Home rss national malayalam പുതിയ വാർത്ത സംസ്ഥാനങ്ങളെ ഇനിയും ദുർബലമാക്കണോ?

സംസ്ഥാനങ്ങളെ ഇനിയും ദുർബലമാക്കണോ?

5
0

Source :- SIRAJLIVE NEWS

വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലിമെന്റിന്റെ ഇരുസഭകളും പാസ്സാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ്ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവം തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിരവധി നയങ്ങളിലൊന്നാണ് ഈ ബില്ല്. അധികാര കേന്ദ്രീകരണ മാതൃക കൂടുതല്‍ വിശാലമായി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശമാണ് ഭരണഘടനാ വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ഉയര്‍ത്തുന്നത്. ഇന്ത്യയില്‍ ഖനന മേഖല നിയന്ത്രിക്കുന്നത് 1957ലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ആക്ട് പ്രകാരമാണ്.

ഈ നിയമപ്രകാരം, ലെവി ഏര്‍പ്പെടുത്തുന്നതിലടക്കം അതത് സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യവ്യാപകമായി ധാതു മേഖലയില്‍ ഏകീകൃതവും സന്തുലിതവുമായ നികുതി വ്യവസ്ഥ കൊണ്ടുവരുന്നതിനാണ് പുതിയ ഭേദഗതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. കേന്ദ്രം വെക്കുന്ന നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായല്ലാതെ, ധാതുക്കളുടെ അവകാശത്തിന്മേലും ധാതുക്കളടങ്ങിയ ഭൂമിയുടെ മേലും പുതിയ നികുതികള്‍ ചുമത്തുന്നതില്‍ നിന്ന് ഈ ബില്ല് സംസ്ഥാനങ്ങളെ വിലക്കുന്നു. ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് ശേഷം പോലും അപ്രതീക്ഷിതമായി പുതിയ നികുതികളും സെസ്സുകളും മറ്റ് ലെവികളും ഏര്‍പ്പെടുത്തുന്ന സ്ഥിതിയുണ്ടെന്നും ഇത് രാജ്യത്തിന്റെ വികസനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ധാതുക്കളുടെ ഖനനത്തില്‍ വലിയ അനിശ്ചിതാവസ്ഥയും വിലക്കയറ്റവും ഉണ്ടാക്കുന്നുവെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം.

സംസ്ഥാനങ്ങള്‍ക്കിടയില്‍ നികുതി അസമത്വം, നികുതിഭാരം കാരണം ഖനനം ലാഭകരമല്ലാതാകല്‍, അതുവഴി ഖനികള്‍ അടച്ചുപൂട്ടല്‍, സംരംഭകരുടെ പിന്‍വാങ്ങല്‍, ധാതു ഇറക്കുമതി അനിവാര്യമാകല്‍ തുടങ്ങിയ പ്രശ്‌നങ്ങളും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
1957ലെ നിയമത്തില്‍ നിര്‍ണായകമായ മാറ്റങ്ങളാണ് ഈ ബില്ല് വരുത്തുന്നത്. ധാതുക്കള്‍ അടങ്ങിയിട്ടുള്ള ഭൂമിയുടെ നിയന്ത്രണം ഇനി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചായിരിക്കുമെന്ന് യാതൊരു ചര്‍ച്ചയും കൂടാതെ കൊണ്ടുവന്ന ബില്ല് വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമത്തിലെ സെക്ഷന്‍ 9ഡി പ്രകാരം കല്‍ക്കരി അടക്കമുള്ള ധാതുക്കളുടെ അവകാശത്തിന്മേലോ ധാതു സമ്പന്നമായ ഭൂമിയിന്മേലോ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പുതിയ നികുതിയോ സെസ്സോ മറ്റ് ലെവികളോ ചുമത്താന്‍ കഴിയില്ല. ഈ ഭേദഗതി നിലവില്‍ വരുന്നതിന് മുമ്പ് സംസ്ഥാനങ്ങള്‍ പിരിച്ചെടുക്കാത്ത മുന്‍കാല നികുതികളും വാങ്ങാനാകില്ല. എന്നാല്‍, ഭേദഗതിക്ക് മുമ്പ് ഇതിനകം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചതോ കമ്പനികള്‍ അടച്ചതോ ആയ തുകകള്‍ തിരികെ നല്‍കേണ്ടതില്ല.

സംസ്ഥാനങ്ങളുടെ അധികാര മേഖലയിലുള്‍പ്പെട്ട വിഭവങ്ങള്‍ക്കുമേല്‍ നികുതി ചുമത്താനുള്ള അവരുടെ പരമാധികാരം കവര്‍ന്നെടുക്കുന്നതാണ് ഈ ബില്ല്. 2024 ജൂലൈയില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച ചരിത്രപരമായ ഭൂരിപക്ഷ വിധി മറികടക്കാനുള്ള നീക്കമാണിത്. ധാതുക്കളടങ്ങിയ ഭൂമിക്കും പ്രകൃതി വിഭവങ്ങള്‍ക്കും മേല്‍ നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം പരമോന്നത കോടതി ശരിവെച്ചതാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശത്തെ ദൃഢപ്പെടുത്തുന്നതായിരുന്നു ആ വിധി.

എന്നാല്‍, ഈ കോടതിവിധിയെ പൂര്‍ണമായും അസാധുവാക്കുകയാണ് ഭേദഗതി ബില്ല്. ഇത് ജുഡീഷ്യറിയുടെ അധികാരത്തെയും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സ്വാതന്ത്ര്യത്തെയും ഒരുപോലെ വെല്ലുവിളിക്കുന്നതാണ്. ഖനന മേഖലയെ ആശ്രയിച്ചു കഴിയുന്ന സംസ്ഥാനങ്ങളുടെ വരുമാനത്തെ ഈ ബില്ല് ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന്, ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളില്‍ നികുതിയേതര വരുമാനത്തിന്റെ 84.9 ശതമാനവും ലഭിക്കുന്നത് ഖനന മേഖലയില്‍ നിന്നാണ്. അതുപോലെ തമിഴ്നാട്, ഒഡിഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ നിന്ന് വലിയ തോതില്‍ വരുമാന വളര്‍ച്ച ലക്ഷ്യമിട്ടിരുന്നവരാണ്. പുതിയ നിയമത്തിലൂടെ പിരിച്ചെടുക്കാത്ത പഴയ നികുതി കുടിശ്ശികകളെപ്പോലും റദ്ദാക്കിക്കൊണ്ട് (ഏകദേശം രണ്ട് ലക്ഷം കോടി രൂപയോളം വരും ഇത്) കോര്‍പറേറ്റ് കമ്പനികള്‍ക്ക് കേന്ദ്രം പരവതാനി വിരിക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ ദരിദ്രമായി മാറുകയാണ് ചെയ്യുന്നത്.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നികുതി നിരക്കുകള്‍ വരുന്നത് ഖനന ചെലവ് കൂട്ടുമെന്നും അത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നുമാണല്ലോ കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ വിപണിയിലെ ഏകീകരണവും വിലക്കയറ്റ നിയന്ത്രണവും ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടഞ്ഞുകൊണ്ടാകരുത്. ഇന്ത്യ “സംസ്ഥാനങ്ങളുടെ യൂനിയന്‍’ ആണ്. സംസ്ഥാനങ്ങള്‍ ശക്തമായാല്‍ മാത്രമേ രാജ്യം ശക്തമാകൂ. ഈ ഭേദഗതി പുനഃപരിശോധിക്കാനും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.

ഈ ബില്ല് കോടതി കയറുമെന്നുറപ്പാണ്. സംസ്ഥാന സര്‍ക്കാറുകളുടെ ഭരണഘടനാപരമായ അവകാശം കവരുന്ന ബില്ലിനെതിരെ നിയമ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കിയതിന് പിറകേ ഝാര്‍ഖണ്ഡ് സര്‍ക്കാറും ഇതേ നിലപാടെടുത്തിരിക്കുന്നു. സംസ്ഥാന പട്ടികയിലെ 49ാം ഇനം അനുസരിച്ച്, കുഴിച്ചെടുക്കുന്ന ധാതുക്കളുടെ മൂല്യവും അളവുമുള്‍പ്പെടെ കണക്കാക്കി അതത് സംസ്ഥാനത്തിന് നികുതിയീടാക്കാം. 1957ലെ നിയമത്തില്‍ ഭേദഗതി വരുത്തിയതുകൊണ്ട് മാത്രം ഈ അധികാരം ഇല്ലാതാകില്ലെന്ന വാദമാകും കോടതിയില്‍ ഉയരുക.

Content Highlights:
The Parliament passed the Mines and Minerals Amendment Bill restricting state tax rights on mineral lands. Critics argue it undermines federalism and bypasses a historic Supreme Court 9-judge bench ruling. Opposition parties and states like Jharkhand plan legal action against the new law.