Source :- SIRAJLIVE NEWS
പാറ്റ്ന | ബിഹാറിലെ വൈശാലി ജില്ലയിലുള്ള രാംപുര് ശ്യാംചന്ദ് ഗ്രാമത്തിന് സമീപം ഗംഗാ നദിയില് യാത്രക്കാരുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില് മരിച്ചവരുടെ എണ്ണം 14 ആയി. മരിച്ചവരില് സ്ത്രീകളും കുട്ടികളുമുണ്ട്.
രാഘോപൂര് പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം നടന്നത്. ആറുപേരെ ആശുപത്രിയില് പ്രവേശിപ്പിച്ചതായി സ്ഥലം എം എല് എയും രാഷ്ട്രീയ ജനതാദള് (ആര് ജെ ഡി) നേതാവുമായ തേജസ്വി യാദവ് അറിയിച്ചു. ഒരു വിരുന്നില് പങ്കെടുക്കാന് പോയി മടങ്ങിയവരാണ് ബോട്ടിലുണ്ടായിരുന്നത്.
അപകടത്തില് ജീവന് പൊലിഞ്ഞവരുടെ കുടുംബത്തിനും പരുക്കേറ്റവര്ക്കും പ്രധാനമന്ത്രിയുടെ ഓഫീസും ബിഹാര് മുഖ്യമന്ത്രിയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ദുരന്തത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കള്ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില് നിന്ന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്കും. പരുക്കേറ്റവര്ക്ക് 50,000 രൂപ വീതം നല്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മരണത്തില് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, മരിച്ചവരുടെ കുടുംബങ്ങള്ക്ക് നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്ത്തനങ്ങള് വേഗത്തിലാക്കാനും പരുക്കേറ്റവര്ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിര്ദേശം നല്കി.
ബോട്ട് ദുരന്തത്തില് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനും ദുഃഖം പ്രകടിപ്പിച്ചു. തന്റെ നിയമസഭാ മണ്ഡലത്തിലുണ്ടായ അപകടത്തില് തേജസ്വി യാദവും ദുഃഖം രേഖപ്പെടുത്തി. വൈശാലി ജില്ലാ മജിസ്ട്രേറ്റ് വര്ഷ സിംഗുമായി സംസാരിച്ചതായും ദുരിതാശ്വാസ-രക്ഷാപ്രവര്ത്തനങ്ങളും ചികിത്സാ നടപടികളും വേഗത്തിലാക്കാന് നിര്ദേശം നല്കിയതായും അദ്ദേഹം അറിയിച്ചു.
Content Highlights: At least 14 people, including children, lost their lives when an overloaded country boat capsized in the Ganga River in Bihar’s Vaishali district. Prime Minister Narendra Modi and state leaders expressed deep grief over the tragedy. Financial ex-gratia compensation was announced for the families of the deceased and the injured.



