Home rss national malayalam പുതിയ വാർത്ത രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നികുതിപ്പണം വേണ്ട

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നികുതിപ്പണം വേണ്ട

5
0

Source :- SIRAJLIVE NEWS

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച പരസ്യങ്ങള്‍ രാഷ്ട്രീയ പ്രചാരണമാണെന്നു കണ്ടെത്തിയാണ് ന്യൂയോര്‍ക്ക് ജില്ലാ ജഡ്ജി ജെന്നിഫര്‍ എല്‍ റോക്കോണ്‍ പരസ്യങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്.

സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് പരസ്യം വഴി ജനങ്ങളെ അറിയിക്കുന്നത് തെറ്റല്ല. സര്‍ക്കാര്‍ ചികിത്സാ സൗകര്യങ്ങള്‍, കര്‍ഷക ആനുകൂല്യങ്ങള്‍, തൊഴിലവസരങ്ങള്‍, ആരോഗ്യ പ്രതിരോധ മാര്‍ഗങ്ങള്‍, പ്രകൃതിദുരന്ത മുന്നറിയിപ്പ്, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയ വിവരങ്ങള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കേണ്ടതുമാണ്. അമേരിക്കയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഇത്തരം പരസ്യങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ഭരണകൂടങ്ങള്‍ സഹസ്രകോടികള്‍ ചെലവിടുന്നുണ്ട്. ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി 2020-26 കാലയളവിലെ ആറ് വര്‍ഷത്തെ പരസ്യങ്ങള്‍ക്കായി ചെലവിട്ടത് 2,586 കോടി രൂപയാണെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു. ട്രംപിന്റെ പരസ്യങ്ങള്‍ക്ക് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നീക്കിവെച്ചത് 20 ദശലക്ഷം കോടി ഡോളറാണ് (ഏകദേശം പത്തൊമ്പത് ലക്ഷം കോടി രൂപ).

എന്നാല്‍ ന്യായമായ ആവശ്യങ്ങളുടെ മറവില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഭരണാധികാരിയുടെ രാഷ്ട്രീയ നേട്ടം ഉയര്‍ത്തിക്കാട്ടുകയും ഇത്തരം നേട്ടങ്ങളുടെയെല്ലാം ഏക അവകാശിയായി പ്രധാനമന്ത്രിയെയോ മുഖ്യമന്ത്രിയെയോ ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ നടപ്പായിക്കഴിഞ്ഞ നേട്ടമായി അവതരിപ്പിക്കുക, പരിമിതമായ ആളുകള്‍ക്ക് മാത്രമുള്ള പദ്ധതികളുടെ ഗുണഫലത്തെ സര്‍വജനക്ഷേമമായി ഉയര്‍ത്തിക്കാട്ടുക, കണക്കുകളിലെ അനുകൂലമായ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് പരസ്യപ്പെടുത്തുക തുടങ്ങിയ പ്രവണതയും കണ്ടുവരുന്നു. സര്‍ക്കാറുകളുടെ അവസാന കാലത്ത്, തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഇത്തരം പരസ്യങ്ങളുടെ കുത്തൊഴുക്കാണ്. പേജുകളിലും ടെലിവിഷന്‍ പരസ്യങ്ങളിലും ഭരണാധികാരികളുടെ ചിത്രങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അവിടെ ജനങ്ങളുടെ നികുതിപ്പണം രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ ഫണ്ടായി മാറുന്നു. പൊതുസേവനത്തെ വ്യക്തിപ്രഭാവം വളര്‍ത്താനുള്ള കുറുക്കുവഴിയായി ഉപയോഗപ്പെടുത്തുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ല. ജനങ്ങള്‍ക്ക് യഥാര്‍ഥ വിവരം, രാഷ്ട്രീയ താത്പര്യത്തിനതീതമായി ലഭ്യമാക്കുകയായിരിക്കണം പൊതുപണം ഉപയോഗിച്ചുള്ള പരസ്യത്തിന്റെ ലക്ഷ്യം.

ഒരു സംസ്ഥാനത്ത് നടപ്പാകുന്ന പദ്ധതികള്‍ മിക്കതും ഒരു സര്‍ക്കാറിന്റെ മാത്രം നേട്ടമാകണമെന്നില്ല. പലപ്പോഴും മുന്‍ സര്‍ക്കാര്‍ ആരംഭിച്ചതോ വിവിധ സര്‍ക്കാറുകളുടെ ഭരണകാലങ്ങളിലൂടെ വികസിപ്പിച്ചെടുത്തതോ ആയിരിക്കാം പല പദ്ധതികളും. ഇത്തരമൊരു പദ്ധതിയുടെ നേട്ടം ഏതെങ്കിലും ഒരു സര്‍ക്കാറില്‍ പരിമിതപ്പെടുത്തുന്നതും ഒരു ഭരണാധികാരിയുടെ വ്യക്തിപരമായ നേട്ടമായി അവതരിപ്പിക്കുന്നതും ചരിത്രത്തോടും മുന്‍ സര്‍ക്കാറിനോടുമുള്ള നീതികേടും വഞ്ചനയുമാണ്. ഭരണകക്ഷിയുടെ അനുയായികളില്‍ നിന്ന് മാത്രം പിരിച്ചെടുക്കുന്നതല്ല പൊതുഖജനാവിലെ പണം. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരുടെയും വിഹിതം ഉള്‍ക്കൊള്ളുന്നതാണ്. ഒരു കക്ഷിയുടെ രാഷ്ട്രീയ താത്പര്യത്തിനായി ഇത് ഉപയോഗപ്പെടുത്തുന്നത് അധാര്‍മികമാണ്.

അമേരിക്കയിലെ ഫെഡറല്‍ കോടതി വിധിയില്‍ വലിയ പാഠമുണ്ട്. പൊതുപണത്തിന്റെ ഉപയോഗത്തിന് ഭരണകൂടങ്ങള്‍ക്കുള്ള അധികാരത്തിന് പരിധിയുണ്ടെന്ന് അത് ചൂണ്ടിക്കാട്ടുന്നു. നിയമപരവും ധാര്‍മികതക്ക് വിരുദ്ധവുമല്ലാത്ത പരസ്യങ്ങള്‍ക്ക് മാത്രമേ പൊതുപണം വിനിയോഗിക്കാവൂ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പാവപ്പെട്ടവരുടെ ഉന്നതി, രാഷ്ട്ര പുരോഗതി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ജനങ്ങളില്‍ നിന്ന് പിടിച്ചുവാങ്ങുന്ന നികുതിപ്പണം വകമാറ്റി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നത് തികച്ചും അനീതിയാണ്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രതിഫലിക്കേണ്ടത് മാധ്യമ പരസ്യങ്ങളിലും പരസ്യ ബോര്‍ഡുകളിലുമല്ല; ജനജീവിതത്തിലാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും ആരോഗ്യരംഗത്തെ പ്രതിസന്ധിയും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഭരണത്തിന്റെ മികവ് അവകാശപ്പെടുന്ന പരസ്യങ്ങള്‍ക്ക് എന്തുപ്രസക്തി? അതിനായി നീക്കിവെക്കുന്ന പണം ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കട്ടെ.

ഇന്ത്യയില്‍ സുപ്രീം കോടതി, സര്‍ക്കാര്‍ പരസ്യങ്ങളിലെ രാഷ്ട്രീയ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 2015ലും 2016ലും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസ് പി സി ഘോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ചുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം, ഒരു ഭരണാധികാരിയുടെ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടാനോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായോ പൊതുഫണ്ട് ഉപയോഗിച്ച് പരസ്യം നല്‍കരുത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമോ വോട്ടെടുപ്പിനോടനുബന്ധിച്ചോ ഇത്തരം പരസ്യങ്ങള്‍ കര്‍ശനമായും തടയണം. പരസ്യങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍ എന്നിവരൊഴികെയുള്ള ഭരണാധികാരികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തരുത്. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മൂന്നംഗ മേല്‍നോട്ട സമിതിയെ നിയമിക്കേണ്ടതുമാണ്. കോടതി ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രായോഗികതലത്തില്‍ നടപ്പാകുന്നില്ല. ഉത്തരവിലെ പഴുതുകള്‍ കണ്ടെത്തി ഭരണകൂടങ്ങള്‍ അതിനെ മറികടന്നുകൊണ്ടിരിക്കുന്നു. പല സംസ്ഥാനങ്ങളിലും കോടതി നിര്‍ദേശിച്ച മേല്‍നോട്ട സമിതികള്‍ നിലവില്‍ വന്നിട്ടില്ല. നിലവിലുള്ളയിടങ്ങളില്‍ തന്നെ ഭരണകക്ഷിയുടെ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ഭരണകൂടങ്ങള്‍ സ്വയം മാറാതെ കോടതി ഉത്തരവ് കൊണ്ട് മാത്രം ഈ അനീതിയും പൊതുഫണ്ടിന്റെ ദുരുപയോഗവും തടയാനാകില്ല.