Home rss national malayalam പുതിയ വാർത്ത വീണ്ടും യു എസ് പ്രതികാരച്ചുങ്കം; ഇന്ത്യ വിട്ടുവീഴ്ച ചെയ്യരുത്

വീണ്ടും യു എസ് പ്രതികാരച്ചുങ്കം; ഇന്ത്യ വിട്ടുവീഴ്ച ചെയ്യരുത്

3
0

Source :- SIRAJLIVE NEWS

അക്രമാസക്ത തീരുവനയവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. റഷ്യയില്‍ നിന്ന് ക്രൂഡും പ്രകൃതിവാതകവും വാങ്ങുന്നവര്‍ക്കു മേല്‍ നൂറ് ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് യു എസ് കഴിഞ്ഞ ദിവസം പാസ്സാക്കിയ ബില്ലില്‍ പറയുന്നത്. പശ്ചിമേഷ്യയില്‍ യു എസും ഇസ്‌റാഈലും സൃഷ്ടിച്ച സംഘര്‍ഷത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍ തടഞ്ഞതോടെ ആഗോള എണ്ണ വിപണി താറുമാറായിക്കിടക്കുകയാണ്. ഈ പ്രതിസന്ധിയില്‍ മിക്ക രാജ്യങ്ങളും നട്ടംതിരിയുമ്പോഴാണ് തീര്‍ത്തും ശത്രുതാപരമായ ഉപരോധ നീക്കവുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നത്. റഷ്യയുമായി സഹകരിക്കുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മേല്‍ അധിക തീരുവ ചുമത്താന്‍ അനുവദിക്കുന്ന ബില്ലിലാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്.

‘ലിന്‍ഡ്സെ ഒ ഗ്രഹാം സാംഗ്ഷനിംഗ് റഷ്യ ആന്‍ഡ് ഇറാന്‍ ആക്ട് ഓഫ് 2026′ എന്നാണ് ബില്ലിന്റെ പേര്. യുക്രൈനിന്റെ ഉറച്ച പിന്തുണക്കാരില്‍ ഒരാളായിരുന്ന, അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിന്റെ പേരിലാണ് ബില്ല്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക സ്രോതസ്സ് തടയുകയും ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക വിശദീകരിക്കുന്നത്. ഗ്ലോബല്‍ ട്രേഡ് ഇനീഷ്യേറ്റീവിന്റെ (ജി ടി ഇ) കണക്ക് പ്രകാരം 2026 സാമ്പത്തിക വര്‍ഷം റഷ്യയില്‍ നിന്ന് 40.8 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് ഇന്ത്യയുടെ മൊത്തത്തിലുള്ള ക്രൂഡ് ഇറക്കുമതിയുടെ 30.3 ശതമാനം വരും.

യു എസിന്റെ പുതിയ തീരുവ ഭീഷണിയുടെ ഒന്നാമത്തെ ഇര ഇന്ത്യയായിരിക്കുമെന്നാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ തോതിലുള്ള അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്. മുമ്പ് ലോക വ്യാപാര സംഘടനയുടെ നിബന്ധനകള്‍ പ്രകാരമുള്ള അടിസ്ഥാന നികുതികള്‍ മാത്രമാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു എസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ “അമേരിക്ക ഫസ്റ്റു’മായി ട്രംപിന്റെ രണ്ടാം ടേം തുടങ്ങിയതോടെ 2025 ഏപ്രിലില്‍ അധിക താരിഫ് പ്രഖ്യാപിച്ചു.

തുടര്‍ന്ന് ഇതില്‍ പലവിധ മാറ്റങ്ങള്‍ വരികയും 2025 ആഗസ്റ്റില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യക്ക് മേല്‍ വീണ്ടും വലിയ നികുതി ഭാരം ചുമത്തുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ താരിഫ് 50 ശതമാനത്തോളം ഉയര്‍ന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര കരാറുണ്ടാക്കാന്‍ ധാരണയിലെത്തുകയും നികുതി കുറയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ജൂലൈയില്‍, തൊഴില്‍ രംഗത്തെ ചില പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേല്‍ പ്രത്യേകം “സെക്്ഷന്‍ 301’ താരിഫ് യു എസ് ചുമത്തുകയുണ്ടായി. നിലവില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 10 ശതമാനം സെക്്ഷന്‍ 301 താരിഫും, സ്റ്റീല്‍, അലുമിനിയം മേഖലകളില്‍ 50 ശതമാനവും, ഓട്ടോ ഘടകങ്ങള്‍ക്ക് 25 ശതമാനവും നികുതി ഈടാക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, മരുന്നുകള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പുതിയ നിയമം നടപ്പായാല്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകും.

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന അമേരിക്ക നിരവധി കാര്യങ്ങളില്‍ മോസ്‌കോയുമായി കൈകോര്‍ക്കുന്നുവെന്നതാണ് വിരോധാഭാസം. റഷ്യയുമായി സഹകരിക്കുന്നതിന്റെ പേരില്‍ മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ അടിച്ചേല്‍പ്പിക്കുന്ന അമേരിക്ക, അതേ റഷ്യയില്‍ നിന്ന് ഊര്‍ജാവശ്യത്തിന് യുറേനിയം ഇറക്കുമതി ചെയ്യുന്നത് തുടരുകയാണ്. അമേരിക്കയുടെ ആണവോര്‍ജ വ്യവസായത്തിന് നിര്‍ണായകമായ കുറഞ്ഞ സാന്ദ്രതയുള്ള യുറേനിയം റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെ പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കിയെന്നതാണ് സുപ്രധാന ഇരട്ടത്താപ്പ്.

വേറെയും ഇരട്ടത്താപ്പുണ്ട് ട്രംപിന്റെ തീരുവനയത്തില്‍. ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യന്‍ ക്രൂഡ് വാങ്ങുന്നത് ചൈനയാണെങ്കിലും ഇന്ത്യക്ക് മേലാണ് യു എസ് കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നത്. ചൈനയുടെ പ്രതികരണം കടുത്തതാകുമെന്നതിനാല്‍ അവിടേക്ക് തീരുവ ബോംബുമായി ചെല്ലാന്‍ യു എസിന് പേടിയാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന്റെ പേരില്‍ കഴിഞ്ഞ വർഷം ആഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തിയപ്പോഴും ചൈനക്കെതിരെ അത്തരം നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഫെബ്രുവരിയില്‍ ധാരണയിലെത്തിയ നിര്‍ദിഷ്ട വ്യാപാര കരാറിന്റെ ഭാഗമായി ഡിജിറ്റല്‍ മേഖലയില്‍ അമേരിക്കയുടെ പല ആവശ്യങ്ങളും ഇന്ത്യ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്ന വിദേശ കമ്പനികള്‍ക്ക് 2047 വരെ നികുതിയിളവ് നല്‍കുമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ കമ്പനികളാണ് ഈ ഇളവിന്റെ ഗുണഭോക്താക്കള്‍. എന്നിട്ട് ഇന്ത്യക്ക് തിരിച്ചു കിട്ടുന്നതോ പ്രതികാരച്ചുങ്കവും വിസാ നിഷേധവും ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് കൈയാമവും.

യു എസിന്റെ പുതിയ ഉപരോധ- താരിഫ് ഭീഷണിയോട് ഇന്ത്യ ശക്തമായാണ് പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വിവിധ സ്രോതസ്സുകളില്‍ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യം തുടരുമെന്നും ഇന്ത്യ കൃത്യമായി അറിയിച്ചിട്ടുണ്ട്. ഒരു ബന്ധവും ഏകപക്ഷീയമല്ല. പരസ്പരാശ്രിതമാണ്. ഇന്ത്യന്‍ വിപണി യു എസിനും പ്രധാനമാണ്. ആ കരുത്ത് നാം കാണുക തന്നെ വേണം. ഇന്ത്യയുടെ നിര്‍ണായക വ്യാപാര പങ്കാളിയാണ് അമേരിക്കയെന്ന ഒറ്റക്കാര്യം മുന്‍നിര്‍ത്തി, നികുതി ഇളവുകള്‍ക്ക് വേണ്ടി ഇന്ത്യ തങ്ങളുടെ ഊര്‍ജ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ കയറ്റുമതിക്കായി മറ്റ് വിപണികള്‍ കണ്ടെത്തുക എന്ന തന്ത്രപരമായ നയത്തിലൂടെ മാത്രമേ ഇന്ത്യക്ക് ഈ വ്യാപാര യുദ്ധത്തെ പ്രതിരോധിക്കാന്‍ സാധിക്കൂ. ബ്രിക്‌സ് കൂട്ടായ്മയുടെ ശക്തി പുറത്തെടുക്കേണ്ട ഘട്ടമാണിത്.

Content Highlights:
US President Donald Trump signed the Lindsay O Graham Sanctioning Russia and Iran Act of 2026, imposing up to 100 percent tariffs on buyers of Russian crude and natural gas. The legislation directly impacts India, which sourced over 30 percent of its crude oil imports from Russia in fiscal year 2026. India responded firmly, asserting its commitment to national energy security and diverse fuel sourcing.