Source :- SIRAJLIVE NEWS
പാലക്കാട് | പ്രിയദർശിനി സൗജന്യയാത്രാ ആനുകൂല്യം നൽകിയിട്ടും ഓണക്കാലത്ത് കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ വൻ വർധന. ഉത്രാടം മുതൽ ചതയം വരെയുള്ള നാല് ദിവസങ്ങളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.74 കോടി രൂപ അധിക വരുമാനം നേടി. ഇത്തവണ 27.75 കോടിയാണ് വരുമാനം. കഴിഞ്ഞവർഷം ഇതേ ദിവസങ്ങളിൽ 25.01 കോടിയായിരുന്നു വരുമാനം. വരുമാനത്തോടൊപ്പം യാത്രക്കാരുടെ എണ്ണത്തിലും റെക്കോർഡ് വർധനയുണ്ടായി. കഴിഞ്ഞവർഷം ഇതേ ദിവസങ്ങളില്‍ 64.85 ലക്ഷം പേർ കെ എസ് ആർ ടി സിയെ ആശ്രയിച്ചപ്പോൾ ഇത്തവണ 76.36 ലക്ഷമായി ഉയർന്നു. അതായത് 11.51 ലക്ഷം പേരുടെ വർധന.
പ്രിയദർശിനി പദ്ധതിയിലൂടെ സൗജന്യയാത്ര അനുവദിച്ചിട്ടും മൊത്തം വരുമാനം ഉയർന്നത് കെ എസ് ആർ ടി സിയുടെ ഓണക്കാല സർവീസ് ആസൂത്രണത്തിന്റെ നേട്ടമായാണ് വിലയിരുത്തുന്നത്. നാല് ദിവസത്തെ കണക്കിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിച്ചത് ചതയം ദിനമായ വെള്ളിയാഴ്ചയാണ്. 3,787 ബസ് സർവീസുകളിലായി 22,02,992 പേർ യാത്ര ചെയ്തതിലൂടെ 8.07 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞവർഷം ചതയം ദിനത്തിലെ വരുമാനം 7.10 കോടി രൂപയായിരുന്നു. 96.85 ലക്ഷം രൂപയുടെ വർധന. യാത്രക്കാരുടെ എണ്ണത്തിലും 3.83 ലക്ഷത്തിന്റെ വർധനയുണ്ടായി. ചതയം ദിനത്തിലെ വരുമാനത്തിൽ 2.30 കോടി രൂപ പ്രിയദർശിനി സൗജന്യ ടിക്കറ്റുകളിലൂടെയുള്ള യാത്രകളുടേതായിരുന്നു.
ഉത്രാട ദിനത്തിൽ 21,45,267 പേർ യാത്ര ചെയ്തു. 7.88 കോടിയായിരുന്നു വരുമാനം. ഇതിൽ 9,34,056 പേർ പ്രിയദർശിനി ആനുകൂല്യം പ്രയോജനപ്പെടുത്തി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 2.14 ലക്ഷത്തിന്റെയും വരുമാനത്തിൽ 30.71 ലക്ഷത്തിന്റെയും വർധന രേഖപ്പെടുത്തി. അവിട്ടം ദിനത്തിൽ 19,91,846 പേർ യാത്ര ചെയ്തു. വരുമാനം 7.01 കോടി രൂപ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 2.10 ലക്ഷം യാത്രക്കാരുടെ വർധനയുണ്ടായപ്പോൾ വരുമാനം 86.21 ലക്ഷം രൂപ കൂടി. തിരുവോണ ദിനത്തിൽ 12,95,172 യാത്രക്കാരിലൂടെ 4.77 കോടിയായിരുന്നു വരുമാനം.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 3.43 ലക്ഷം പേരുടെ വർധനയുണ്ടായെങ്കിലും വരുമാനത്തിൽ നേരിയ വർധന മാത്രമാണ് രേഖപ്പെടുത്തിയത്. സൗജന്യയാത്രാ ആനുകൂല്യത്തിന്റെ സ്വാധീനം ഏറ്റവും പ്രകടമായത് തിരുവോണ ദിനത്തിലെ വരുമാനക്കണക്കിലാണ്.
ഓണക്കാലത്തെ യാത്രാത്തിരക്ക് മുൻകൂട്ടി വിലയിരുത്തി അധിക സർവീസുകൾ ഏർപ്പെടുത്തിയതും ഫലപ്രദമായ സർവീസ് പ്ലാനിംഗ് നടപ്പാക്കിയതുമാണ് നേട്ടത്തിന് പിന്നിലെന്ന് കെ എസ് ആർ ടി സി അധികൃതർ വ്യക്തമാക്കി. ആവശ്യകത കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സര്‍വീസ് നടത്തിയതിനൊപ്പം അന്തർസംസ്ഥാന സർവീസുകളും വർധിപ്പിച്ചു. ഇതോടെ സ്വകാര്യ ബസുകളിലും മറ്റ് യാത്രാമാർഗങ്ങളിലുമുണ്ടായിരുന്ന അമിതതിരക്ക് കുറയ്ക്കാനും യാത്രക്കാർക്ക് താരതമ്യേന കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം ഒരുക്കാനും കഴിഞ്ഞു.
സൗജന്യയാത്രാ ആനുകൂല്യം ഒരുവശത്ത് സാമൂഹികനേട്ടം ഉറപ്പാക്കിയപ്പോൾ, മറുവശത്ത് കൂടുതൽ യാത്രക്കാരെ കെ എസ് ആർ ടി സിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത് വരുമാനത്തിലും പ്രതിഫലിച്ചു. ഓണക്കാലത്തെ കണക്കുകൾ കെ എസ് ആർ ടി സിക്ക് തിരക്കേറിയ സീസണുകളിൽ കൃത്യമായ സർവീസ് ആസൂത്രണത്തിലൂടെ വരുമാനം വർധിപ്പിക്കാനാകുമെന്നതിന്റെ സൂചന കുടിയാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: KSRTC recorded a revenue increase of 2.74 crore rupees during the four days of Onam despite offering free travel benefits. Passenger turnout rose by 11.51 lakh compared to last year, reaching a total of 76.36 lakh passengers. Efficient service planning and extra buses led to this achievement.




