Source :- SIRAJLIVE NEWS
തിരുവനന്തപുരം | ചിറയിന്‍കീഴ് മണ്ഡലം യു ഡി എഫ് എം എല്‍ എ. രമ്യ ഹരിദാസും കോണ്‍ഗ്രസ്സ് നേതാക്കളും തമ്മിലുണ്ടായ അടിപിടി വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെ പി സി സി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു.
കെ പി സി സി മുന്‍ അധ്യക്ഷന്‍ എം എം ഹസന്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ പി സി സി ജനറല്‍ സെക്രട്ടറി രമണി പി നായര്‍, നെയ്യാറ്റിന്‍കര സനല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. വിഷയം ഗൗരവമായി കാണുന്നുവെന്നും സംഭവത്തില്‍ സംഘടനാ മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. തെറ്റുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈയാങ്കളിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എം എല്‍ എയെ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീയ കൈയേറ്റം ചെയ്യല്‍, എസ് സി എസ് ടി നിയമം തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, എം എല്‍ എയും ഒപ്പമുണ്ടായിരുന്ന പാളയം പ്രദീപും വീട് കയറി ആക്രമിച്ചെന്ന ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലത്തിന്റെയും മണ്ഡലം വൈസ് പ്രസിഡന്റ് സജാദിന്റെയും പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല.
Content Highlights: KPCC has ordered an inquiry into the conflict between Ramya Haridas MLA and local Congress leaders. The dispute erupted over a social media post regarding a block panchayat meeting. Police registered cases from both sides following accusations of physical assault.




