്യാതിഥിയായി എത്തിയതില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇത് തടയാന്‍ പോലീസിനെ കാമ്പസിനകത്തേക്ക് വിളിച്ചുവരുത്തി വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു. ഇതില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു.

Content Highlights: Students disrupted the Vande Mataram national seminar at Kasaragod Central University for the second day. Protesters chanted slogans against alleged saffronisation by university officials. Clashes intensified after police action against protesting students on the first day.