Home rss national malayalam പുതിയ വാർത്ത പ്രക്ഷോഭത്തെ തടയാന്‍ പുതിയ നീക്കം; ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലത്തില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി പോലീസ്

പ്രക്ഷോഭത്തെ തടയാന്‍ പുതിയ നീക്കം; ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലത്തില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി പോലീസ്

5
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജന്തര്‍മന്തിറിനെ ഡിനോട്ടിഫൈ ചെയ്തിരിക്കുകയാണ് ഡല്‍ഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും ധര്‍ണ്ണകള്‍ക്കുമായി മൂന്ന് പുതിയ സ്ഥലങ്ങള്‍ ഔദ്യോഗികമായി നിശ്ചയിച്ചു.

ഇതുവരെ പ്രതിഷേധ വേദിയായി പ്രവര്‍ത്തിച്ചിരുന്ന ഹൈ-സെക്യൂരിറ്റി സെന്‍ട്രല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തര്‍ ഇനി ഈ ആവശ്യത്തിനായി ഉപയോഗിക്കില്ല.രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കന്‍ ഡല്‍ഹിയിലെ സി ബി ഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധ സ്ഥലങ്ങള്‍.

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ ബ്ലോക്കായ ‘ഇന്ത്യാ’ സഖ്യവും രാഷ്ട്രീയ ആക്ഷേപഹാസ്യ കൂട്ടായ്മയായ സി ജെ പിയും സെന്‍ട്രല്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഈ തീരുമാനം.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ജന്തര്‍മന്തറിനെ പ്രതിഷേധ വേദിയായി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ അനുരാഗ് കുമാറാണ്.

‘സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജന്തര്‍മന്തറിനെ പ്രതിഷേധ വേദിയെന്ന പദവിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിനായി രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കന്‍ ഡെല്‍ഹിയിലെ സി ബി ഡി ഗ്രൗണ്ട് എന്നീ മൂന്ന് പുതിയ വേദികള്‍ നിശ്ചയിച്ചിട്ടുണ്ട്,’ ഉത്തരവില്‍ പറയുന്നു.

ഈ പുതിയ മൂന്ന് സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പിന്നീട് പ്രത്യേകം പുറത്തിറക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

Content Highlights: Delhi Police has officially removed Jantar Mantar as a designated protest venue based on a committee recommendation. Three alternative sites, including Ramlila Maidan, have been allocated for demonstrations. The opposition has strongly criticized this move as an attempt to suppress democratic protests.