Source :- SIRAJLIVE NEWS
2026 നവംബറിലെ സി എ ഫൈനൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായുള്ള മോക്ക് ടെസ്റ്റ് പേപ്പർ സീരീസ് 1, സീരീസ് 2 എന്നിവയുടെ ഷെഡ്യൂൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) പുറത്തിറക്കി. ഈ മാസം പത്തിന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. ആദ്യ മോക്ക് ടെസ്റ്റ് പരമ്പര സെപ്തംബർ ഒന്പതിനും രണ്ടാമത്തെ പരമ്പര സെപ്തംബർ 23നും ആരംഭിക്കും. വിദ്യാർഥികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഫിസിക്കൽ, വെർച്വൽ മോഡുകളിൽ പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്.
ആദ്യ പരമ്പരയിലെ പരീക്ഷകൾ സെപ്തംബർ ഒന്പതിന് ഫിനാൻഷ്യൽ റിപോർട്ടിംഗോടെ ആരംഭിക്കും. തുടർന്ന് സെപ്തംബർ 11, 15, 17, 19, 21 തീയതികളിലായി അഡ്വാൻസ്ഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, അഡ്വാൻസ്ഡ് ഓഡിറ്റിംഗ് ആൻഡ് പ്രൊഫഷനൽ എത്തിക്സ്, ഡയറക്ട് ടാക്‌സ്, ഇൻഡയറക്ട് ടാക്‌സ്, ഇന്റഗ്രേറ്റഡ് ബിസിനസ്സ് സൊല്യൂഷൻസ് എന്നീ വിഷയങ്ങളുടെ പരീക്ഷകൾ നടക്കും. രണ്ടാമത്തെ പരമ്പര സെപ്തംബർ 23 മുതൽ ഒക്ടോബർ അഞ്ച് വരെ (സെപ്തംബർ 23, 26, 28, 30, ഒക്ടോബർ മൂന്ന്, അഞ്ച്) നടക്കും. എല്ലാ പരീക്ഷകളും ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.
പരീക്ഷാ ദിവസങ്ങളിൽ രാവിലെ 9.30ഓടെ ചോദ്യപേപ്പറുകൾ boslive.icai.org എന്ന പോർട്ടലിൽ ലഭ്യമാകും. പരീക്ഷ ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ഉത്തരസൂചികകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതാണ്. നവംബറിലെ മെയിൻ പരീക്ഷക്ക് മുന്നോടിയായി സ്വന്തം തയ്യാറെടുപ്പുകൾ വിലയിരുത്താൻ വിദ്യാർഥികൾക്ക് ഈ മോക്ക് ടെസ്റ്റുകൾ ഏറെ സഹായകരമാകും. ഫിസിക്കൽ മോഡിൽ പരീക്ഷ എഴുതാൻ താത്പര്യമുള്ളവർക്ക് അതത് പ്രദേശത്തെ ഐ സി എ ഐ ബ്രാഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.
Content Highlights:
ICAI announced the mock test series schedule for CA Final November 2026 exam candidates. Series 1 begins on September 9 and Series 2 starts on September 23. Question papers will be available on the official portal at 9:30 AM on exam days, with answer keys uploaded within 48 hours.



