Source :- SIRAJLIVE NEWS
കേവല അക്ഷരമാല പഠനത്തിന്റേതല്ല, മറിച്ച് മതേതര ബോധ്യങ്ങളുടെയും ജനാധിപത്യ കാഴ്ചപ്പാടുകളുടെയും ശക്തമായ അടിത്തറ കൂടിയാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം. ഈ സവിശേഷ പൈതൃകത്തെയും മതേതര താത്പര്യങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള യു ഡി എഫ് സര്‍ക്കാറിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കാലത്ത് പദ്ധതിയുടെ അപകടത്തെക്കുറിച്ച് വാചാലരാകുകയും വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ ശ്രമങ്ങള്‍ക്കെതിരെ ക്ഷോഭിക്കുകയും ചെയ്തവര്‍ തന്നെ, അധികാരത്തിലേറിയപ്പോള്‍ അതേ നയത്തിനു കീഴടങ്ങുന്നത് നീതികേടും സംസ്ഥാനം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച ആദര്‍ശങ്ങളോടുള്ള പുറംതിരിഞ്ഞു നില്‍പ്പുമാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം നയപരമായ സ്ഥിരതയും വിശ്വാസ്യതയും അനിവാര്യമാണ് ജനാധിപത്യത്തില്‍. ഒരു പദ്ധതി മതേതര വിരുദ്ധമാണെന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് മുന്നണിയുടെ നിലപാടെങ്കില്‍ ഭരണത്തിലേറിയ ശേഷവും അതേ നിലപാട് തുടരേണ്ടതുണ്ട്. സാമ്പത്തിക ബാധ്യതകളുടെ പേര് പറഞ്ഞും സാങ്കേതികത്വത്തിന്റെ വാലില്‍ തൂങ്ങിയും മലക്കം മറിച്ചിലിനെ ന്യായീകരിക്കാനുള്ള യു ഡി എഫ് നീക്കം കേരളത്തിന്റെ മതേതര താത്പര്യങ്ങളെ പണയപ്പെടുത്തലാണ്.
ദേശീയ വിദ്യാഭ്യാസ നയം-2020ന്റെ ചട്ടക്കൂടിനുള്ളില്‍ നടപ്പാക്കുന്ന പി എം ശ്രീ പദ്ധതി കേവലമൊരു സ്‌കൂള്‍ നവീകരണ പാക്കേജല്ല. ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും ആര്‍ എസ് എസിന്റെ ഹിന്ദുത്വ അജന്‍ഡക്ക് അനുസൃതമായി മാറ്റിയെഴുതാനുള്ള നീക്കത്തിന്റെ മുന്നോടിയാണ് പദ്ധതിയെന്ന് നേരത്തേ യു ഡി എഫ് തന്നെ ചൂണ്ടിക്കാണിച്ചതാണ്. പാഠ്യപദ്ധതി നിര്‍ണയം, മൂല്യനിര്‍ണയ രീതികള്‍, സ്‌കൂള്‍ മാനേജ്മെന്റ് എന്നിവയില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മേധാവിത്വം നല്‍കുന്നതാണ് പി എം ശ്രീ. രാജ്യത്തെ ബഹുമുഖ സംസ്‌കാരങ്ങളെ നിഷ്പ്രഭമാക്കി ഹിന്ദുത്വത്തില്‍ ഏകീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന, ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുന്ന കേരളത്തിന്റെ ഇന്നോളമുള്ള വിദ്യാഭ്യാസ ശൈലിയെ ഇത് തകിടം മറിക്കും. ജനാധിപത്യ സമൂഹത്തില്‍ മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് കുട്ടികള്‍ വളരേണ്ടത്. അതിനു വിരുദ്ധമായി വിദ്യാലയങ്ങളെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണ ശാലകളാകാന്‍ വിട്ടുകൊടുക്കുന്നത് വരും തലമുറയോട് കാണിക്കുന്ന അപരാധമാണ്.
സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിദ്യാഭ്യാസ വിഷയത്തില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി തങ്ങളുടെ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര ശ്രമം. സമഗ്രശിക്ഷാ അഭിയാന്‍ (എസ് എസ് എ) വഴിയുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ പി എം ശ്രീയില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുന്ന കേന്ദ്ര നിലപാട് തികച്ചും ജനാധിപത്യവിരുദ്ധവും ഫെഡറല്‍ നയങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്. എന്നാല്‍ ഇതിനു മുന്നില്‍ നട്ടെല്ല് വളക്കുകയല്ല, ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് കേരളത്തിലെ മതേതര ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് വസ്തുതയാണ്. ഇത് പരിഹരിക്കാന്‍ സംസ്ഥാനത്തിന്റെ ആത്മാഭിമാനവും വിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവവും പണയം വെക്കേണ്ടതുണ്ടോ? സാമ്പത്തിക പ്രതിസന്ധി താത്കാലികമാണ്. എന്നാല്‍ പി എം ശ്രീയിലൂടെ ഒരു തലമുറയുടെ ചിന്താഗതികളില്‍ സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ശാശ്വതവും പരിഹരിക്കാനാകാത്തതുമാണ്.
ഒരു തവണ ഒപ്പിട്ടു കഴിഞ്ഞാല്‍ സംസ്ഥാനത്തിന് അതില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ കഴിയില്ലെന്ന സാങ്കേതിക വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാറായതിനാല്‍ തങ്ങള്‍ക്ക് മറ്റു വഴികളില്ലെന്ന വാദം വസ്്തുതാപരമല്ല. മാത്രമല്ല നയങ്ങളെയും കരാറുകളെയും തിരുത്താനും ജനഹിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് വോട്ടര്‍മാര്‍ യു ഡി എഫിനെ അധികാരത്തിലേറ്റിയത്. സാങ്കേതികത്വത്തിന്റെ മറവില്‍ ഒളിച്ചോടുകയല്ല, നിയമപരമായും രാഷ്ട്രീയമായ ഇച്ഛാശക്തിയോടെയും സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്. മുന്‍ സര്‍ക്കാര്‍ പി എം ശ്രീയില്‍ ഒപ്പിട്ടുവെങ്കിലും അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയതായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ആ നിലപാടില്‍ പുതിയ സര്‍ക്കാറും ഉറച്ചു നില്‍ക്കണം.
കേന്ദ്ര സര്‍ക്കാറുമായി ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം സ്വീകരിക്കണമെന്നല്ല; സഹകരണ ഫെഡറലിസം ജനാധിപത്യത്തിന്റെ അനിവാര്യതയാണെങ്കിലും അതൊരു കീഴടങ്ങലാകരുത്. സംസ്ഥാനത്തിന്റെ അവകാശങ്ങളും പ്രത്യേകതകളും സംരക്ഷിച്ചു കൊണ്ടുള്ള സഹകരണമാണ് വേണ്ടത്. വിദ്യാഭ്യാസം പോലുള്ള നിര്‍ണായക വിഷയങ്ങളില്‍ സാമ്പത്തിക പ്രലോഭനങ്ങളുടെ അടിസ്ഥാനത്തിലല്ല, ദീര്‍ഘകാല സാമൂഹിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയായിരിക്കണം തീരുമാനങ്ങള്‍ എടുക്കാന്‍. ഇന്ത്യയെ മതേതര ജനാധിപത്യ റിപബ്ലിക്കായാണ് ഭരണഘടന നിര്‍വചിക്കുന്നത്. വിദ്യാഭ്യാസം ഈ മൂല്യങ്ങളെ തലമുറകളിലേക്ക് കൈമാറാനുള്ള ഏറ്റവും ശക്തമായ ഉപാധിയാണ്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മേഖല പി എം ശ്രീ പദ്ധതിയില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥിതിയില്‍ എത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ തന്നെയാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത്. ഒട്ടേറെ സാമൂഹികക്ഷേമ പദ്ധതികളും സൗജന്യങ്ങളും നല്‍കി വരുന്ന സംസ്ഥാന സര്‍ക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ കേന്ദ്രത്തിന് മുമ്പില്‍ ആദര്‍ശം പണയം വെക്കാതെ തന്നെ വിദ്യാഭ്യാസ മേഖലയെയും മുന്നോട്ട് കൊണ്ടുപോകാനാകും. ജനങ്ങളോട് നേരത്തേ ചെയ്ത വാഗ്ദാനം കണക്കിലെടുത്ത് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കേണ്ടിയിരിക്കുന്നു സര്‍ക്കാര്‍




