Source :- SIRAJLIVE NEWS
അബൂദബി| ഈ വർഷം ആദ്യ പാദത്തിൽ യു എ ഇ ഗവൺമെന്റിന്റെ മൊത്തം വരുമാനം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.8 ശതമാനം വർധിച്ച് 12,180 കോടി ദിർഹത്തിലെത്തിയതായി യു എ ഇ സെൻട്രൽ ബേങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 22.3 ശതമാനത്തോളം വരുമിത്.
നികുതി വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ മൂന്ന് ശതമാനം വളർച്ച രേഖപ്പെടുത്തി 7,750 കോടി ദിർഹമായി ഉയർന്നു. ഇത് ജി ഡി പിയുടെ 14.2 ശതമാനമാണ്. മറ്റ് വരുമാനങ്ങളിൽ അഞ്ച് ശതമാനം ഇടിവുണ്ടായി 3,920 കോടി ദിർഹമായെങ്കിലും, സാമൂഹിക സംഭാവനകളിൽ ഉണ്ടായ 19.5 ശതമാനം വർധന (500 കോടി ദിർഹം) ഈ കുറവ് നികത്താൻ സഹായിച്ചു.
അടിസ്ഥാന സൗകര്യങ്ങൾക്കും സാമൂഹിക ക്ഷേമപദ്ധതികൾക്കും ഉയർന്ന മുൻഗണന നൽകിയതിനെ തുടർന്ന് സർക്കാറിന്റെ പൊതുച്ചെലവുകളിൽ കാര്യമായ വർധനയുണ്ടായി. മൂലധനച്ചെലവുകൾ മുൻവർഷത്തെ ആദ്യ പാദത്തിലെ 200 കോടി ദിർഹത്തിൽനിന്ന് 1,860 കോടി ദിർഹമായി കുതിച്ചുയർന്നു. കുടുംബക്ഷേമ പദ്ധതികൾ ഉൾപ്പെടെയുള്ള സാമൂഹിക ആനുകൂല്യങ്ങൾക്കായുള്ള വിഹിതം 27.1 ശതമാനം ഉയർന്ന് 2,210 കോടി ദിർഹമായി.
ഇതോടെ മൊത്തം പൊതുച്ചെലവ് 22.8 ശതമാനം വർധിച്ച് 13,220 കോടി ദിർഹത്തിലെത്തി. മൂലധന വികസനത്തിലും ജനക്ഷേമത്തിലും സർക്കാർ ബോധപൂർവം നടത്തിയ നിക്ഷേപങ്ങളാണ് ചെലവ് ഉയരാൻ കാരണം. എണ്ണയിതര സ്വകാര്യ മേഖലയിലെ ബിസിനസ് പ്രവർത്തനങ്ങൾ ശക്തമായ വളർച്ചയിലാണ്. തൊഴിൽ വിപണിയിലും മികച്ച മുന്നേറ്റമാണ് പ്രകടമാകുന്നത്. സെൻട്രൽ ബാങ്കിന്റെ വേതന സംരക്ഷണ വ്യവസ്ഥയിൽ (ഡബ്ല്യു പി എസ്) രജിസ്റ്റർ ചെയ്ത ജീവനക്കാരുടെ എണ്ണത്തിൽ 2026 മാർച്ചിലെ കണക്കനുസരിച്ച് 11.2 ശതമാനത്തിന്റെ വാർഷിക വളർച്ച രേഖപ്പെടുത്തി.
Content Highlights:
UAE government revenue rose 0.8 percent to 121.8 billion dirhams in the first quarter, according to the UAE Central Bank. Tax revenues grew three percent, while capital expenditure and social benefits increased significantly. Employment registered under the Wage Protection System also grew by 11.2 percent.




