Home LATEST NEWS malyalam പുതിയ വാർത്ത മധ്യകേരളത്തിൽ കനത്ത മഴ; കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; വീടുകളിൽ വെള്ളം കയറി

മധ്യകേരളത്തിൽ കനത്ത മഴ; കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; വീടുകളിൽ വെള്ളം കയറി

4
0

Source :- SIRAJLIVE NEWS

കോട്ടയം | സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയിൽ കനത്ത നാശനഷ്ടം (Heavy Rain Loss). കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ വെള്ളപ്പൊക്കവും ഉണ്ടായതോടെ ജനജീവിതം പൂർണമായും ദുസ്സഹമായി. കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ, പെരിങ്കുളം എന്നിവിടങ്ങളിൽ അർധരാത്രിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

പൂഞ്ഞാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ആളുകൾ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. മുൻ എം എൽ എ പി സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീടിന്റെ ഒന്നാം നില വരെ വെള്ളം കയറി. ഈരാറ്റുപേട്ട നഗരത്തിലും മൊയ്ദീൻ പള്ളി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായതോടെ പാല ഈരാറ്റുപേട്ട റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. പാലാ നഗരത്തിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.

ഈരാറ്റുപേട്ട നഗരത്തിൽ നിന്നുള്ള ദൃശ്യം

ഇടുക്കി ജില്ലയിൽ കുടയൂർ മല, ഏലപ്പാറ, വാഗമൺ കോലാഹലമേട്, തൊടുപുഴ കാഞ്ഞാർ, അടൂർമല എന്നിവിടങ്ങളിൽ ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഒരുവീട് പൂര്‍ണമായും മണ്ണിനടിയില്‍. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിക്കായാണ് തിരച്ചിൽ.  ഉപ്പുതറ മത്തായിപ്പാറയിൽ പോലീസ് ജീപ്പിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണെങ്കിലും പോലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചപ്പാത്തിൽ പത്തോളം വീടുകളിലും അമ്പലത്തിലും വെള്ളം കയറി.

പത്തനംതിട്ട ജില്ലയിൽ കോന്നി അരുവാപ്പുല്ലം നെല്ലിക്കാപ്പാറയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. സീതത്തോട് പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പുലർച്ചെ മുതൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കക്കാട്ടാർ, അച്ചൻകോവിലാർ, പമ്പയാർ എന്നിവടങ്ങളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വാഗമൺ റോഡിലും കെ കെ റോഡിലും പലയിടത്തും മണ്ണിടിഞ്ഞും വെള്ളം കയറിയും ഗതാഗതം നിരോധിച്ചു.

കോഴിക്കോട് ജില്ലയിൽ കനത്ത കാറ്റും മഴയും (Heavy Rain) തുടരുന്ന സാഹചര്യത്തിൽ വലിയ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് വിലങ്ങാട് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യുന്നുണ്ട്. മഴ കാരണം ജില്ലയുടെ പല ഭാഗങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

താമരശ്ശേരി പുതുപ്പാടിയിൽ ശക്തമായ മഴയെ തുടർന്ന് ഒരു വീടിന്റെ ചുറ്റുമതിൽ പൂർണമായും തകർന്നു വീണു. ജില്ലയിൽ അതിശക്തമായ മഴ കണക്കിലെടുത്ത് നിലവിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ തീരദേശ മേഖലകളിലും കടൽ അതീവ പ്രക്ഷുബ്ധമായി തുടരുകയാണ്. ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Content Highlights:
Widespread damage reported across Kottayam, Idukki, and Pathanamthitta due to heavy rainfall and severe landslides. Roads including Pala-Erattupetta were submerged, blocking overall traffic. A holiday was declared for educational institutions in Idukki, while search operations continue for a missing person.