Source :- SIRAJLIVE NEWS

ദുബൈ | കരുതലും സ്നേഹവും നിറഞ്ഞ വേറിട്ട പരിപാടികളിലൂടെ ദുബൈയുടെ വളര്‍ച്ചക്കും വികസനത്തിനുമായി രാപ്പകല്‍ അധ്വാനിക്കുന്ന പ്രവാസി തൊഴിലാളികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് ദുബൈയില്‍ ബലിപെരുന്നാള്‍ ആഘോഷം. നിരവധി ബോളിവുഡ് താരങ്ങളുടെ സാന്നിധ്യവും വിവിധ രാജ്യങ്ങളുടെ കലാപ്രകടനങ്ങളും കൈനിറയെ സമ്മാനങ്ങളുമായി അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരുക്കിയ പ്രധാന വേദിയിലാണ് ആഘോഷങ്ങള്‍ അരങ്ങേറിയത്.

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്സും (ജി ഡി ആര്‍ എഫ് എ) ദുബൈ പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്സും സംയുക്തമായി സംഘടിപ്പിച്ച വിപുലമായ ഈദ് അല്‍ അസ്ഹ ആഘോഷങ്ങളില്‍ 1,27,000-ത്തിലധികം തൊഴിലാളികളാണ് പങ്കാളികളായത്.

പെരുന്നാളിന്റെ ആദ്യ രണ്ട് ദിവസങ്ങളിലായി നടന്ന നേരിട്ടുള്ള ആഘോഷങ്ങളില്‍ മാത്രം 55,000-ത്തിലധികം തൊഴിലാളികള്‍ പങ്കെടുത്തു. ദുബൈയിലെ വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന 31 ലേബര്‍ അക്കമൊഡേഷനുകളില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടികളില്‍ 51,000 തൊഴിലാളികള്‍ ആവേശത്തോടെ പങ്കാളികളായി. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവരെ കൂടി ആഘോഷത്തിന്റെ ഭാഗമാക്കാന്‍ ‘ബ്ലൂ കണക്ട്’ എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും സജ്ജമാക്കിയിരുന്നു. ഈ നൂതന വിര്‍ച്വല്‍ സംവിധാനത്തിലൂടെ 21,758 തൊഴിലാളികളാണ് ലൈവായി പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി നടത്തിയ മെഗാ നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായ തൊഴിലാളികള്‍ക്ക് നാല് കാറുകള്‍ അടക്കം 600ലധികം ആകര്‍ഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.