Home LATEST NEWS malyalam പുതിയ വാർത്ത സമസ്ത സ്ഥാപകദിനം: നൂറ്റാണ്ടിനിപ്പുറം വീണ്ടും വേദിയാകാൻ ടൗൺഹാൾ

സമസ്ത സ്ഥാപകദിനം: നൂറ്റാണ്ടിനിപ്പുറം വീണ്ടും വേദിയാകാൻ ടൗൺഹാൾ

4
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ഒരു നൂറ്റാണ്ടിനപ്പുറം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന മഹാ പ്രസ്ഥാനത്തിന് ഊടും ഉടലും നൽകിയ വർത്തമാനങ്ങളും ചർച്ചകളും കേട്ട ചുമരുകളാണത്. പറഞ്ഞുവരുന്നത് കോഴിക്കോട് ടൗൺഹാളിനെക്കുറിച്ച് തന്നെ. 1926ൽ സ മസ്ത രൂപവത്കരണത്തിന് സാക്ഷിയായ കോഴിക്കോട് ടൗൺ ഹാൾ തന്നെയാണ് നൂറ് വർഷങ്ങൾക്കിപ്പുറം നാളെ സമസ്തയുടെ 101ാം സ്ഥാപക ദിനത്തിനും വേദിയാകുന്നത്.

കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയിലേക്ക് കടന്നുകയറാനുള്ള ബിദ്ഈ ശ്രമങ്ങളെ തൂത്തെറിയുന്നതിന്റെ ഭാഗമായാണ് 1920കളിൽ അന്നത്തെ പണ്ഡിത നേതാക്കൾ സംഘടിക്കാൻ തീരുമാനിച്ചത്. വരയ്ക്കൽ അബ്ദുർറഹ്‌മാൻ ബാ അലവി മുല്ലക്കോയ തങ്ങളുടെയും മഹാപണ്ഡിതനും വാഗ്മിയും സാഹിത്യകാരനുമായിരുന്ന പാങ്ങിൽ അഹ്‌മദ്കുട്ടി മുസ്‌ലിയാരുടെയും പ്രമുഖ പണ്ഡിതൻ ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാതി നേതൃത്വത്തിലായിരുന്നു ചരിത്ര നീക്കം.

1925ൽ കോഴിക്കോട് കുറ്റിച്ചിറ ജുമുഅ മസ്ജിദിൽ സുന്നി പണ്ഡിതരും നേതാക്കളും ഒ ത്തുചേർന്നു. കെ പി മുഹമ്മദ് മീരാൻ മുസ്‌ലിയാർ പ്രസിഡന്റും പാറോൽ ഹുസൈൻ സെക്രട്ടറിയുമായ അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വന്നു. വിപുലമായ പണ്ഡിത യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു. പിന്നീടുള്ള ഒരു വർഷം വിശ്രമമില്ലാത്ത പ്രവർത്തനങ്ങളായിരുന്നു നേതാക്കൾക്ക്. ഒരു നൂറ്റാണ്ടിനപ്പുറം വാർത്താ വിനിമയ ബന്ധങ്ങളോ ഗതാഗത സൗകര്യങ്ങളോ ഒട്ടും അനുകൂലമല്ലാത്ത ഘട്ടത്തിലെ സംഘടനാ പ്രവർത്തനം. നാടിന്റെ ഉൾപ്രദേശങ്ങളിൽ മറ്റ് ബന്ധങ്ങളൊന്നുമില്ലാതെ ദർസ് നടത്തിക്കൊണ്ടിരിക്കുന്ന തലയെടുപ്പുള്ള പണ്ഡിതരുടെ അടുത്തെത്തി സുന്നികളുടെ സംഘടിതശക്തി നിലവിൽ വരേണ്ട കാര്യം നേതാക്കൾ അവരെ ബോധ്യപ്പെടുത്തി.

1926 ജൂൺ 26ന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പണ്ഡിതവര്യരും നേതാക്കളും ടൗൺ ഹാളിൽ ഒത്തുകൂടി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന മഹാ പ്രസ്ഥാനത്തിന് രൂപം നൽകി. കോഴിക്കോട് ഖാസി പുതിയങ്ങാടി സയ്യിദ് ശിഹാബുദ്ദീൻ ചെറുകുഞ്ഞിക്കോയ തങ്ങളായിരുന്നു അധ്യക്ഷൻ. വരയ്ക്കൽ സയ്യിദ് അബ്ദുർറഹ്മാൻ ബാ അലവി മുല്ലക്കോയ തങ്ങൾ പ്രസിഡന്റും പി വി മുഹമ്മദ് മുസ്‌ലിയാർ സെക്രട്ടറിയുമായി പ്രഥമ കമ്മിറ്റിയും രൂപവത്കരിച്ചു.
റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള കേന്ദ്രമെന്ന സൗകര്യം കൂടി പരിഗണിച്ചായിരുന്നു ടൗൺഹാൾ സമ്മേളനത്തിന് തിരഞ്ഞെടുത്തത്. ബ്രിട്ടീഷ് ഭരണത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 1891ൽ നിലവിൽ വന്ന ടൗൺഹാൾ ഒട്ടനവധി ചരിത്രസാക്ഷ്യങ്ങൾക്ക് വേദിയായിട്ടുണ്ട്. കേരള മുസ്‌ലിം സമൂഹത്തിന്റെ ആശയസഞ്ചാരമായി മാറിയ സമസ്തയുടെ നൂറാണ്ടിന്റെ ചരിത്ര പുസ്തകത്തിലും ഈ മഹാമന്ദിരത്തിന് ഗംഭീര സ്ഥാനമാണുള്ളത്.

Content Highlights: The historic Kozhikode Town Hall is set to host the 101st foundation day conference of Samastha Kerala Jamiyyathul Ulama. This iconic British-era structure is the exact venue where the prominent Sunni scholar organization was officially formed back on June 26, 1926. The event marks a century of the movement’s socio-religious and educational impact on Kerala society.