Home rss national malayalam പുതിയ വാർത്ത പി എസ് സി ചെയര്‍മാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി രാജേന്ദ്ര ആര്‍ലേക്കര്‍

പി എസ് സി ചെയര്‍മാനെ പുറത്താക്കണം; രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി രാജേന്ദ്ര ആര്‍ലേക്കര്‍

4
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം ആര്‍ ബൈജുവിനെ പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ശിപാര്‍ശ നല്‍കി ഗവര്‍ണര്‍ .ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ്, തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതിക്ക് ശിപാര്‍ശ സമര്‍പ്പിച്ചത്. പി എസ് സി ചെയര്‍മാനെതിരെ ഗവര്‍ണര്‍ ഇത്തരത്തില്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമാണ്.

പി എസ് സി ചെയര്‍മാനെയും, പി എസ് സിയിലെ മുഴുവന്‍ അംഗങ്ങളെയും പുറത്താക്കണമെന്ന് രാജേന്ദ്ര ആര്‍ലേക്കര്‍ ശിപാര്‍ശയില്‍ ആവശ്യപ്പെടുന്നു. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗുരുതരമായ കണ്ടെത്തലുകളുമുണ്ടെന്ന് ആര്‍ലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.പി എസ് സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി എസ് സി സെക്രട്ടറിയെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തി ഗവര്‍ണര്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. ആസൂത്രണ ബോര്‍ഡ് അടക്കമുള്ള പരീക്ഷാ ക്രമക്കേടില്‍ പിഎസ് സിക്കെതിരെ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് നിര്‍ദേശം പി എസ് സി ചെയര്‍മാനും അംഗങ്ങളും തള്ളിയിരുന്നു.

ഇടത് സംഘടനയില്‍ പെട്ടയാളെ നിയമിക്കാന്‍ എല്ലാ ചട്ടങ്ങളും കാറ്റില്‍പറത്തി എന്നാണ് പിഎസ്സിക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണം. 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയായിരുന്നു ക്രമക്കേട് നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍

അതേ സമയം പിഎസ്സി ചെയര്‍മാനെ നീക്കാനുള്ള ഗവര്‍ണറുടെ ശിപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി. ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധവും അധികാരദുര്‍വിനിയോഗവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. ഗവര്‍ണറുടെ ശിപാര്‍ശയെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണഘടനാ വ്യവസ്ഥകള്‍ മറികടന്ന് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.ഭരണഘടനയുടെ 316-ാം അനുച്ഛേദപ്രകാരമാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം നിയമിക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ആറുവര്‍ഷത്തെ കാലാവധിയാണുള്ളത്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ചെയര്‍മാനെയോ അംഗങ്ങളെയോ നീക്കണമെങ്കില്‍ 317-ാം അനുച്ഛേദത്തിലെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Governor Rajendra Arlekar recommended President Droupadi Murmu to remove Kerala PSC Chairman Dr MR Baiju and members over exam irregularities. This historic move follows a Crime Branch probe into recruitment fraud. Pinarayi Vijayan slammed the decision as unconstitutional under Article 317.