Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സോണിയ ഗാന്ധിയുടെ ഏറെക്കാലമായി കാത്തിരിക്കുന്ന ഓർമ്മക്കുറിപ്പ് ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം പുറത്ത്. പുസ്തകത്തിന്റെ ഇന്ത്യയിലെ പ്രസാധകരായി ഹാർപ്പർകോളിൻസ് ഇന്ത്യയെ തെരഞ്ഞെടുത്തതായി ഔദ്യോഗികമായി അറിയിച്ചു. നവംബർ 10ന് പുസ്തകം ഇന്ത്യൻ വിപണിയിലെത്തും.
പുസ്തകത്തിന്റെ പ്രസാധകർ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആദ്യഘട്ടത്തിൽ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയും പിന്നീട് ഹാർപ്പർകോളിൻസും പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ചർച്ചകളിലുണ്ടായിരുന്നുവെങ്കിലും, ഒടുവിൽ ഹാർപ്പർകോളിൻസ് ഇന്ത്യയാണ് പ്രസിദ്ധീകരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
പ്രണയം, സ്വത്വം, കടമ, കുടുംബം തുടങ്ങിയ ജീവിതാനുഭവങ്ങളിലൂടെ സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തെയും രാഷ്ട്രീയ ജീവിതത്തെയും അടുത്തറിയാനുള്ള അവസരമാണ് ‘ബിലോങ്ങിംഗ്’ ഒരുക്കുന്നത്. ആധുനിക ഇന്ത്യയുടെ ചരിത്രപരമായ യാത്രയെക്കുറിച്ചുള്ള അപൂർവമായ വ്യക്തിപരമായ കാഴ്ചപ്പാടും പുസ്തകത്തിലുണ്ടാകുമെന്നാണ് പ്രസാധകർ വ്യക്തമാക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോയ സോണിയ ഗാന്ധിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത നിരവധി അധ്യായങ്ങൾ പുസ്തകത്തിലൂടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് വായനക്കാർ. അതുകൊണ്ടുതന്നെ സമകാലിക രാഷ്ട്രീയ ഓർമ്മക്കുറിപ്പുകളിൽ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൃതികളിലൊന്നായി ‘ബിലോങ്ങിംഗ്’ മാറിയിട്ടുണ്ട്.


