Home rss national malayalam പുതിയ വാർത്ത തുടര്‍ഭരണത്തില്‍ പാര്‍ട്ടിക്ക് അഹങ്കാരം കൂടിയെന്ന് തോമസ് ഐസക്; ഇക്കാലത്ത് നടത്തേണ്ട സ്വയം വിമര്‍ശനമെന്ന് ജി സുധാകരന്‍

തുടര്‍ഭരണത്തില്‍ പാര്‍ട്ടിക്ക് അഹങ്കാരം കൂടിയെന്ന് തോമസ് ഐസക്; ഇക്കാലത്ത് നടത്തേണ്ട സ്വയം വിമര്‍ശനമെന്ന് ജി സുധാകരന്‍

4
0

Source :- SIRAJLIVE NEWS

മലപ്പുറം |  പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്നും സഹകരണ ബേങ്കുകളിലെ അഴിമതി പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക് .ബിജെപി ഡീല്‍ എന്ന പ്രചാരണം ജനങ്ങള്‍ വിശ്വസിച്ചു. നമ്മുടെ ചില വര്‍ത്തമാനങ്ങള്‍ അത്തരം പ്രചാരണത്തെ സഹായിച്ചിട്ടുണ്ടെുന്നും തോമസ് ഐസക് പറഞ്ഞു. മലപ്പുറം വള്ളിക്കുന്നില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ യോഗത്തിലായിരുന്നു ഐസകിന്റെ പരാമര്‍ശം.

ആരെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പോയാല്‍ സൗകര്യം എന്നാണ് ഇപ്പോള്‍ കരുതുന്നത്. പിന്നെ അയാളുടെ ചോദ്യത്തിന് മറുപടി പറയേണ്ടല്ലോ. നമ്മള്‍ സത്യവിശ്വാസികള്‍ മാത്രം മതി എന്ന നിലപാടാണ്. ഇത് മനസിലാക്കി തിരുത്തണം. തിരുത്തിയാല്‍ മാത്രം പോരാ. നമ്മള്‍ അങ്ങനെ നന്നായെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം. മുന്‍കാലങ്ങളില്‍ എല്ലാം ഉണ്ടായതിനെക്കാള്‍ വലിയ തിരിച്ചടിയാണ് അഭിമുഖീകരിക്കുന്ന കാലമാണ് ഇത്.

സഹകരണബാങ്കില്‍ ആളുകള്‍ പണം ഇടുന്നത് പാര്‍ട്ടിയെ വിശ്വസിച്ചാണ്. ആ വിശ്വാസം കാത്തുസൂക്ഷിച്ചിട്ടാണോ പെരുമാറിയിട്ടുള്ളത്. ജനം നമ്മെ എഴുതിത്തള്ളിയിട്ടില്ല. വെറുത്തിട്ടുമില്ല. ഒരുഷോക്ക് ട്രീറ്റ്മെന്റ്. 2029ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നും തോമസ് ഐസക് പറഞ്ഞു

അതേ സമയം ഇക്കാലത്ത് നടത്തേണ്ട സ്വയം വിമര്‍ശനമാണ് തോമസ് ഐസക് നടത്തിയതെന്നും ഐസക് പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട മാത്രം കാര്യങ്ങളല്ലെന്നും പൊതുജനം അറിയേണ്ടതാണെന്നും ജി സുധാകരന്‍ എംഎല്‍എ പറഞ്ഞു. നേരത്തെ അദ്ദേഹം അത് ചെയ്തിരുന്നെങ്കില്‍ തന്നെ പോലുളളവര്‍ക്ക് പാര്‍ട്ടി വിടേണ്ടിവരില്ലായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.

ഒരു ചെറിയവിഭാഗത്തിന് സുഖമായി ജീവിക്കാനുള്ള ഉപാധിയായി സിപിഎം മാറി. ആലപ്പുഴയിലാണ് സിപിഎമ്മില്‍ ഒരുവിഭാഗം ഏറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അവരുടെ ആക്രമണകേന്ദ്രം താനായിരുന്നു. ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛനെ വിളിച്ചപ്പോള്‍ പിണറായി തിരുത്തിയില്ല. 2021ന് ശേഷം പിണറായി വേറെ രീതിയാണ് പിന്തുടരുന്നത്. അദ്ദേഹം പുതിയ പിണറായിയായി. തന്നെ ചെറ്റയെന്ന് വിളിച്ചില്ലേ?. അതിനൊന്നും താന്‍ മറുപടി പറയാന്‍ പോയില്ല. പാര്‍ട്ടി വിമര്‍ശനം നടത്താന്‍ അറിയുന്ന ഐസക് പോലും ആദ്യമായിട്ടാണ് പാര്‍ട്ടിക്കെതിരെ പരസ്യവിമര്‍ശനം നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Content Highlights: Senior CPM leader Thomas Isaac stated that party members became arrogant during the continued governance and cooperative bank corruption dented their image. Former minister G Sudhakaran endorsed Isaac remarks, calling it necessary self-criticism that the public needed to know. Sudhakaran added that such timely introspections could have prevented leaders like him from feeling alienated from party operations