Source :- SIRAJLIVE NEWS
വിദേശ വിദ്യാര്‍ഥികളെ പോലും ആകര്‍ഷിക്കുന്ന ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്നാണ് ഈ വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാറിന്റെ പ്രഖ്യാപനം. അതേസമയം ഉന്നത പഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംപ്രതി വര്‍ധിച്ചു വരികയാണെന്നാണ് “കേരള ഗേള്‍ സ്റ്റുഡന്റ്‌സ് മൈഗ്രേഷന്‍ സ്റ്റഡി’ ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിച്ച റിപോര്‍ട്ട് വെളിപ്പെടുത്തുന്നത്. യു കെ, കാനഡ, ആസ്‌ത്രേലിയ, ജര്‍മനി, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്ക് ലക്ഷക്കണക്കിനു രൂപ വായ്പയെടുത്താണ് കേരളീയ വിദ്യാര്‍ഥികള്‍ വിമാനം കയറുന്നത്. സ്വന്തം വിദ്യാര്‍ഥികളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒരു വിദ്യാഭ്യാസ സംവിധാനത്തിനെങ്ങനെ വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനാകുമെന്ന ചോദ്യം പ്രസക്തമാണ്. വിദ്യാര്‍ഥികള്‍ കേരളം വിടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് “ആഗോള ഹബ്ബ്’ എന്ന സ്വപ്‌ന സാക്ഷാത്കാരത്തിന് ആദ്യമായി വേണ്ടത്.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തില്‍ ഈ നേട്ടം കൈവരിക്കാനായിട്ടില്ല. പ്രശസ്തരായ ഫാക്വല്‍റ്റികള്‍, മികച്ച അക്കാദമിക് അന്തരീക്ഷം, പഠനത്തിനും ഗവേഷണത്തിനും അത്യാധുനിക സൗകര്യങ്ങള്‍ തുടങ്ങിയവയാണ് വിദേശ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നത്. ഇത്തരമൊരു അക്കാദമിക് അന്തരീക്ഷം സംസ്ഥാനത്തെ ഉന്നതപഠന രംഗത്തില്ല. സര്‍വകലാശാലകളുടെ തലപ്പത്തെ രാഷ്ട്രീയവത്കരണമാണ് ഈ രംഗത്തെ മുന്നേറ്റത്തിന് പ്രധാന തടസ്സം. വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സലര്‍, സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളില്‍ നിയമനം നടത്തുമ്പോള്‍ അന്താരാഷ്ട്ര അക്കാദമിക് മികവ്, ഗവേഷണ രംഗത്തെ സംഭാവനകള്‍, ഭരണപരിചയം തുടങ്ങിയവയാണ് മാനദണ്ഡമാക്കേണ്ടത്. പകരം രാഷ്ട്രീയ നിറമാണ് മെറിറ്റിലും പ്രാഗത്ഭ്യത്തിലുമുപരി ഇവിടെ മാനദണ്ഡമാക്കുന്നത്. അക്കാദമിക് യോഗ്യതയുള്ള അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല.
ലോകോത്തര സര്‍വകലാശാലകള്‍ രാഷ്ട്രീയ ഇടപെടലില്‍ നിന്ന് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. അക്കാദമിക മികവും ഗവേഷണ സ്വാതന്ത്ര്യവും അടിസ്ഥാനമാക്കിയുള്ള നിയമനങ്ങളാണ് അവയുടെ വിജയത്തിന്റെ അടിത്തറ. വിദ്യാഭ്യാസ മേഖലയെ സ്വന്തം താത്പര്യങ്ങള്‍ക്ക് ചട്ടുകമാക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും അവരുടെ ആജ്ഞാനുവര്‍ത്തികളായി ചുരുങ്ങിപ്പോകുന്ന അക്കാദമിക നേതൃത്വവും സൃഷ്ടിക്കുന്ന ശ്വാസംമുട്ടുന്ന അന്തരീക്ഷത്തില്‍ നില്‍ക്കാന്‍ താത്പര്യപ്പെടാത്തതു കൊണ്ടാണ് നമ്മുടെ മിടുക്കരായ വിദ്യാര്‍ഥികളും അധ്യാപകരും വിദേശ സര്‍വകലാശാലകളിലേക്കും ഇതര സംസ്ഥാനങ്ങളിലെ പ്രശസ്തമായ സ്വകാര്യ വിദ്യാലയങ്ങളിലേക്കും മാറിപ്പോകുന്നത്. കേരളത്തില്‍ നിലവിലുള്ള രാഷ്ട്രീയ അതിപ്രസരത്തിന്റെ അന്തരീക്ഷം തുടരുകയാണെങ്കില്‍ വിദേശ വിദ്യാര്‍ഥികളെയോ അന്താരാഷ്ട്ര നിലവാരത്തിലുള്ള അധ്യാപകരെയോ ആകര്‍ഷിക്കാനാകില്ല.
കാലഹരണപ്പെട്ട പാഠ്യപദ്ധതിയും വ്യവസായ ലോകത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടാത്ത കോഴ്‌സുകളുമാണ് മറ്റൊരു പ്രശ്‌നം. തങ്ങളുടെ വിലപ്പെട്ട വര്‍ഷങ്ങള്‍ ഫലപ്രദമല്ലാത്ത രീതിയില്‍ സംസ്ഥാനത്ത് ചെലവഴിക്കുന്നതിലും ഭേദം മികച്ച രീതിയില്‍, ഫലപ്രദമായ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ വിദേശ സര്‍വകലാശാലകളെ ആശ്രയിക്കുകയാണ് ഗുണകരമെന്ന് വിദ്യാര്‍ഥികള്‍ വിശ്വസിക്കുന്നു. സംസ്ഥാനത്ത് ഗവേഷണത്തിന് ആവശ്യമായ ധനസഹായവും അന്താരാഷ്ട്ര സഹകരണവും പരിമിതവുമാണ്. പഠനം വിജയകരമായി പൂര്‍ത്തിയാക്കി ക്യാമ്പസുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് അര്‍ഹമായ ജോലിയുടെ അപര്യാപ്തതയാണ് മറ്റൊരു പ്രശ്‌നം. ഉയര്‍ന്ന നിലവാരമുള്ള പാഠ്യപദ്ധതി ലക്ഷ്യമാക്കി മാത്രമല്ല വിദ്യാര്‍ഥികളില്‍ നല്ലൊരു പങ്കും വിദേശത്തേക്ക് പറക്കുന്നത്.
പഠന കാലയളവിലെ പാര്‍ട്ട് ടൈം ജോലി, കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ഉടനെ തേടിയെത്തുന്ന ഉയര്‍ന്ന ശമ്പളമുള്ള ജോലി, അന്തസ്സുള്ള തൊഴില്‍ സംസ്‌കാരം, മികച്ച ജീവിത സൗകര്യങ്ങള്‍ തുടങ്ങിയവ കൂടിയാണ് അവരെ ആകര്‍ഷിക്കുന്നത്. കേരളത്തില്‍ ലോകോത്തരമായ സര്‍വകലാശാലകളോ ക്യാമ്പസുകളോ സ്ഥാപിച്ചാല്‍ പോലും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇവിടുത്തെ ആഭ്യന്തര വിപണിക്കാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ അധികൃതര്‍ക്കാകില്ല. മികച്ച അടിസ്ഥാന സൗകര്യമില്ലെങ്കില്‍ വിദ്യാഭ്യാസ രംഗത്തെ ഏത് പരിഷ്‌കരണവും പാഴ്‌വേലയാകും. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 0.53 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് നീക്കിവെക്കുന്നതെന്ന നിതി ആയോഗിന്റെ കണക്ക് ശ്രദ്ധേയമാണ്. ഇത്രമാത്രം പ്രാധാന്യമേ ഈ മേഖലക്ക് സര്‍ക്കാര്‍ നല്‍കുന്നുള്ളൂ.
സര്‍വകലാശാലകളുടെ ഗുണനിലവാരവും തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ ആവശ്യമാണ്. അല്ലാത്തപക്ഷം ബജറ്റ് പ്രഖ്യാപനം രാഷ്ട്രീയ മുദ്രാവാക്യമായി അവശേഷിക്കും. സിംഗപ്പൂര്‍, അയര്‍ലാന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങള്‍ കേരളത്തിന് പാഠമാകേണ്ടതുണ്ട്. ആദ്യം അവര്‍ സ്വന്തം സര്‍വകലാശാലകളെ ശക്തിപ്പെടുത്തുകയായിരുന്നു. ഗവേഷണ മേഖലയില്‍ വന്‍ നിക്ഷേപവും നടത്തി. ലോകോത്തര നിലവാരമുള്ള അധ്യാപകരെ നിയമിച്ചു. സര്‍വകലാശാലകളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു. പഠനം കഴിഞ്ഞ് പുറത്തു വരുന്നവര്‍ക്ക് മികച്ച തൊഴില്‍ ലഭിക്കുന്ന സാഹചര്യവും സൃഷ്ടിച്ചു. അതോടെയാണ് വിദേശ വിദ്യാര്‍ഥികള്‍ സ്വാഭാവികമായി അവിടങ്ങളിലേക്ക് എത്തിത്തുടങ്ങിയത്. വെറും പ്രഖ്യാപനം കൊണ്ടല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ കൊണ്ടാണ് അവര്‍ ലോകത്തെ ആകര്‍ഷിച്ചത്.
Content Highlights:
The annual budget aims to transform Kerala into a global higher education hub capable of attracting international students. However, reports like the Kerala Girl Students Migration Study show a massive yearly increase in local students moving abroad. To truly succeed, the state must address political interference in universities, modernize outdated curricula, and create viable local employment.




