Home rss national malayalam പുതിയ വാർത്ത ജനങ്ങള്‍ക്കു വേണ്ടിയാകണം ആരോഗ്യനയം

ജനങ്ങള്‍ക്കു വേണ്ടിയാകണം ആരോഗ്യനയം

6
0

Source :- SIRAJLIVE NEWS

സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതിയായ ആരോഗ്യ ടാസ്‌ക് ഫോഴ്സിനെ സംബന്ധിച്ച വിവാദം കൊഴുക്കുകയാണ്. ടാസ്‌ക് ഫോഴ്സില്‍ ആരോഗ്യരംഗത്തെ സ്വകാര്യ നിക്ഷേപകര്‍ക്ക് വലിയ തോതില്‍ പ്രാതിനിധ്യം നല്‍കിയതും ആരോഗ്യ വിദഗ്ധര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാത്തതും അഴിമതി ആരോപണങ്ങള്‍ നേരിട്ടവരെ ഉള്‍പ്പെടുത്തിയതുമാണ് പ്രതിപക്ഷ വിമര്‍ശത്തിനു വഴിവെച്ചത്. ആരോഗ്യമേഖലയുടെ നയരൂപവത്കരണത്തില്‍ അപകടകരമായ കോര്‍പറേറ്റ് സ്വാധീനത്തിന് ഇത് വഴിവെക്കുമെന്ന് ആരോപിക്കപ്പെടുന്നു.

രോഗങ്ങള്‍ വന്നു ചികിത്സിക്കുന്നതിനു പകരം രോഗങ്ങള്‍ വരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുക, ആരോഗ്യകരമായ വാര്‍ധക്യം, അലോപ്പതി, ആയുര്‍വേദം തുടങ്ങിയ വ്യത്യസ്ത ചികിത്സാ രീതികളെ സംയോജിപ്പിച്ചുള്ള ആരോഗ്യ മാതൃക വികസിപ്പിക്കുക, രോഗികളുടെ ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമായി ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരിക (ഡിജിറ്റല്‍ ഹെല്‍ത്ത് സിസ്റ്റം) തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് 16 അംഗ ആരോഗ്യ ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ചത്. സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒരു മുന്‍കൂര്‍ കരുതല്‍ നടപടിയാണ് ഈ സംവിധാനമെന്നും ആഗോളതലത്തില്‍ തന്നെ അനുകരണീയമായ ഒരു പൊതുജനാരോഗ്യ മാതൃകയാണ് സംസ്ഥാനം ഇതുവഴി മുന്‍വെക്കുന്നതെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറയുന്നു.

എന്നാല്‍ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്വകാര്യ ആശുപത്രി, ലാബ് ഉടമകളാണ്. പൊതുജനാരോഗ്യ നയങ്ങള്‍ രൂപപ്പെടുത്തേണ്ട ഒരു സമിതിയില്‍ ഇവരുടെ സ്വാധീനം ആശങ്കക്കിടയാക്കുന്നു. സ്വകാര്യ മേഖലയിലെ വിദഗ്ധരുടെ സാന്നിധ്യം കണ്ണടച്ച് എതിര്‍ക്കപ്പെടേണ്ടതല്ല. അവരുടെ അറിവും പരിചയവും അനുഭവങ്ങളും ആരോഗ്യ നയരൂപവത്കരണത്തില്‍ പ്രയോജനപ്പെട്ടേക്കാം. ആധുനിക സാങ്കേതിക വിദ്യ, രോഗനിര്‍ണയ സംവിധാനങ്ങള്‍, ഗവേഷണം, ആശുപത്രികളുടെ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ അവരുടെ അനുഭവസമ്പത്ത് പരിഗണിക്കേണ്ടതുമാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ഉറപ്പാക്കുകയെന്ന സര്‍ക്കാര്‍ നയവും ചികിത്സാ മേഖലയില്‍ നിന്ന് ലാഭം നേടുകയെന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന സ്വകാര്യ ലോബികളുടെ നിലപാടും എങ്ങനെ ഒത്തുപോകുമെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

എപ്പോഴും ലാഭത്തിലാണ് സ്വകാര്യ മേഖലയുടെ കണ്ണ്. നയരൂപവത്കരണ സമിതികളില്‍ സ്വകാര്യ ഉടമകള്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തേക്കാള്‍ വലിയ ആശുപത്രികളുടെയും ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരുടെയും ബിസിനസ്സ് താത്പര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം ലഭിക്കുക. പ്രതിരോധ ചികിത്സയുടെയും പരിശോധനകളുടെയും പേരില്‍ വന്‍കിട ലാബുകളിലെ ടെസ്റ്റുകളുടെ സേവനം സാര്‍വത്രികമാക്കാന്‍ നിര്‍ദേശം നല്‍കിയാല്‍ സാധാരണക്കാരന്റെ പോക്കറ്റ് ചോരും. വന്‍കിട ക്ലിനിക്കല്‍ ശൃംഖലകള്‍ക്കും ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍ക്കും അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമ്പോള്‍, ഗ്രാമീണ മേഖലകളില്‍ കുറഞ്ഞ ചെലവില്‍ സേവനം നല്‍കുന്ന പ്രാദേശിക ഡോക്ടര്‍മാരും ക്ലിനിക്കുകളും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യും.

പൗരന്മാരുടെ രോഗവിവരങ്ങള്‍ ക്രോഡീകരിക്കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് സിസ്റ്റം എന്ന ടാസ്‌ക് ഫോഴ്സ് പദ്ധതി ഒറ്റനോട്ടത്തില്‍ ആകര്‍ഷണീയമാണ്. രോഗിയുടെ മുന്‍കാല ചികിത്സ, പരിശോധനാ ഫലങ്ങള്‍, മരുന്നുകളുടെ വിവരങ്ങള്‍ തുടങ്ങിയവ ആവശ്യമായ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കുന്നത് ചികിത്സയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ സഹായകമാകും. ആവര്‍ത്തിച്ചുള്ള ടെസ്റ്റുകള്‍ കുറയ്ക്കാനും അടിയന്തര ഘട്ടത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാനും ഇതുവഴി സാധിക്കും. എന്നാല്‍ ഈ ഡാറ്റ ചോര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. വ്യക്തികളുടെ രോഗവിവരങ്ങള്‍, പാരമ്പര്യ രോഗസാധ്യതകള്‍, ജീവശാസ്ത്രപരമായ ഡാറ്റ തുടങ്ങിയവ വന്‍കിട മരുന്നുകമ്പനികള്‍ക്കും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങള്‍ക്കും സ്വകാര്യ ഹോസ്പിറ്റല്‍ ഗ്രൂപ്പുകള്‍ക്കും ലഭിച്ചാല്‍ അത് വാണിജ്യപരമായി ചൂഷണം ചെയ്യാന്‍ ഇടയുണ്ട്.

ഒരു വ്യക്തിയുടെ ആരോഗ്യ ഡാറ്റ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കൈകളിലെത്തിയാല്‍ മുന്‍കാല രോഗങ്ങളുടെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട ആരോഗ്യ ഇന്‍ഷ്വറന്‍സ് ആനൂകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടേക്കാം. ഇന്ത്യയില്‍ ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ ഇന്നും വന്‍കിട കമ്പനികള്‍ക്ക് അനുകൂലമായ പഴുതുകളുള്ളതാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന സര്‍ക്കാറിന്റെ ഉറപ്പ് എത്രത്തോളം പാലിക്കാനാകുമെന്ന ചോദ്യം ഉത്തരം തേടുന്നു.

ജനങ്ങള്‍ക്കിടയില്‍ ഏറെ വിശ്വാസം നേടിക്കഴിഞ്ഞതാണ് നമ്മുടെ ആരോഗ്യരംഗം. കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെയും വികസന മാതൃകകളുടെയും മുന്‍നിരയിലാണ് പൊതുജനാരോഗ്യ സംവിധാനങ്ങള്‍. ഈ മാതൃകയും ജനവിശ്വാസവും നിലനിര്‍ത്തണമെങ്കില്‍ പുതിയ പദ്ധതിക്ക് സുതാര്യതയും സാമൂഹിക ഉത്തരവാദിത്വവും അനിവാര്യമാണ്. പൊതുജനാരോഗ്യത്തെ വിപണിയുടെ യുക്തിക്കും താത്പര്യങ്ങള്‍ക്കും വിട്ടുകൊടുക്കാതെ, ജനങ്ങളുടെ അവകാശമെന്ന, ഇക്കാലമത്രയും വെച്ചുപുലര്‍ത്തിയ നിലപാട് സംരക്ഷിക്കപ്പെടണം. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് പകരം മെഡിക്കല്‍ കോളജ് അധ്യാപകര്‍, ജനകീയ ആരോഗ്യപ്രവര്‍ത്തകര്‍, ആസൂത്രണ ബോര്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ക്കായിരിക്കണം ടാസ്‌ക് ഫോഴ്സില്‍ മുന്‍ഗണന. വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ അതിവേഗത്തില്‍ ഫയലുകള്‍ നീക്കിയാണ് ടാസ്‌ക് ഫോഴ്സ് രൂപവത്കരണമെന്നാണ് വിവരം. എന്താണ് നിയമസഭയിലും സമൂഹതലത്തിലും വേണ്ടത്ര ചര്‍ച്ച ചെയ്യാതെ ധൃതിപിടിച്ച് പദ്ധതി നടപ്പാക്കുന്നതിനു പിന്നിലെ താത്പര്യം? പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും നയരൂപവത്കരണത്തില്‍ പൊതുതാത്പര്യം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. ജനങ്ങള്‍ക്കു വേണ്ടിയാകണം ആരോഗ്യനയം; വിപണി വളര്‍ത്താനാകരുത്.