Source :- SIRAJLIVE NEWS

ആശങ്കാജനകമാണ് ജോലിക്കിടെ ഷോക്കേറ്റു മരിക്കുന്ന വൈദ്യുതി ജീവനക്കാരുടെ എണ്ണത്തിലെ വര്‍ധന. 2019-25 കാലത്തിനിടെ 98 ജീവനക്കാര്‍ ഷോക്കേറ്റു മരിച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. 274 പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും പലര്‍ക്കും അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ജനസംഖ്യാടിസ്ഥാനത്തില്‍ അപകടങ്ങളുടെ കണക്കെടുക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് കേരളത്തിലെ മരണനിരക്ക്.

സംസ്ഥാനത്ത് കാറ്റും മഴയും ശക്തിപ്പെട്ടു വരികയാണ്. മഴക്കാലത്ത് മരങ്ങള്‍ കടപുഴകിയും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുന്നതും ട്രാന്‍സ്ഫോര്‍മറുകള്‍ തകരാറിലാകുന്നതും പതിവു സംഭവം. വൈദ്യുതി തടസ്സപ്പെടുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്നും പലപ്പോഴും ജനപ്രതിനിധികളടക്കം ഉത്തരവാദപ്പെട്ടവരില്‍ നിന്നും കടുത്ത സമ്മര്‍ദം മൂലം അറ്റകുറ്റ പണികള്‍ക്കായി ജീവനക്കാര്‍ക്ക് അപകടകരമായ സാഹചര്യത്തിലേക്ക് ഇറങ്ങിത്തിരിക്കേണ്ടി വരും. വേഗത്തില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിനിടയില്‍ സുരക്ഷാ മുന്‍കരുതലുകളുടെ കാര്യം അവര്‍ അവഗണിക്കുകയോ അശ്രദ്ധാലുക്കളാകുകയോ ചെയ്യുന്നു. പലപ്പോഴും ഇതാണ് അപകടങ്ങള്‍ക്ക് കാരണം. ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്നതാണ് അപകടങ്ങളില്‍ ഏറെയും. സുരക്ഷാ ഉപകരണങ്ങളുടെ അപര്യാപ്തത, ജോലിക്ക് മുമ്പുള്ള സുരക്ഷാ പരിശോധനയിലെ വീഴ്ച, ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മൂലമുള്ള അമിതജോലി, പരിശീലനക്കുറവ് തുടങ്ങിയവയാണ് പലപ്പോഴും അപകടങ്ങളിലേക്ക് നയിക്കുന്നത്.

ഷോക്കേറ്റ് മരിച്ച 98 പേരില്‍ 54ഉം പരുക്കേറ്റവരില്‍ കൂടുതലും കരാര്‍ ജീവനക്കാരാണ്. സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന നിയമപരമായ പരിരക്ഷകളോ വ്യവസ്ഥാപിതമായ സുരക്ഷാ പരിശീലനങ്ങളോ ഇല്ലാത്തവര്‍. പരിചയക്കുറവ് കണക്കിലെടുക്കാതെയും ആവശ്യമായ രക്ഷാകവചങ്ങളില്ലാതെയുമാണ് കരാറുകാര്‍ പലപ്പോഴും ഇവരെ ജോലിക്ക് നിയോഗിക്കുന്നത്. കരാര്‍ ജോലികളില്‍ നിയോഗിക്കപ്പെടുന്ന തൊഴിലാളികളുടെ യോഗ്യത ഉറപ്പുവരുത്താന്‍ കര്‍ശന നടപടി ആവശ്യമാണ്. അപകടം സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുക മാത്രമല്ല, പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ കരാര്‍ ജോലിക്കാരുടെയടക്കം സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കെ എസ് ഇ ബിക്കുണ്ട്. ഒരേ അപകട സാധ്യത നേരിടുന്ന തൊഴിലാളികളുടെ കാര്യത്തില്‍ രണ്ട് തരം മാനദണ്ഡങ്ങള്‍ ശരിയല്ല. ജീവനക്കാരുടെ തൊഴില്‍പദവി നോക്കിയല്ല, മനുഷ്യജീവന്റെ മൂല്യം കണക്കിലെടുത്താണ് സുരക്ഷ ഉറപ്പാക്കേണ്ടത്.

കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും മതിയായ സുരക്ഷാ പരിശീലനവും തദടിസ്ഥാനത്തില്‍ ലൈസന്‍സും നിര്‍ബന്ധമാക്കേണ്ടതുണ്ട്. ലൈസന്‍സില്ലാത്തവരെ ഒരു കാരണവശാലും ഫീല്‍ഡ് ജോലിക്കായി നിയമിക്കരുത്. ജീവനക്കാര്‍ക്ക് നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളുടെ നിലവാരം ഉയര്‍ത്തുകയും വേണം. ഇതോടൊപ്പം ഫീല്‍ഡ് ജീവനക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മേലുദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സുരക്ഷാ മുന്‍കരുതല്‍ ഉറപ്പാക്കാതെ തൊഴിലാളികളെ പോസ്റ്റില്‍ കയറ്റുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളും വേണം.

സ്വാഭാവികമായും അപകടം നിറഞ്ഞതാണ് വൈദ്യുതി മേഖല. ഉയര്‍ന്ന വോള്‍ട്ടേജുള്ള ലൈനുകളിലെ ജോലിയും മഴയിലും കാറ്റത്തും ഉയരത്തിലുള്ള പോസ്റ്റുകളിലും ടവറുകളിലും നടത്തുന്ന അറ്റകുറ്റ പണികളും അപകട സാധ്യതയുള്ളവയാണ്. എങ്കിലും ആധുനിക സാങ്കേതിക വിദ്യകളും കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളും വിദഗ്ധ പരിശീലനവും മുഖേന പല രാജ്യങ്ങള്‍ക്കും ഈ മേഖലയില്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. മതിയായ സുരക്ഷാ ഉപകരണങ്ങള്‍, കാലാനുസൃത പരിശീലനം, സാങ്കേതിക നവീകരണം, മാനസിക സമ്മര്‍ദം കുറയ്ക്കുന്ന തൊഴില്‍ ക്രമീകരണം എന്നിവയിലൂടെ അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കെ എസ് ഇ ബിക്കും സാധിക്കേണ്ടതാണ്.

ഡിജിറ്റല്‍ സാക്ഷരതയിലും ആധുനിക ഇന്റര്‍നെറ്റ് ശൃംഖലയിലും കേരളം മുന്നിലാണെങ്കിലും വൈദ്യുതി മേഖലയിലെ സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണ മേഖല ആധുനികവത്കരിക്കപ്പെടുകയും വന്‍തോതില്‍ സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്തതോടെ, മനുഷ്യ ഇടപെടലുകള്‍ ഇല്ലാതെ സബ്സ്റ്റേഷനുകളില്‍ നിന്ന് തന്നെ ലൈനുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന സംവിധാനം നടപ്പായിട്ടുണ്ട്. ഇത് ഫീല്‍ഡ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സഹായകമാണ്.

ടവറുകളും പോസ്റ്റുകളും വഴി വൈദ്യുതി എത്തിക്കുന്ന നിലവിലെ ഓവര്‍ ഹെഡ്ലൈന്‍ രീതി ഒഴിവാക്കി വിതരണം ഭൂഗര്‍ഭ കേബിളുകള്‍ വഴിയാക്കുകയോ ഓവര്‍ ഹെഡ്ലൈന്‍ രീതിയില്‍ തന്നെ കവറില്ലാത്ത നഗ്‌നമായ അലൂമിനിയം കമ്പികള്‍ക്ക് പകരം എ ബി സി കേബിളുകള്‍ ഉപയോഗിക്കുകയോ ചെയ്താല്‍ ജീവനക്കാര്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ മാത്രമല്ല, കാറ്റിലും മഴയത്തും കമ്പി പൊട്ടിവീണ് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങളും ഒഴിവാക്കാനാകും. പ്ലാസ്റ്റിക് ഇന്‍സുലേഷന്‍ ചെയ്ത കേബിളുകള്‍ ഒന്നിച്ചുകെട്ടിയതാണ് എ ബി സി. ഇതില്‍ മരച്ചില്ലകള്‍ വീണാലും ജീവനക്കാര്‍ അറിയാതെ തൊട്ടാലും ഷോക്കേല്‍ക്കില്ല. ഈ രണ്ട് രീതികളും കെ എസ് ഇ ബി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും എത്രയും വേഗത്തില്‍ സംസ്ഥാന വ്യാപകമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതുണ്ട്.