Home rss national malayalam പുതിയ വാർത്ത നഗോയയിൽ മിടിക്കും, കായിക ഹൃദയം

നഗോയയിൽ മിടിക്കും, കായിക ഹൃദയം

4
0

Source :- SIRAJLIVE NEWS

നഗോയ | കിഴക്കൻ ആകാശത്ത് ജാപ്പനീസ് പാരമ്പര്യത്തിന്റെ സൂര്യൻ ഉദിച്ചുയർന്ന നിമിഷം, ഐചി നഗോയയുടെ മണ്ണ് വൻകരയുടെ കായികാവേശത്തിന് ഹൃദയതാളമായി മാറി. പലോമ മിസുഹോ സ്റ്റേഡിയത്തെ സാക്ഷിയാക്കി, ആധുനിക സാങ്കേതികവിദ്യയും കലയും ചേർന്നൊരുക്കിയ “ഹാർമോണിക് ഹാർട്ട് ബീറ്റ്’ എന്ന പ്രമേയത്തിൽ 2026 ഏഷ്യൻ ഗെയിംസിന് വർണാഭ തുടക്കം.

ഇന്ത്യൻ സമയം ഉച്ചക്ക് 2.30ന് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിൽ ഏഷ്യയിലെ 45 രാജ്യങ്ങളുടെ ഹൃദയമിടിപ്പുകൾ ഒന്നായ വേദിയിൽ, ഒളിമ്പ്യൻ മനു ഭാകറും കബഡി താരം പവൻ സെഹ്റാവത്തും ഉയർത്തിപ്പിടിച്ച ത്രിവർണ പതാകക്ക് പിന്നിൽ കനകസിംഹാസനം ലക്ഷ്യമിട്ട് ഇന്ത്യൻ കായികപ്പട അണിനിരന്നു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ ആദ്യം സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത് അഫ്ഗാനിസ്താൻ ടീം ആണ്. പിന്നാലെ ബംഗ്ലാദേശ്, ഫലസ്തീൻ ടീമുകളുമെത്തി. ആതിഥേയരായ ജപ്പാൻ ടീമാണ് അവസാനമായി എത്തിയത്.
വിസ്മയത്തുമ്പുകളിൽ കോർത്തുവെച്ച കബുകി നൃത്തച്ചുവടുകളും ആകാശത്ത് നക്ഷത്രക്കൂടാരമൊരുക്കിയ ഏഞ്ചൽ ഡ്രോണുകളുടെ പ്രകാശവിന്യാസവും ഉദ്ഘാടനച്ചടങ്ങിനെ അവിസ്മരണീയമാക്കി. വൻകരയുടെ കായിക സൗഹൃദത്തിന്റെ പ്രതീകമായി ഹൃദയാകൃതിയിൽ ഒരുക്കിയ പീഠത്തിൽ ഏഷ്യൻ ഗെയിംസിന്റെ ദീപശിഖ ജ്വലിച്ചുയർന്നു.
ജപ്പാൻ ചക്രവർത്തി നരുഹിതോ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചക്രവർത്തിയുടെ പത്‌നി മസാകോ രാജ്ഞി, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ശൈഖ് ജുവാൻ ബിൻ ഹമദ് അൽ താനി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. അടുത്ത മാസം നാല് വരെ നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ 45 രാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലധികം അത്‌ലറ്റുകൾ 43 കായിക വിഭാഗങ്ങളിലായി മാറ്റുരക്കുന്നുണ്ട്.

Content Highlights: The 2026 Asian Games began with a grand opening ceremony at the Paloma Mizuho Stadium in Nagoya, Japan. Manu Bhaker and Pawan Sehrawat led the Indian contingent during the march past. Emperor Naruhito officially inaugurated the games featuring over 10,000 athletes from 45 nations.