Home rss business malayalam ‘മന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ശബരിക്ക് ആഗ്രഹമുണ്ടോ?’; ദിവ്യ എസ് അയ്യരുടെ രസകരമായ മറുപടി

‘മന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ശബരിക്ക് ആഗ്രഹമുണ്ടോ?’; ദിവ്യ എസ് അയ്യരുടെ രസകരമായ മറുപടി

4
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥന് മന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ ദിവ്യ എസ് അയ്യർ. തുടക്കത്തിൽ തങ്ങൾക്കായി ഒരുപാട് ലക്ഷ്യങ്ങൾ സ്വപ്നം കണ്ടിരുന്നെങ്കിലും പിന്നീട് ശബരീനാഥന്റെ ജീവിതരീതിയും കാഴ്ചപ്പാടുകളും വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയെന്ന് ദിവ്യ പറഞ്ഞു.

ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന്റെ ഓണപ്പരിപാടിയിൽ ഇരുവരും ഒന്നിച്ച് പങ്കെടുക്കുന്നതിനിടെയായിരുന്നു രസകരമായ സംഭാഷണം. ശബരീനാഥന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദിവ്യ തന്റെ അനുഭവം പങ്കുവെച്ചത്.

“സത്യം പറഞ്ഞാൽ, തുടക്കത്തിൽ എനിക്കും ശബരിക്കും വേണ്ടി ഒരുപാട് ലക്ഷ്യങ്ങൾ നെയ്തുകൂട്ടുന്ന വ്യക്തിയായിരുന്നു ഞാൻ. പൊതുവേ വലിയ ആഗ്രഹങ്ങളുള്ള ആളാണ്. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ശബരിയുടെ ജീവിതരീതിയും ജീവിതത്തോടുള്ള കാഴ്ചപ്പാടും ഏറെ വ്യത്യസ്തമാണെന്ന് മനസ്സിലായി. വളരെ സംതൃപ്തനായ ഒരാളാണ് ശബരി. വ്യക്തിജീവിതത്തിൽ നാളേക്കും മറ്റന്നാളേക്കും വേണ്ടി ഒരുപാട് പ്ലാൻ ചെയ്ത് പോകുന്നയാളല്ല. എന്റെ ലക്ഷ്യങ്ങൾ ശബരിയുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന തിരിച്ചറിവ് പിന്നീട് എനിക്കുണ്ടായി. അതിനുശേഷം എന്റെ കാര്യത്തിൽ മാത്രമാണ് അത്തരം ആഗ്രഹങ്ങൾ വയ്ക്കാറുള്ളത്,” ദിവ്യ പറഞ്ഞു.

ഭാര്യാ-ഭർത്തൃ ബന്ധം ഏതെങ്കിലും പ്രത്യേക മാതൃകയിൽ തന്നെ ആയിരിക്കണമെന്ന് ശാഠ്യം പിടിക്കാനാകില്ലെന്നും ശബരീനാഥൻ അഭിപ്രായപ്പെട്ടു. ഇന്നത്തെ തലമുറയുടെ ജീവിതരീതിയും കാഴ്ചപ്പാടുകളും ഏറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സീരിയലുകളിൽ കാണുന്നതോ മുൻതലമുറ കണ്ടുശീലിച്ചതോ അല്ല ഇന്നത്തെ കുടുംബബന്ധങ്ങളുടെ മാതൃകയെന്നും കാലത്തിനനുസരിച്ച് ബന്ധങ്ങളുടെ സമീപനങ്ങളിലും മാറ്റമുണ്ടായിട്ടുണ്ടെന്നും ശബരീനാഥൻ കൂട്ടിച്ചേർത്തു.

നിലവിൽ കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ് ദിവ്യ എസ് അയ്യർ. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് ഡയറക്ടർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ എന്നീ ചുമതലകളും അവർ വഹിക്കുന്നുണ്ട്.

അരുവിക്കര മുൻ എംഎൽഎയായ കെ.എസ്. ശബരീനാഥൻ നിലവിൽ തിരുവനന്തപുരം നഗരസഭയിലെ കവടിയാർ വാർഡിൽ കൗൺസിലറായി പ്രവർത്തിക്കുന്നു. 2017ലാണ് ദിവ്യ എസ് അയ്യരും ശബരീനാഥനും വിവാഹിതരായത്.