Source :- SIRAJLIVE NEWS
യമനിലെ ഹൂതി വിമതരും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സംയുക്ത സേനയും തമ്മിലുള്ള ഏറ്റമുട്ടലിന് മേഖലയിലെ പുതിയ സങ്കീര്‍ണ സാഹചര്യത്തില്‍ പല മാനങ്ങളുണ്ട്. യമനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ ദീര്‍ഘകാലമായി നടക്കുന്ന അധികാര വടംവലി സഊദിയുടെ ഇടപെടലോടെ തന്നെ അന്താരാഷ്ട്ര സ്വഭാവം കൈവരിച്ചിരുന്നുവെങ്കിലും ഇന്ന് കാണുന്നതരത്തില്‍ കുഴഞ്ഞുമറിഞ്ഞ ഭൗമ രാഷ്ട്രീയത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നില്ല. ഇപ്പോള്‍ അത് യമനിലെ പട്ടിണിയുടെയും പലായനത്തിന്റെയും ആത്യന്തിക നാശത്തിന്റെയും മാനുഷിക പ്രതിസന്ധി മാത്രമല്ല. മേഖലയിലെ സര്‍വ രാജ്യങ്ങളെയും ബാധിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയായി വളരുകയാണ്. ഇറാനെതിരെ ഇസ്‌റാഈലും അമേരിക്കയും തുടങ്ങിയ ഏകപക്ഷീയ ആക്രമണത്തിന്റെ തുടര്‍ച്ചയായി തന്നെയാണ് യമനിലെ പുതിയ സംഘര്‍ഷത്തെയും കാണേണ്ടത്. അതോടൊപ്പം പുതിയ സംഭവവികാസങ്ങളെ യമനിന്റെയും ഹൂതികളുടെയും കാഴ്ചപ്പാടിലൂടെയും വിലയിരുത്തേണ്ടിയിരിക്കുന്നു.
ഇറാന് നേരെ യു എസും ഇസ്‌റാഈലും ഏകപക്ഷീയ ആക്രമണം തുടങ്ങിയപ്പോള്‍ തന്നെ അത് മേഖലയിലാകെ സര്‍വനാശം വിതക്കുമെന്ന് ആശങ്കയുയര്‍ന്നതാണ്. ലബനാനിലേക്കും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിക്കുന്നതാണ് പിന്നെ കണ്ടത്. ഇറാനുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ വിജയം കണ്ടാലും പ്രതിസന്ധി അവസാനിക്കരുതെന്ന ദുഷ്ടലാക്കിലാണ് ഇസ്‌റാഈല്‍ ലബനാനിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. ഹോര്‍മുസില്‍ പിടിമുറുക്കിയ ഇറാനെ തകര്‍ക്കാന്‍ വന്‍ശക്തികളുടെ സഹായം തേടി സംഘര്‍ഷവ്യാപനത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ശ്രമിച്ചിരുന്നു. പക്ഷേ, മറ്റാരും സഹകരിക്കാത്തതിനാല്‍ ആ ഭീഷണിയൊഴിഞ്ഞു. അപ്പോഴും പ്രശ്‌നപരിഹാരത്തിന്റെ സാധ്യതകള്‍ അടയ്ക്കുന്നതരത്തിലുള്ള ഭീഷണികളാണ് ട്രംപ് മുഴക്കിയത്. അങ്ങേയറ്റത്തെ പ്രതിച്ഛായാ നഷ്ടങ്ങള്‍ക്കിടയിലും ട്രംപ് മുഴക്കുന്ന വീരവാദങ്ങള്‍ മേഖലയില്‍ സമാധാനം പുലരുന്നതിന് തടയിടുകയായിരുന്നു. ഇതോടെ ഹൂതികളെ ഇളക്കിവിടുകയെന്ന കുതന്ത്രം തന്നെ ഇറാന്‍ പുറത്തെടുത്തു. ഹൂതി- സഊദി സംഘര്‍ഷം അവസാനിപ്പിക്കണമെങ്കില്‍ ഇറാനും ഇസ്‌റാഈലും യു എസും ഉള്‍പ്പെട്ട തര്‍ക്കങ്ങളും കുതന്ത്രങ്ങളും അവസാനിപ്പിക്കണമെന്ന് ചുരുക്കം.
ചെങ്കടലിലെ നിര്‍ണായക സമുദ്രപാതയായ ബാബ് അല്‍ മന്ദബ് കടലിടുക്കിന്റെ തീരങ്ങള്‍ ഉള്‍പ്പെടെ, യമനിന്റെ ചെങ്കടല്‍ തീരപ്രദേശം ഭൂരിഭാഗവും പിടിച്ചെടുക്കാന്‍ ഹൂതി സേനക്ക് ഏതാനും ദിവസങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. തായിസ് നഗരത്തെ “മഖ’ തുറമുഖവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പാത വിച്ഛേദിക്കാനുള്ള നീക്കത്തോടെ ഈ മാസം മൂന്നിനാണ് ഈ ആക്രമണം ആരംഭിച്ചത്. 11ഓടെ മഖ, കടലിടുക്കിന്റെ കവാടത്തിലുള്ള മയ്യുന്‍ ദ്വീപ് എന്നിവ ഹൂതികളുടെ നിയന്ത്രണത്തിലായി. ഏകദേശം 2,100 ചതുരശ്ര മൈല്‍ പ്രദേശം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇവരിലേറെപ്പേരും അപകടകരമായ കടല്‍യാത്രയിലൂടെ ബോട്ടുകളില്‍ അയല്‍രാജ്യമായ ജിബൂട്ടിയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 2022 ഏപ്രിലില്‍ യു എൻ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷം യമന്‍ ആഭ്യന്തരയുദ്ധത്തിന്റെ മുന്നണിപ്പോരാട്ട മേഖലകളിലുണ്ടായ ഏറ്റവും വലിയ സായുധനീക്കമാണ് ഹൂതികളുടേത്. ഇതിനോട് സഊദി നടത്തിയ സൈനിക പ്രതികരണവും അതീവരൂക്ഷമായിരുന്നു.
ഹൂതികളുടെ പ്രധാന സഖ്യകക്ഷിയായ ഇറാന്‍, അമേരിക്കയുമായുള്ള സംഘര്‍ഷത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പുതിയ തന്ത്രമായാണ് ഈ ആക്രമണത്തെ ഭൂരിഭാഗം വിദഗ്ധരും വിലയിരുത്തുന്നത്. ആ വിലയിരുത്തലുകള്‍ തെറ്റല്ലെങ്കിലും അവ അപൂര്‍ണമാണ്. കൂടുതല്‍ പ്രസക്തമായ ചോദ്യം യമനിനെ സംബന്ധിച്ചിടത്തോളം ഈ ആക്രമണം എന്ത് അര്‍ഥമാക്കുന്നുവെന്നതാണ്. ഹൂതികളുടെ ഈ എടുത്തുചാട്ടം അവര്‍ക്ക് എന്താണ് നേടിക്കൊടുക്കുന്നത്? ഇറാനിന്റെ നിഴല്‍ കക്ഷിയല്ല, അവകാശപ്പെട്ട അധികാരം നേടാന്‍ സ്വന്തം നാട്ടില്‍ പോരാടുന്നവരാണ് തങ്ങളെന്ന ഹൂതികളുടെ അടിസ്ഥാനപരമായ നിലപാട് ഈ സംഘര്‍ഷത്തിനിടെ ഒലിച്ചുപോകുന്നില്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
2014ലാണ് പ്രസിഡന്റ്മന്‍സൂര്‍ ഹാദിയുടെ സര്‍ക്കാറില്‍ നിന്ന് ഹൂതികള്‍ തലസ്ഥാനമായ “സന്‍ആ’ പിടിച്ചെടുത്തത്. അതോടെ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. തുടര്‍ന്ന് വിമത വിഭാഗവും സഊദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മില്‍ ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പോരാട്ടം ദരിദ്രമായ ആ രാജ്യത്തുടനീളം ക്ഷാമവും നാശനഷ്ടങ്ങളും വിതച്ചു. എന്നാല്‍ 2022 മുതല്‍ ഈ സംഘര്‍ഷം വലിയൊരളവോളം ശാന്തമായി. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയുടെ ഭൂരിഭാഗവും ഹൂതികളുടെ നിയന്ത്രണത്തിലായപ്പോള്‍, തെക്കന്‍, കിഴക്കന്‍ ഭാഗങ്ങളില്‍ സഊദി പിന്തുണയുള്ള സേന ആധിപത്യം നിലനിര്‍ത്തിവരികയായിരുന്നു.
സൗദിയുടെ പിന്തുണയോടെ യമന്‍ സര്‍ക്കാര്‍ സേന സന്‍ആ വിമാനത്താവളത്തിലെ റണ്‍വേയില്‍ ജൂലൈ 13ന് നടത്തിയ ആക്രമണമാണ് പുതിയ സംഘര്‍ഷപരമ്പരക്ക് വഴിവെച്ചതെന്ന് ഹൂതികള്‍ അവകാശപ്പെടുന്നു. ഇറാനിലെ ഇസ്്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിലെ ഉദ്യോഗസ്ഥരുമായി വന്ന വിമാനത്തിന് ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുപറക്കേണ്ടി വന്നു. അന്ന് സഊദി അറേബ്യയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച ഹൂതികള്‍, മണിക്കൂറുകള്‍ക്കുള്ളില്‍ സഊദി നഗരമായ അബഹയിലെ വിമാനത്താവളം ആക്രമിക്കുകയും ഒരാഴ്ചക്ക് ശേഷം നാവിക ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഹൂതികള്‍ ബാബ് അല്‍ മന്ദബ് പിടിക്കുന്നതില്‍ വരെ എത്തിയത്.
ഇറാനുനേരെ യു എസും ഇസ്‌റാഈലും നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് മാര്‍ച്ചില്‍ തെഹ്റാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ, ഇറാനിന്റെ ഹോര്‍മുസ് ആധിപത്യത്തെ മറികടക്കാനുള്ള ബദല്‍ പാതയായി ബാബ് അല്‍ മന്ദബ് മാറുകയായിരുന്നു. ആ കടലിടുക്കില്‍ ഹൂതികള്‍ ആധിപത്യം സ്ഥാപിക്കുന്നതോടെ മറ്റൊരു ഹോര്‍മുസ് വിജയമാണ് ഇറാന് സമ്മാനിച്ചത്. ഇറാന് ഇത് നേടിക്കൊടുക്കുന്ന മേല്‍ക്കൈ ചില്ലറയല്ല. യു എസ്- ഇസ്‌റാഈല്‍ ആക്രമണത്തോട് ഇറാന്‍ പ്രതികരിച്ചത് അറബ് രാജ്യങ്ങളെ ആക്രമിച്ചുകൊണ്ടായിരുന്നുവല്ലോ. ആക്രമിക്കുന്നത് യു എസ് താവളങ്ങളാണ് എന്ന ന്യായം ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ അത് തൊണ്ടതൊടാതെ വിഴുങ്ങാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. ഗള്‍ഫ് മേഖല അശാന്ത ഭൂമിയാകുന്നതിനെ അവര്‍ തികച്ചും ആശങ്കയോടെയാണ് കണ്ടത്. എല്ലാ ഗള്‍ഫ് കൂട്ടായ്മകളും ഈ നീക്കങ്ങളെ തങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമായി തന്നെയാണ് വിലയിരുത്തിയത്. അത്‌കൊണ്ട് ബാബ് അല്‍ മന്ദബിലും സഊദി മേഖലയിലും യമനിലെ ഔദ്യോഗിക സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെയും ഇറാനിന്റെ കൗശലമായി മാത്രമേ വായിക്കപ്പെടുകയുള്ളൂ.
എന്നാല്‍ ഹൂതികള്‍ സ്വന്തം അനുയായികള്‍ക്ക് മുമ്പില്‍ മറ്റൊരു ആഖ്യാനമാണ് മുന്നോട്ടുവെക്കുന്നത്. യമനിലെ തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതില്‍ സഊദിയെ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് ഈ ആക്രമണമെന്നതാണ് ആ ആഖ്യാനം. രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍, ഹൂതിവിരുദ്ധ ശക്തികള്‍ക്ക് നല്‍കിയിരുന്ന പിന്തുണ യു എ ഇ പൂര്‍ണമായും പിന്‍വലിച്ചതോടെ ഹാദിയുടെ കൈയിലുള്ള സൈന്യം ദുര്‍ബലമായിരുന്നു. മേഖലയാകെ സംഘര്‍ഷഭരിതമാകുകയും സഊദി അറേബ്യയുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് തിരിയുകയും ചെയ്ത സാഹചര്യത്തില്‍, സംരക്ഷണമില്ലാതെ ഒറ്റപ്പെട്ട നിലയിലായിരുന്ന തീരദേശ യമന്‍ സേനയെ ആക്രമിക്കാനുള്ള ശരിയായ സമയമിതാണെന്ന് ഹൂതികള്‍ കണക്കാക്കിയെന്നാണ് അവരോട് അനുഭാവം പുലര്‍ത്തുന്നവര്‍ പറയുന്നത്. അന്താരാഷ്ട്ര താത്പര്യങ്ങളില്ല; പരമാധികാരവുമായി ബന്ധപ്പെട്ട നടപടിയാണ് “ബാബ് അല്‍ മന്ദബ് ഓപറേഷന്‍’ എന്നാണ് ഹൂതികളുടെ വാദം. 2023ല്‍, സഊദി അറേബ്യയും ഹൂതികളും തമ്മില്‍ സമഗ്ര വെടിനിര്‍ത്തല്‍ കരാറിനായി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇത് നടപ്പായിരുന്നെങ്കില്‍ ഹൂതി ഭരണകൂടത്തിന് മേലുള്ള സഊദിയുടെ നിയന്ത്രണങ്ങളും ഉപരോധങ്ങളും ഭാഗികമായെങ്കിലും നീങ്ങുമായിരുന്നു. എന്നാല്‍, ഗസ്സയിലെ ഇസ്‌റാഈല്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഹൂതികള്‍ ശക്തമാക്കിയതോടെ (2023ന്റെ അവസാനത്തിലും 2024ലും), ആ പദ്ധതി നടപ്പായില്ല. മൊത്തം സാഹചര്യങ്ങളും ഹൂതികളുടെ ആക്രമോത്സുകതയും കാരണം സഊദിക്ക് ചര്‍ച്ചാ മേശയിലേക്ക് വരാന്‍ പിന്നീട് സാധിച്ചുമില്ല. സഊദിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുന്ന രീതിയില്‍ യമനിനുള്ളിലെ സംഘര്‍ഷം വര്‍ധിപ്പിക്കുന്നത് റിയാദിനെ വീണ്ടും ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരാനുള്ള മാര്‍ഗമായി ഹൂതികള്‍ കാണുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സംഘര്‍ഷത്തില്‍ തത്കാലം ഇടപെടുന്നില്ലെന്ന് യു എസ് പ്രസിഡന്റ്ട്രംപ് പറഞ്ഞത് ഇറാന്റെ പ്രോക്‌സിയായി മാത്രം ഹൂതികളെ കാണാനാകില്ലെന്ന് ലോകം ചിന്തിക്കുന്നതിന്റെ തെളിവായി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.
പക്ഷേ, സമാധാനത്തിന്റെയും സഹകരണ രാഷ്ട്രീയത്തിന്റെയും പാത വശമില്ലാത്ത ഹൂതികള്‍ക്ക് തോക്കിന്‍മുനയിലൂടെയല്ലാതെ അധികാരം പിടിക്കാനോ നിലനിര്‍ത്താനോ സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. ഇപ്പോഴത്തെ ആക്രമണങ്ങള്‍ യമനില്‍ ഒരു സംയുക്ത ഭരണസംവിധാനം നിലവില്‍വരാനോ ആ ജനതക്ക് സമാധാനപൂര്‍ണമായ ജീവിതം സാധ്യമാക്കാനോ ഉപകരിക്കില്ലെന്ന് പറയുന്നത് അത്‌കൊണ്ടാണ്. അറേബ്യന്‍ ഉപദ്വീപിലെ നിര്‍ണായക പാത പിടിച്ചെടുക്കുന്നതും അവിടെ സഊദി കപ്പല്‍ ഗതാഗതം തടയുന്നതും, അവരുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ എന്തായാലും ശരി, ഇറാനിന്റെ കങ്കാണിയെന്ന പ്രതിച്ഛായ മാത്രമേ ഹൂതികള്‍ക്ക് ഉണ്ടാക്കുകയുള്ളൂ. സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും നിരന്തരമായ വ്യോമാക്രമണങ്ങള്‍ക്ക് യമന്‍ ജനതയെ ഇട്ടുകൊടുക്കുകയാണ് ഹൂതികള്‍. ഇത് അവര്‍ സ്വയം അവകാശപ്പെടുന്ന ദേശീയ ലക്ഷ്യങ്ങളെ പൊളിച്ചു കളയുന്നതാണ്. മേഖല സംഘര്‍ഷഭരിതമാകുന്നതിന്റെയും സഊദി പ്രതിസന്ധിയിലാകുന്നതിന്റെയും യഥാര്‍ഥ ഗുണഭോക്താക്കള്‍ യു എസും ഇറാനുമായിരിക്കും. ഈ രണ്ട് കക്ഷികളും പോരടിച്ചു നില്‍ക്കുമ്പോഴും ഇക്കാര്യത്തില്‍ ഒരേ താത്പര്യം പങ്കിടുന്നുവെന്നാണ് വിലയിരുത്തേണ്ടത്. അത്‌കൊണ്ട് ഹോര്‍മുസിലും ബാബ് അല്‍ മന്ദബിലും ഒരുമിച്ച് ആഗോള ഊര്‍ജ സഞ്ചാരത്തിന് വഴിയൊരുക്കുകയാണ് വേണ്ടത്. അതിന് അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഇടപെടണം. ഇറാനിനെതിരായ യു എസ്- ഇസ്‌റാഈല്‍ അതിക്രമം അവസാനിപ്പിക്കുകയും സമാധാന കരാര്‍ സാധ്യമാകുകയും വേണം. സമാന്തരമായി യമനിലെ ആഭ്യന്തര പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകളും നടക്കണം.




