Source :- SIRAJLIVE NEWS

കൊച്ചി |  സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശവുമായി അന്തരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലന്നെും പ്രധാനപ്പെട്ട ഒരു നേതാവ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാറില്ലെന്നും പച്ചക്കുതിര മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിനോദിനി ആരോപിച്ചു.

പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സുഖ വിവരം അന്വേഷിച്ചില്ല. എന്നാല്‍ ആ നേതാവ് പിണറായി വിജയന്‍ അല്ല. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞു.കേരളത്തില്‍ പ്രധാന സ്ഥാനം വഹിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണെടുക്കാറില്ല. തിരിച്ചു വിളിക്കാറുമില്ലെന്ന് വിനോദിനി ആരോപിക്കുന്നു.

കോടിയേരിയുടെ സംസ്‌കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയി. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ നേതൃത്വത്തില്‍നിന്ന് പിന്നെ ആരും ബന്ധപ്പെട്ടിട്ടില്ല. ‘നീ ഓക്കേയാണോ, ഞങ്ങളൊക്കെ കൂടെയുണ്ട്’ എന്നു പോലും പറഞ്ഞിട്ടില്ല. സാധാരണ പ്രവര്‍ത്തകരെക്കുറിച്ചല്ല ഞാന് പറയുന്നത്. വലിയ ചില നേതാക്കളെക്കുറിച്ചാണ്. അവരൊന്നും ഇവിടെ വരികയും സഹദുഃഖം പങ്കിടുകയും ചെയ്യണമെന്നല്ല. സ്വന്തം പോക്കറ്റിലുള്ള ഫോണ്‍ എടുത്ത് ഒന്നു സംസാരിക്കാന്‍പോലും ആര്‍ക്കും തോന്നാത്ത ഒരു കാലമായി ഇത് മാറിയോ. പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍വേണ്ടി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ഒരു നേതാവിനെ പലതവണ ഞാന്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല, തിരിച്ചു വിളിച്ചതുമില്ല. വ്യക്തിപരമായ കാര്യം സാധിക്കാനായിരിക്കും വിളിക്കുന്നത് എന്നോ മറ്റോ അദ്ദേഹം കരുതുന്നുണ്ടോ എന്നറിയില്ല- അഭിമുഖത്തില്‍ വിനോദിന് വ്യക്തമാക്കി.