Home LATEST NEWS malyalam പുതിയ വാർത്ത വായന വലിയൊരു പുണ്യമാണ്

വായന വലിയൊരു പുണ്യമാണ്

4
0

Source :- SIRAJLIVE NEWS

അക്ഷരമെന്നാല്‍ നശിക്കാത്തത്. സമ്പത്തുകള്‍ നശിക്കും, അധികാരങ്ങള്‍ കൈവിടും, സൗന്ദര്യം മങ്ങും. എന്നാല്‍ അക്ഷരം മാത്രം കാലത്തെ അതിജീവിക്കുന്നു. അക്ഷരത്തെ നെഞ്ചേറ്റിയ ഒരു ജനതയും ചരിത്രത്തില്‍ പരാജയപ്പെട്ടിട്ടില്ല. വായനയിലൂടെ മാത്രമേ മാനവന് വളര്‍ച്ചയുള്ളൂ. ലോകം വളര്‍ന്നത് വായനയിലൂടെയാണ്. ലോകത്തെ വായിച്ചവരാണ് മഹാപ്രതിഭകളായത്. മനുഷ്യന്റെ വ്യക്തിത്വ രൂപവത്കരണത്തിലും വിജ്ഞാന സമ്പാദനത്തിലും ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഘടകമാണ് വായന. ലോകത്തിലെ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും പിന്നില്‍ ശക്തമായ വായനാ സംസ്‌കാരം നിലനിന്നിരുന്നു.

ഇന്നത്തെ തലമുറയില്‍ വായനാശീലം കുറയുന്നുവെന്നത് ശരിയാണ്. മൊബൈല്‍ ഫോണുകളും സാമൂഹിക മാധ്യമങ്ങളും യുവജനങ്ങളുടെ സമയം വലിയ തോതില്‍ കവര്‍ന്നെടുക്കുന്നു. എങ്കിലും അവിടെയും ഒരു വായനയുണ്ട്. കുട്ടികളില്‍ ചെറുപ്പം മുതല്‍ നല്ലതിനെ വായിക്കാനുള്ള ശീലം വളര്‍ത്തേണ്ടത് കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ഓരോ ദിവസവും കുറച്ച് സമയം വായനക്കായി മാറ്റിവെക്കുന്നത് ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. സോഷ്യല്‍ മീഡിയയിലെ ഉപരിപ്ലവ വിവരങ്ങളില്‍ ഒതുങ്ങാതെ ആഴത്തിലുള്ള അറിവ് നേടാന്‍ പുസ്തകങ്ങളെ ആശ്രയിക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വായനയുടെ രീതികള്‍ മാറ്റിയിട്ടുണ്ടെങ്കിലും വായനയുടെ മൂല്യം ഒട്ടും കുറഞ്ഞിട്ടില്ല.

ഇസ്‌ലാം അറിവിന്റെ മതമാണ്. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരാശിയോട് ആദ്യം നല്‍കിയ കല്‍പ്പന വായിക്കുക എന്നായത് യാദൃച്ഛികമല്ല. മനുഷ്യന്റെ ഉയര്‍ച്ചയും സംസ്‌കാരത്തിന്റെ പുരോഗതിയും അറിവിലൂടെയാണെന്നും അറിവിലേക്കുള്ള പ്രധാന കവാടം വായനയാണെന്നും ഇതിലൂടെ പ്രഖ്യാപിക്കുന്നു. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, ശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിജ്ഞാന ശാഖകളില്‍ മുസ്‌ലിം സമൂഹം ലോകത്തിന് മാതൃകയായത് ശക്തമായ വായനാ സംസ്‌കാരത്തിന്റെ ഫലമായിരുന്നു. വായന ബൗദ്ധിക പ്രവര്‍ത്തനം മാത്രമല്ല; ലക്ഷ്യത്തിനനുസരിച്ച് അത് ആരാധനയുടെ ഭാഗം കൂടിയാണ്. വായന പരീക്ഷാ വിജയത്തിനോ തൊഴില്‍ നേട്ടത്തിനോ വേണ്ടിയുള്ള ഉപകരണം മാത്രമല്ല. അത് സ്രഷ്ടാവിനെ കൂടുതല്‍ അറിയാനും സ്വന്തം ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കാനും സമൂഹത്തിന് ഉപകാരപ്പെടുന്ന വ്യക്തിയായി വളരാനുമുള്ള മാര്‍ഗമാണ്. വായന പുണ്യമായി ഏറ്റെടുത്ത മുസ്‌ലിം സമൂഹം വാനനിരീക്ഷണ കേന്ദ്രങ്ങളും പുതിയ ആരോഗ്യ ശാസ്ത്ര ശാഖകളുമെല്ലാം സൃഷ്ടിച്ചെടുത്തു.

കേരളത്തിലെ ശക്തമായ വായനാ സംസ്‌കാരത്തിനു പിന്നിലെ പ്രധാന പ്രചോദക ശക്തികളില്‍ ഒരാളാണ് പി എന്‍ പണിക്കര്‍. ഗ്രന്ഥശാലകളിലൂടെ പുസ്തക വായനയെ സാമൂഹിക പ്രസ്ഥാനമാക്കി വളര്‍ത്തിയ വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഇന്നും സ്മരിക്കപ്പെടുന്നു. വായനാ ദിനങ്ങള്‍ ആഘോഷിക്കുന്നതുകൊണ്ട് മാത്രം വായനാ സംസ്‌കാരം വളരില്ല. കുട്ടിയുടെ കൈയില്‍ പുസ്തകമെത്തണം, ഗ്രാമങ്ങളില്‍ ഗ്രന്ഥശാലകള്‍ സജീവമാകണം, വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത വായനാ സമയം ഉണ്ടാകണം. വായന ഒരു ആഘോഷമല്ല, ഒരു സാമൂഹിക ശീലമാണ്. ഒരു ജനതയുടെ ഭാവി നിര്‍ണയിക്കുന്നത് അവരുടെ വായനാ മുറികളാണ്.