Home rss national malayalam പുതിയ വാർത്ത ഗ്യാനേഷ് കുമാറിന്റെ ആ വാദവും പൊളിഞ്ഞു

ഗ്യാനേഷ് കുമാറിന്റെ ആ വാദവും പൊളിഞ്ഞു

4
0

Source :- SIRAJLIVE NEWS

എസ് ഐ ആറിന്റെ ഭാഗമായി ഫോറം ആറില്‍ വരുത്തിയ മാറ്റം സുപ്രീം കോടതി അംഗീകരിച്ചതാണെന്ന മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ വാദവും പൊളിഞ്ഞു. മാറ്റം വരുത്തിയ ഫോറം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകണമെന്നും ഫോറത്തില്‍ മാറ്റംവരുത്തിയത് ആരാണെന്നു തങ്ങള്‍ക്ക് അറിയണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുള്‍പ്പെട്ട ബഞ്ച് പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തന ശൈലിക്കും തീരുമാനങ്ങള്‍ക്കുമെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു മൂന്നംഗ ബഞ്ച് നിലപാട് വ്യക്തമാക്കിയത്.

പുതുതായി വോട്ടര്‍പ്പട്ടികയില്‍ ഇടം നേടാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും സമര്‍പ്പിക്കേണ്ട നിയപരമായ അപേക്ഷയാണ് ഫോറം-6. 1960ലെ “രജിസ്‌ട്രേഷന്‍ ഓഫ് ഇലക്‌ടേഴ്‌സ് റൂള്‍സ്’ അനുസരിച്ച് നിര്‍വചിക്കപ്പെട്ട ഈ ഫോറത്തില്‍ പൗരത്വം, പ്രായം, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ എസ് ഐ ആര്‍ നടപടികളുടെ മറവില്‍, വോട്ടര്‍മാര്‍ തങ്ങളുടെ മാതാപിതാക്കളുടെയോ മുത്തശ്ശി മുത്തശ്ശന്മാരുടെയോ പഴയ വോട്ടര്‍പ്പട്ടികാ രേഖകളും വിവരങ്ങളും നിര്‍ബന്ധമായി നല്‍കണമെന്ന അധിക നിബന്ധന കൂട്ടച്ചേര്‍ത്തു. ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ സി ഐ നെറ്റ് വഴി പുതിയ വോട്ടര്‍മാര്‍ അപേക്ഷ നല്‍കുമ്പോള്‍ പുതുതായി കൂട്ടിച്ചേര്‍ത്ത അധിക രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഫോറം ആറ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്ത വിധമാണ് സാങ്കേതികമായി മാറ്റം വരുത്തിയത്. ഇത് ലക്ഷക്കണക്കിനു യുവാക്കള്‍ക്കും ഗ്രാമീണര്‍ക്കും അരുവത്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും വോട്ട് നിഷേധിക്കാന്‍ ഇടയാക്കി.

ഇതിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നപ്പോള്‍, മേയിലെ ബിഹാര്‍ എസ് ഐ ആറുമായി ബന്ധപ്പെട്ട വിധിയില്‍ ഫോറം ആറ് സത്യവാങ്മൂലം സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന രീതിയിലാണ് സെപ്തംബര്‍ 26ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിറക്കിയത്. എന്നാല്‍ ബിഹാര്‍ വിധിക്കു ശേഷമാണ് പുതിയ ഫോറം ആറ് പുറത്തിറക്കിയതെന്നതിനാല്‍ സുപ്രീം കോടതിക്ക് ഈ വിഷയം പരിശോധിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്. മൂന്നംഗങ്ങള്‍ ചേര്‍ന്ന ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് തീരുമാനവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറും സഹകമ്മീഷണര്‍മാരും ചേര്‍ന്നുള്ള കൂട്ടായ കൂടിയാലോചനയിലൂടെയാകണം കൈക്കൊള്ളേണ്ടത്. എന്നാല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പലപ്പോഴും സഹകമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവിനെയും വിവേക് ജോഷിയെയും തഴഞ്ഞ് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു. ഇക്കാര്യം സിംഗ് സന്ധുവും വിവേക് ജോഷിയും തുറന്നു പറയുകയും ചെയ്തു. രാജ്യത്തെ മുഖ്യഭരണഘടനാ സ്ഥാപനത്തില്‍ അനിവാര്യമായും നടക്കേണ്ട ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് ഇടംനല്‍കാതെയും സഹപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞും ആര്‍ക്കുവേണ്ടിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്?

വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യുന്നത് ഭരണപരമായ നടപടിയെന്ന മട്ടില്‍ നിസ്സാരമായി കാണാനാകില്ല. ഒരാളുടെ രാഷ്ട്രീയ അസ്തിത്വമാണ് വോട്ടര്‍പ്പട്ടികയിലെ പേര് പ്രതിഫലിപ്പിക്കുന്നത്. വോട്ടവകാശം നഷ്ടപ്പെടുമ്പോള്‍ ആ വ്യക്തിയുടെ രാഷ്ട്രീയ അസ്തിത്വവും ശബ്ദവും നഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പേര് ചേര്‍ക്കുന്നതിനേക്കാള്‍ അത് നീക്കം ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടത്. എസ് ഐ ആറിന്റെ പേരില്‍ രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ ഗ്രാമീണര്‍, കുടിയേറ്റ തൊഴിലാളികള്‍, വയോധികര്‍ തുടങ്ങി രേഖകളുടെ അഭാവം നേരിടാന്‍ സാധ്യതയുള്ള വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്.

ജനനം തൊട്ടുള്ള എല്ലാ രേഖകളും കൈവശമുള്ളവര്‍ക്കും രേഖകള്‍ ശേഖരിക്കാന്‍ പ്രയാസമുള്ളവര്‍ക്കും ഒരേ മാനദണ്ഡങ്ങള്‍ പ്രയോഗിക്കുന്നത് നീതിയല്ല. രേഖകളുടെ അഭാവം പൗരന്റെ കുറ്റമല്ല. ഭരണസംവിധാനത്തിന്റെ പരാജയമാണ്. സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാന്‍ ചൂണ്ടിക്കാട്ടിയതുപോലെ, “വിദേശ ശക്തികളില്‍ നിന്ന് രാജ്യം നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് വോട്ടവകാശം. രാജ്യത്തെ ഒരു പൗരനില്‍ നിന്ന് വോട്ടവകാശമോ വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവകാശമോ എടുത്തു കളയാനാകില്ല. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പ്പെടുത്തുന്നതിനു തുല്യമാണത്.

വോട്ടവകാശം ഉള്ളവരും ഇല്ലാത്തവരും എന്ന തരത്തില്‍ രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്നത് അനീതിയും ഭരണഘടനാ വിരുദ്ധവുമാണ്. ഭരണഘടനയുടെ 326, 14 വകുപ്പുകളുടെ ലംഘനമാണത്’.
ടി എന്‍ ശേഷനെ പോലുള്ള പ്രഗത്ഭമതികള്‍ തങ്ങളുടെ നട്ടെല്ല് കൊണ്ട് കെട്ടിപ്പടുത്തതാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും. അത് കാത്തുസൂക്ഷിക്കാന്‍ എല്ലാ കമ്മീഷണര്‍മാരും ബാധ്യസ്ഥരാണ്. പൗരന്മാരുടെ അര്‍ഹമായ വോട്ടവകാശം നിഷേധിക്കുന്ന തരത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ തന്നിഷ്ടം പ്രവര്‍ത്തിച്ചത് നിലവിലുള്ള കമ്മീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുന്നു.

ജനവിശ്വാസം നഷ്ടപ്പെട്ട കമ്മീഷണര്‍ക്ക് സ്ഥാനത്ത് തുടരാന്‍ ധാര്‍മികമായും ഭരണഘടനാപരമായും അവകാശമില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നീതിപൂര്‍വകമായ അന്വേഷണം ഉറപ്പാക്കാന്‍ അദ്ദേഹം സ്ഥാനം മാറിക്കൊടുക്കുകയാണ് മാന്യത. സര്‍ക്കാര്‍ നിയന്ത്രിത വകുപ്പല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളതുമല്ല. ഭരണഘടനാപരമായി സ്ഥാപനത്തെ നയിക്കാന്‍ കെല്‍പ്പുറ്റവരും നട്ടെല്ലുള്ളവരുമാണ് അതിന്റെ തലപ്പത്ത് വരേണ്ടത്.

Content Highlights:
The Supreme Court clarified that it has not approved the changes made to Form 6 by the Chief Election Commissioner under the guise of SIR. The court questioned who altered the form without consensus, while critics argue these additional document rules unfairly deny voting rights to millions.